കോഴിക്കോട്: 'വയനാടിന്റെ കണ്ണീരൊപ്പാന്' എന്ന പേരില് മുസ്ലിം ലീഗ് നടത്തുന്ന ദുരിതാശ്വാസ ധനശേഖരണം നീട്ടി. ആഗസ്ത് 31വരെയാണ് തിയ്യതി നീട്ടിയിരിക്കുന്നത്. നേരത്തെ ധനസമാഹരണം ആഗസ്ത് 15ന് അവസാനിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. 24 കോടി രൂപയാണ് ഇത് വരെ ലഭിച്ചിരിക്കുന്നത്.
ധനശേഖരണത്തിനായി ആപ്ലിക്കേഷന് പുറത്തിറക്കിയാണ് ധനശേഖരണം. പദ്ധതിയിലേക്ക് ആദ്യ ഫണ്ടായി 50 ലക്ഷം രൂപ തിരുനാവായ സ്വദേശി ബാബുവാണ് നല്കിയത്.
ആപ്ലിക്കേഷന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ചേര്ന്നാണ് പുറത്തിറക്കിയത്. എല്ലാവരും സഹായിക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങള് അഭ്യര്ത്ഥിച്ചിരുന്നു.
'വയനാട്ടിലെ ഉരുള്പൊട്ടല് മനസ് വേദനിപ്പിക്കുന്നതാണ്. വിവിധയിടങ്ങളിലും വയനാട്ടിലും മുസ്ലിം ലീഗിന്റെ നേതൃത്വത്തില് ജീവകാരുണ്യ പ്രവര്ത്തനം ആരംഭിക്കും. പുനരധിവാസത്തിനായി സമഗ്രമായ പദ്ധതിയാണ് തീരുമാനിച്ചിരിക്കുന്നത്. ഭവന പദ്ധതി, വിദ്യാഭ്യാസം, ചികിത്സ, തൊഴില് തുടങ്ങി സമഗ്രമായ പദ്ധതിയാണ് മുസ്ലിം ലീഗിന്റെ പദ്ധതിക്ക് കീഴില് വരുന്നത്. ഇതിന് വലിയ തുക ആവശ്യമാണ്. അതിനാല് എല്ലാവരും ഈ പദ്ധതിക്കൊപ്പം നില്ക്കണം,' സാദിഖലി തങ്ങള് പറഞ്ഞു.
ഓഗസ്റ്റ് രണ്ട് മുതല് 15 വരെയാണ് ധനസമാഹരണം നടത്താന് തീരുമാനിച്ചിരുന്നത്. വയനാടിന്റെ കണ്ണീരൊപ്പാന് എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നതെന്ന് സാദിഖലി തങ്ങള് കൂട്ടിച്ചേര്ത്തു.