തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ വിശദീകരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സ്ക്രീൻ ഷോട്ടിന് പിന്നിൽ പ്രവർത്തിച്ചവരെ പുറത്ത് കൊണ്ടുവരികയാണ് വേണ്ടതെന്നും ആരെയെങ്കിലും പുകമറയിൽ നിർത്തുകയല്ല വേണ്ടതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. കാഫിർ സ്ക്രീൻ ഷോട്ട് പ്രശ്നത്തിൽ ആദ്യം പരാതി നൽകിയത് സിപിഐഎം ആണെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ആദ്യഘട്ടം മുതൽ അശ്ലീലവും വർഗീയതയും ചേർത്താണ് പ്രചാരണം നടത്തിയതെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ആരാണ് ഇടതുപക്ഷം പോരാളി ഷാജിയാണോയെന്ന് ചോദിച്ച എം വി ഗോവിന്ദൻ മാധ്യമങ്ങൾ പാതി വെന്ത വാർത്തയാണ് നൽകുന്നതെന്നും കുറ്റപ്പെടുത്തി. നേരത്തെ തള്ളിപ്പറഞ്ഞ ഗ്രൂപ്പുകളിൽ തന്നെയാണ് സ്ക്രീൻ ഷോട്ട് വന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു.
വ്യാജ സ്ക്രീൻഷോട്ട് വിഷയത്തിൽ മുൻ എംഎൽഎ കെ കെ ലതികയെയും എം വി ഗോവിന്ദൻ ന്യായീകരിച്ചു. കെ കെ ലതിക സ്ക്രീൻഷോട്ട് ഷെയർ ചെയ്തത് പ്രചരിപ്പിക്കാനല്ല, അത് നാടിന് ആപത്താണെന്ന് അറിയിക്കാനാണെന്നും അതിനെ തെറ്റിദ്ധരിക്കുന്നത് ശരിയല്ലെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. നേരത്തെ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കലിലും എകെജി സെൻറർ ആക്രമണത്തിലും സിപിഐഎമ്മിനെ പഴിചാരിയിട്ടുള്ളതും എം വി ഗോവിന്ദൻ ഓർമ്മിപ്പിച്ചു. പൊലീസ് സത്യം പുറത്ത് കൊണ്ടു വരണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.
കാഫിർ വിവാദത്തിൽ ഇടതുപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്തേണ്ട ഒരു കാര്യവുമില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്ത് വരട്ടെ. വിവാദത്തിന്റെ ഗുണഭോക്താക്കൾ സിപിഐഎമ്മല്ല. റെഡ് എൻകൗണ്ടർ ഗ്രൂപ്പ് അഡ്മിന് ആളെ അറിയാമെങ്കിൽ പറയട്ടെ . സിപിഐഎമ്മിൻ്റേതല്ലാത്ത എന്നാൽ പേര് അവകാശപ്പെടുന്ന പല ഗ്രൂപ്പുകളുണ്ട്. അതിലൊന്നാണ് പോരാളി ഷാജിയെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
വടകരയിലെ ഇലക്ഷനിൽ കോൺഗ്രസ് തുടർന്ന പ്രത്യേക രീതിയുടെ പ്രതിഫലനമായാണ് അതിനെ കാണേണ്ടതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ഒറ്റപ്പെട്ട പ്രശ്നം മാത്രം എടുത്ത് അതിനെ കാണാൻ ശ്രമിക്കരുത്. കാന്തപുരത്തിൻ്റെ ലെറ്റർ പാഡ് വ്യാജമായി നിർമ്മിച്ച് പ്രചരണം നടത്തി. പാനൂർ ബോംബ് കേസിലെ പ്രതിക്കൊപ്പം കെ കെ ശൈലജ ടീച്ചർ നിൽക്കുന്ന ചിത്രം പ്രചരിപ്പിച്ചു. ഇത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞുവെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. കെ കെ ശൈലജക്ക് എതിരെ മുസ്ലിം വിരുദ്ധത ആരോപിക്കാൻ ശ്രമം നടന്നു. നവ മാധ്യമങ്ങളിൽ നടക്കുന്ന കള്ള പ്രചരണങ്ങളെ തുറന്ന് കാട്ടേണ്ടത് ഇടതുപക്ഷത്തിൻ്റെ ഉത്തരവാദിത്തമാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
മതനിരപേക്ഷത ഉയർത്തി പിടിക്കുന്ന പ്രസ്ഥാനമാണ് ഇടതു പക്ഷം. ആ നിലപാട് ഒരു ദിവസത്തേക്കുള്ളതല്ല. കോലിബി സഖ്യത്തിന്റെ അരങ്ങേറ്റം തന്നെ വടകരയിലാണ്. എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടിലാണ് കോൺഗ്രസ് മത്സരിച്ചത്. അതാണ് 2.5 ശതമാനം വോട്ട് കുറഞ്ഞിട്ടും ചില മണ്ഡലങ്ങളിൽ വലിയ ഭൂരിപക്ഷത്തിന് ജയിച്ചതെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.