കോഴിക്കോട്: വിവാദ കാഫിര് സ്ക്രീന് ഷോട്ട് നിര്മ്മിക്കപ്പെട്ടത് യുഡിഎഫ് കേന്ദ്രങ്ങളില് തന്നെയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷന് വി വസീഫ് റിപ്പോര്ട്ടറിനോട്. അന്വേഷണം പൂര്ണതയില് എത്തുമ്പോള് കാര്യങ്ങള് വ്യക്തമാകും. അന്വേഷണത്തിന് വിധേയനായ ഡിവൈഎഫ്ഐ നേതാവ് മൊബൈല് ഹാജരാക്കിയിട്ടുണ്ട്. അബദ്ധത്തില് ചില ഗ്രൂപ്പുകള് പ്രചരിപ്പിച്ചിട്ടുണ്ടാകാം. പക്ഷേ ഇത് നിര്മ്മിച്ചവരെയാണ് പിടിക്കേണ്ടതെന്നും വസീഫ് പറഞ്ഞു.
'ആരാണോ നിര്മ്മിച്ചത് അവരെ പിടിക്കട്ടെ. സമഗ്രമായി അന്വേഷിക്കണം. പിന്നില് യുഡിഎഫിലെ ചിലരുടെ അജണ്ടയുണ്ട്. മറ്റു മണ്ഡലങ്ങളില് ഇല്ലാത്ത തരത്തിലുള്ള പ്രചാരണ കോലാഹലം വടകരയിലുണ്ടായിരുന്നു. സോഷ്യല്മീഡിയയില് അഭിരമിക്കുന്ന ഒരു ഗ്രൂപ്പ് വടകരയിലെ തിരഞ്ഞെടുപ്പിനെ ഹൈജാക്ക് ചെയ്തു. അത് സത്യമാണ്. അതിന്റെ പിന്നില് യൂഡിഎഫിലെയും യൂത്ത് ലീഗിലെയും യൂത്ത് കോണ്ഗ്രസിലെയും ചിലരാണ്', വസീഫ് ആരോപിച്ചു.
വടകരയിലെ 'കാഫിര്' വ്യാജ സ്ക്രീന്ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര് ഗ്രൂപ്പുകളിലെന്ന് പൊലീസ് നേരത്തെ ഹൈക്കോടതിയില് അറിയിച്ചിരുന്നു. സ്ക്രീന്ഷോട്ട് ആദ്യം ലഭിച്ചത് റെഡ് എന്കൗണ്ടര് വാട്സ് ആപ് ഗ്രൂപ്പിലാണ്. റെഡ് ബറ്റാലിയന് എന്ന വാട്സ് ആപ്പ് വഴിയും 'കാഫിര്' വ്യാജ സ്ക്രീന് ഷോട്ട് ലഭിച്ചെന്നും പൊലീസ് ഹൈക്കോടതിയില് നല്കിയ വിശദമായ റിപ്പോര്ട്ടില് ചൂണ്ടിക്കാണിച്ചിരുന്നു.