വ്യാജ കാഫിർ സ്ക്രീൻഷോട്ട് വിഷയം; റിബേഷിനെ പിന്തുണച്ച് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി

വ്യാജ കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചവരെ കണ്ടെത്തണമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പിസി ഷൈജു ആവശ്യപ്പെട്ടു

dot image

കോഴിക്കോട്: വ്യാജ കാഫിർ സ്ക്രീൻഷോട്ട് വിഷയത്തിൽ റിബേഷിനെ പിന്തുണച്ച് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്ത്. റിബേഷ് അന്വേഷണത്തോട് സഹകരിക്കുകയാണ് ചെയ്തത്. ഏതു വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ് സ്ക്രീൻഷോട്ട് ലഭിച്ചതെന്ന് അറിയാത്തതുകൊണ്ടാണ് ഫോൺ പോലീസിന് കൈമാറിയത്. വ്യാജ കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചവരെ കണ്ടെത്തണമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പിസി ഷൈജു ആവശ്യപ്പെട്ടു. നിയമപരമായും സംഘടനാപരമായും പിന്തുണ നൽകുമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി വ്യക്തമാക്കി. വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചു.

വിവാദ കാഫിർ വ്യാജ സ്ക്രീൻ ഷോട്ട് നിർമ്മിക്കപ്പെട്ടത് യു ഡി എഫ് കേന്ദ്രങ്ങളിൽ തന്നെയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി വസീഫ് റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. അന്വേഷണം പൂർണതയിൽ എത്തുമ്പോൾ കാര്യങ്ങൾ വ്യക്തമാകും. അന്വേഷണത്തിന് വിധേയനായ ഡിവൈഎഫ്ഐ നേതാവ് തന്നെ മൊബൈൽ ഹാജരാക്കിയിട്ടുണ്ട്. അബദ്ധത്തിൽ ചില ഗ്രൂപ്പുകൾ പ്രചരിപ്പിച്ചിട്ടുണ്ടാകാം. പക്ഷേ ഇത് നിർമ്മിച്ചവരെയാണ് പിടിക്കേണ്ടതെന്നും വസീഫ് വ്യക്തമാക്കി.

വ്യാജ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ റിബേഷിനെതിരെ യൂത്ത് കോൺഗ്രസ് നേരത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഖിഫിലാണ് പരാതി നൽകിയത്. ഹൈക്കോടതിയിൽ പോലീസ് നൽകിയ റിപ്പോർട്ടിൽ റിബേഷ് കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതായി വ്യക്തമാക്കിയിരുന്നു. റിബേഷ് നടത്തിയത് വർഗീയ പ്രചാരണം ആണെന്നും സർവീസ് ചട്ടങ്ങളും ലംഘനമായതിനാൽ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം.

വടകരയിലെ 'കാഫിര്' വ്യാജ സ്ക്രീന്ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലെന്ന് പൊലീസ് നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. സ്ക്രീൻഷോട്ട് ആദ്യം ലഭിച്ചത് റെഡ് എന്കൗണ്ടര് വാട്സ് ആപ് ഗ്രൂപ്പിലാണ്. റെഡ് ബറ്റാലിയന് എന്ന വാട്സ് ആപ്പ് വഴിയും 'കാഫിര്' വ്യാജ സ്ക്രീന് ഷോട്ട് ലഭിച്ചെന്നും പൊലീസ് ഹൈക്കോടതിയില് നല്കിയ വിശദമായ റിപ്പോര്ട്ടില് ചൂണ്ടിക്കാണിച്ചിരുന്നു.

024 ഏപ്രിൽ 25ന് ഉച്ചക്ക് 2.13ന് റെഡ് എൻകൗണ്ടർ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. റബീഷ് എന്ന വ്യക്തിയാണ് ഇത് പോസ്റ്റ് ചെയ്തത്. ഏപ്രിൽ 25ന് ഉച്ചക്ക് 2.34ന് റെഡ് ബറ്റാലിയൻ വാട്സ്ആപ്പ് ഗ്രൂപ്പിലും സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തു. അമൽ റാം എന്ന വ്യക്തിയാണ് അവിടെ പോസ്റ്റ് ചെയ്തത്. അന്നേ ദിവസം വൈകിട്ട് മൂന്നിന് അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ സ്ക്രീൻഷോട്ട് പ്രചരിച്ചു. അതിൽ അഡ്മിൻ മനീഷ് ആണ് സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്. രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്ക്രീൻഷോട്ട് പ്രചരിച്ചു. അഡ്മിൻ അബ്ബാസ് ആണ് പോരാളി ഷാജി പേജിൽ ഇത് പോസ്റ്റ് ചെയ്തതെന്നും പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. റെഡ് എൻകൗണ്ടർ ഗ്രൂപ്പിൽ സ്ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്ത റബീഷിനെ ചോദ്യം ചെയ്തിരുന്നു. സ്ക്രീൻഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് ഇയാൾ പറഞ്ഞത്. പോരാളി ഷാജി പേജ് ഉടമ വഹാബ് അബ്ദുവിന്റെയും അമൽ റാം, റബീഷ്,മനീഷ് എന്നിവരുടെയും മൊബൈല് ഫോണ് പിടിച്ചെടുത്ത് വിദഗ്ധ പരിശോധനയ്ക്കയച്ചു. ശാസ്ത്രീയമായ അന്വേഷണം പുരോഗമിക്കുന്നുവെന്നും ഹൈക്കോടതിയില് വടകര പൊലീസ് അറിയിച്ചിരുന്നു.

വ്യാജ സ്ക്രീൻഷോട്ട് സംബന്ധിച്ച് ലീഗ് പ്രവര്ത്തകനായ പി കെ ഖാസിം നല്കിയ ഹര്ജി ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ സിംഗിള് ബെഞ്ചിന്റെ പരിഗണനയിലാണുള്ളത്. ഇന്നലെ കോടതി ഹർജി പരിഗണിച്ചിരുന്നു. കേസിലെ ഗൂഢാലോചന, വ്യാജ സ്ക്രീന് ഷോട്ട് എന്നിവയെക്കുറിച്ച് അന്വേഷിക്കാന് പൊലീസിന് നിര്ദ്ദേശം നല്കണമെന്നാണ് പി കെ ഖാസിം നല്കിയ ഹര്ജിയിലെ ആവശ്യം. കേസ് ഡയറി ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്നും റിപ്പോർട്ട് സമർപ്പിച്ച് പൊലീസ് ഇന്നലെ കോടതിയിൽ പറഞ്ഞിരുന്നു. കേസില് പികെ ഖാസിമിന് എതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നാണ് വടകര പൊലീസ് ഹൈക്കോടതിയില് നല്കിയ റിപ്പോര്ട്ട്. വ്യാജ സ്ക്രീന് ഷോട്ട് പോസ്റ്റ് ചെയ്തതും പ്രചരിപ്പിച്ചതും പി കെ ഖാസിമിന്റെ മൊബൈല് ഫോണില് നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല എന്ന് പൊലീസ് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

വടകരയിലെ 'കാഫിർ' സ്ക്രീൻ ഷോട്ട് വിവാദത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് പി കെ ഖാസിം നൽകിയ ഹർജിയിൽ വ്യാജ സ്ക്രീൻ ഷോട്ടിൻ്റെ ഇരയാണ് താനെന്ന വാദമാണ് പ്രധാനമായും ഉയർത്തിയത്. സംഭവത്തിൽ ഏപ്രിൽ 25ന് വടകര പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും ഹർജിയിൽ പറഞ്ഞു. 'കാഫിർ' സ്ക്രീൻ ഷോട്ട് വിവാദത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള് നേരത്തെ രംഗത്ത് വന്നിരുന്നു.സിപിഐഎം കേന്ദ്രങ്ങൾ വ്യാജമായി സൃഷ്ടിച്ച സ്ക്രീൻഷോട്ടുകൾ ആധാരമാക്കി കെ കെ ശൈലജ ഉന്നയിച്ച കാഫിർ പ്രയോഗം തരംതാഴ്ന്നതാണെന്നും വർഗീയവാദിയായി ചിത്രീകരിക്കുന്നത് സുഖകരമല്ലെന്നും വടകര എം പി ഷാഫി പറമ്പിലും നേരത്തെ പ്രതികരിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us