ബെംഗളൂരു: ഷിരൂരില് അര്ജുനായുള്ള തിരച്ചില് ഇന്നും തുടരും. ഈശ്വര് മാല്പെയടക്കം നാല് ഡൈവര്മാരുടെ നേതൃത്വത്തില് പുഴയിലെ തിരച്ചില് രാവിലെ 8 മണിക്ക് ആരംഭിക്കും. എന്ഡിആര്എഫും എസ്ഡിആര്എഫും ഗംഗാവാലി പുഴയില് എത്തും. ഇന്നലെ ജാക്കി കണ്ടെത്തിയ സ്ഥലത്തിന് ചുറ്റും ആകും ആദ്യഘട്ട തിരച്ചില്. ഇതിനുശേഷം സ്പോട്ട് മൂന്ന് നാല് എന്നിവിടങ്ങളിലേക്ക് തിരച്ചില് വ്യാപിപ്പിക്കും. നാവികസേന ഇന്നലെ എത്തിയില്ലെങ്കിലും ഇന്ന് എത്തുമെന്ന് അര്ജുന്റെ കുടുംബത്തിന് ജില്ലാ ഭരണകൂടം ഉറപ്പുനല്കിയിട്ടുണ്ട്.
അര്ജുന് അടക്കമുള്ളവരെ കണ്ടെത്താന് തിരച്ചില് പുനരാരംഭിച്ചതോടെ പ്രതീക്ഷയിലാണ് കുടുംബവും നാടും. ഈശ്വര് മാല്പെ ഇന്നലെ നടത്തിയ ഡൈവിങ് പരിശോധനയില് പുഴയുടെ അടിത്തട്ടില് നിന്നാണ് ലോറിയുടെ ഭാഗങ്ങള് കണ്ടെത്തിയത്. കണ്ടെത്തിയത് അര്ജുന്റെ ലോറിയുടെ ജാക്കി തന്നെയാണെന്ന് ഉടമ മനാഫ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഹൈഡ്രോളിക് ജാക്കിക്കൊപ്പം ടാങ്കര് ലോറിയുടെ രണ്ട് ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്.
പുഴയില് അടിയൊഴുക്ക് കുറഞ്ഞതോടെയാണ് തിരച്ചില് പുനരാരംഭിച്ചത്. ഒഴുക്ക് കുറഞ്ഞതോടെ മുങ്ങിത്താഴുമ്പോള് അടിഭാഗം കാണാനാകുന്നുണ്ട്. വെയിലുള്ള സമയത്ത് ഇറങ്ങാനായാല് കൂടുതല് ഇടങ്ങളില് പരിശോധന നടത്താനാകുമെന്നാണ് ഈശ്വര് മാല്പെ പറഞ്ഞത്.