രാജ്യത്തെ ആദ്യ സമ്പൂര്ണ്ണ ഡിജിറ്റല് കോടതി കൊല്ലത്ത്

ഓണ്ലൈന് തര്ക്ക പരിഹാര കോടതിയുടെയും ഹൈക്കോടതിയിലെ മാതൃകാ ഡിജിറ്റല് കോടതി സംവിധാനത്തിന്റെയും ഉദ്ഘാടനം ചീഫ് ജസ്റ്റിസ് നിര്വ്വഹിക്കും.

ശ്യാം ദേവരാജ്
2 min read|15 Aug 2024, 12:03 pm
dot image

കൊച്ചി: രാജ്യത്തെ ആദ്യ സമ്പൂര്ണ്ണ ഡിജിറ്റല് കോടതി കൊല്ലത്ത് പ്രവര്ത്തനമാരംഭിക്കുന്നു. നെഗോഷ്യബിള് ഇന്സ്ട്രുമെന്റ് നിയമം അനുസരിച്ച് പ്രവര്ത്തിക്കുന്ന കോടതി വെള്ളിയാഴ്ച സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നേമുക്കാലിന് ഹൈക്കോടതി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. ഓണ്ലൈന് തര്ക്ക പരിഹാര കോടതിയുടെയും ഹൈക്കോടതിയിലെ മാതൃകാ ഡിജിറ്റല് കോടതി സംവിധാനത്തിന്റെയും ഉദ്ഘാടനം ചീഫ് ജസ്റ്റിസ് നിര്വ്വഹിക്കും.

നെഗോഷ്യബിള് ഇന്സ്ട്രുമെന്റ് നിയമപ്രകാരമുള്ള കേസുകളില് പരാതി നല്കുന്നതും പരിശോധിക്കുന്നതും രജിസ്റ്റര് ചെയ്യുന്നതും വക്കാലത്ത് നല്കുന്നതും മുതല് നോട്ടീസ് അയക്കുന്നതും ഓണ്ലൈനാകും. ഡിജിറ്റല് ഷെയറിംഗ് സംവിധാനം വഴിയാണ് സമന്സ് അയക്കുന്നതും പരാതിയുടെ പകര്പ്പ് എതിര് കക്ഷികള്ക്ക് കൈമാറുന്നതും. ഇതിനായി തപാല് വകുപ്പിന്റെ ഇ പോസ്റ്റുമായും സംസ്ഥാന പൊലീസിന്റെ ഇ കോപ്സുമായും ധാരണയുണ്ടാക്കി. കേസുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഡിജിറ്റല് ആയി പൂര്ത്തിയാക്കും.

അഭിഭാഷകരും കക്ഷികളും ഹാജരാകുന്നതും ഓണ്ലൈനിലാകും. കക്ഷികള് സമയം നഷ്ടപ്പെടുത്തി നേരിട്ട് കോടതിയില് ഹാജരാകേണ്ടതില്ലെന്നതാണ് ഏറ്റവും വലിയ സൗകര്യം. ജാമ്യാപേക്ഷകളും ഓണ്ലൈനായി പരിഗണിക്കും. ജാമ്യാപേക്ഷയ്ക്കൊപ്പം നല്കുന്ന രേഖകള് ഓണ്ലൈനായി നല്കണം. തെളിവുകള് പരിഗണിക്കുന്നതും വാദവും വിധി പറയുന്നതും ഓണ്ലൈനിലാണ്. വിധിന്യായത്തിന്റെ പകര്പ്പ് ഉള്പ്പടെയുള്ള രേഖകള് ഡിജിറ്റല് സിഗ്നേച്ചര് ഉപയോഗിച്ച് ഒപ്പിട്ട് ഓണ്ലൈനില് നല്കും. ഒപ്പിനായി ഡിജിറ്റല് സിഗ്നേച്ചറോ ആധാര് അടിസ്ഥാനമാക്കിയുള്ള ഇ സിഗ്നേച്ചറോ ഉപയോഗിക്കാം.

പദ്ധതിയില് ബാങ്കുകള് ഉള്പ്പടെയുള്ള സംവിധാനങ്ങളെയും ഭരണ വകുപ്പുകളെയും ഉള്പ്പെടുത്തും. ബാങ്ക് സ്റ്റേറ്റ്മെന്റ് തെളിവായി സ്വീകരിക്കേണ്ടതുണ്ടെങ്കില് ബന്ധപ്പെട്ട ബാങ്കുകള് രേഖകള് ഓണ്ലൈനായി കൈമാറും. സ്വന്തം കേസ് രേഖകള് പരിശോധിക്കാന് അഭിഭാഷകര്ക്കും കക്ഷികള്ക്കും 24 മണിക്കൂറും ഇതുവഴി സൗകര്യമൊരുങ്ങും. ഇ മെയില്, മൊബൈല് ഫോണ് നമ്പര്, മേല്വിലാസം തുടങ്ങിയവ സംവിധാനത്തില് ഉള്പ്പെടുത്തും.

ഓണ്ലൈന് തര്ക്ക പരിഹാര സംവിധാനവും ചീഫ് ജസ്റ്റിസ് ഉദ്ഘാടനം ചെയ്യും. കാര്യക്ഷമത വര്ദ്ധിപ്പിക്കാനും സാധാരണക്കാര്ക്ക് എളുപ്പം സമീപിക്കാനും സുതാര്യത ഉറപ്പുവരുത്താനും കഴിയുന്നതാണ് ഡിജിറ്റല് കോടതിയായി പരിഗണിക്കുന്ന ഓണ്ലൈന് തര്ക്ക പരിഹാര സംവിധാനം. We-Solv Virtual Solution Maker എന്ന സംവിധാനമാണ് ഓണ്ലൈന് തര്ക്ക പരിഹാര സംവിധാനത്തിനുള്ള പ്ലാറ്റ്ഫോമായി ഉപയോഗിക്കുന്നത്. ആദ്യ ഘട്ടത്തില് വാഹനാപകട കേസുകള് പരിഗണിക്കുന്ന ട്രൈബ്യൂണലുകളാണ് പൂര്ണ്ണമായും ഓണ്ലൈന് തര്ക്ക പരിഹാര സംവിധാനത്തിലേക്ക് ആദ്യം മാറുന്നത്. പിന്നാലെ മറ്റ് നിയമങ്ങളിലേക്കും ഓണ്ലൈന് തര്ക്ക പരിഹാര സംവിധാനം വ്യാപിപ്പിക്കും.

കോടതി നടപടികള് ഓണ്ലൈനിലേക്ക് മാറുന്നത് കക്ഷികള്ക്കും സൗകര്യമാകും. കോടതികളുടെ കാര്യക്ഷമത വര്ദ്ധിപ്പിക്കുകയാണ് ഓണ്ലൈന് സംവിധാനത്തിലേക്ക് മാറുന്നതിന്റെ പ്രധാന ലക്ഷ്യം. കോടതികളെ സമീപിക്കുന്നതും കോടതി നടപടികളും എളുപ്പമാകും. ഇതുവഴി നടപടിക്രമങ്ങള് കൂടുതല് സുതാര്യമാക്കാനാവും. ഓണ്ലൈന് തര്ക്ക പരിഹാര സംവിധാനത്തിലൂടെ ഒഫീസ് സമയത്തിനപ്പുറം സൗകര്യപ്രദമായ സമയത്ത് മധ്യസ്ഥനും കക്ഷികള്ക്കും അഭിഭാഷകര്ക്കും യോഗം ചേരാം. നടപടികളില് പങ്കെടുക്കുന്നവര്ക്ക് ആവശ്യമെങ്കില് സ്വകാര്യ സംഭാഷണത്തിനുള്ള അവസരവും ഓണ്ലൈന് തര്ക്ക പരിഹാര സംവിധാനത്തിലുണ്ട്.

ചടങ്ങില് മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കും. എറണാകുളം, ആലപ്പുഴ ജില്ലകളില് സ്ഥാപിക്കുന്ന പട്ടികജാതി പട്ടിക വര്ഗ്ഗ വിഭാഗങ്ങള്ക്കെതിരായ അതിക്രമ കേസുകള് വിചാരണ ചെയ്യുന്ന സെഷന്സ് കോടതി, അനിയന്ത്രിത നിക്ഷേപ പദ്ധതികള് തടയുന്ന നിയമം അനുസരിച്ചുള്ള കോടതി എന്നിവ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഹൈക്കോടതി സമുച്ചയത്തില് സ്ഥാപിച്ച ആധുനിക സിസിടിവി സര്വൈലന്സ് സംവിധാനം ധനവകുപ്പ് മന്ത്രി കെ. എന് ബാലഗോപാല് ഉദ്ഘാടനം ചെയ്യും. ഹൈക്കോടതി സമുച്ചയത്തില് സ്ഥാപിച്ച സെക്യൂരിറ്റി കം ഫെസിലിറ്റേഷന് ബ്ലോക്കിന്റെ ഉദ്ഘാടനം നിയമ വകുപ്പ് മന്ത്രി പി രാജീവ് നിര്വ്വഹിക്കും. ചടങ്ങില് ഹെെക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് അധ്യക്ഷനാകും. സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് സി ടി രവികുമാർ, നന്ദന് നിലേക്കനി, മന്ത്രി പിഎ മുഹമ്മദ് റിയാസ് തുടങ്ങിയവരും ചടങ്ങില് പങ്കെടുക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us