തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ഇനി മുതൽ ഒരേ നിറമായിരിക്കും. ഒക്ടോബർ ഒന്ന് മുതൽ നിറം ഏകീകരിക്കാൻ ഗതാഗതവകുപ്പ് തീരുമാനിച്ചു. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ യോഗത്തിലാണ് വാഹനങ്ങൾക്ക് മഞ്ഞനിറം നൽകാൻ തീരുമാനമായത്.
സംസ്ഥാനത്ത് 6000 ഡ്രൈവിംഗ് സ്കൂളുകളിലായി 30,000 ത്തോളം വാഹനങ്ങളാണുള്ളത്. 'എൽ' ബോർഡും ഡ്രൈവിംഗ് സ്കൂളിന്റെ പേരുമാണ് വാഹനം തിരിച്ചറിയുന്നതിനുള്ള നിലവിലെ മാർഗം. റോഡ് സുരക്ഷ മുൻനിർത്തി പരിശീലന വാഹനങ്ങൾക്ക് മഞ്ഞനിറം കൂടി നിർബന്ധമാക്കണമെന്ന് ചർച്ചകൾ ഉണ്ടായിരുന്നു. ഈ ശുപാർശയാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗം അംഗീകരിച്ചത്. ഇതോടെ വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞനിറം അടിക്കേണ്ടി വരും.
ഇരുചക്രവാഹനത്തിന് ഈ നിർദ്ദേശം ബാധകമല്ല. ഒക്ടോബർ ഒന്നു മുതൽ തീരുമാനം നടപ്പിലാക്കും. വാഹനങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ മറ്റു ഡ്രൈവർമാർക്ക് ഇത് സഹായകമാകും എന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന തീരുമാനത്തോട് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ നേരത്തെ എതിർപ്പറിയിച്ചിരുന്നു. അതേസമയം മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ടൂറിസ്റ്റ് ബസുകളുടെ നിറം വെള്ളയായി തന്നെ തുടരും. വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ പിന്നീട് തീരുമാനമെടുക്കാൻ മാറ്റുകയായിരുന്നു.