'കാഫിർ' സ്ക്രീൻഷോട്ട് വിവാദം; മാപ്പ് പറയണമെന്ന് റിബേഷ്, പാറയ്ക്കൽ അബ്ദുള്ളയ്ക്ക് വക്കീൽ നോട്ടീസ്

തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

dot image

കോഴിക്കോട്: വ്യാജ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറയ്ക്കൽ അബ്ദുള്ളയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് ഡിവൈഎഫ്ഐ നേതാവ് റിബേഷ്. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച് സമൂഹത്തിൽ വേർതിരിവുണ്ടാക്കാൻ നോക്കിയെന്നാണ് പാറയ്ക്കൽ അബ്ദുള്ളയ്ക്കെതിരെ വക്കീൽ നോട്ടീസിൽ റിബേഷ് ഉന്നയിച്ചിരിക്കുന്ന ആരോപണം.

താൻ മതസ്പർദ്ദ വളർത്തുന്നയാളെന്ന് ചിത്രീകരിക്കാൻ ശ്രമിച്ച അബ്ദുള്ള സോഷ്യൽമീഡിയയിലിട്ട പോസ്റ്റിലൂടെ സമൂഹത്തിൽ വേർതിരിവുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് റിബേഷ് വക്കീൽ നോട്ടീസിൽ ആരോപിക്കുന്നത്. കാഫിർ വിവാദവുമായി ബന്ധപ്പെട്ട് യാതൊരു ബന്ധവുമില്ലാത്ത ആളാണ് താൻ. അതിനാൽ പാറക്കൽ അബ്ദുള്ള പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും ഇത് പ്രസിദ്ധീകരിക്കണമെന്നുമാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസ് കൈപ്പറ്റി മൂന്ന് ദിവസത്തിനുള്ളിൽ ഖേദം പ്രകടിപ്പിക്കണം. അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

റിബേഷ് അയച്ച വക്കീൽ നോട്ടീസിൽ പ്രതികരണവുമായി പാറയ്ക്കൽ അബ്ദുള്ളയും രംഗത്തെത്തി. പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരം മാത്രമാണ് പുറത്തെത്തിയതെന്നും ഇത് തെറ്റാണെന്ന് തോന്നുന്നുവെങ്കിൽ വക്കീൽ നോട്ടീസ് അയയ്ക്കേണ്ടത് ആഭ്യന്തരമന്ത്രിക്കാണെന്നും പാറയ്ക്കൽ അബ്ദുള്ള തിരിച്ചടിച്ചു.

ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡണ്ടാണ് റിബേഷ്. വടകര ആറങ്ങോട്ട് എം എൽ പി സ്കൂളിലെ അധ്യാപകൻ കൂടിയാണ് റിബേഷ്. 'കാഫിര്' വ്യാജ സ്ക്രീന്ഷോട്ട് ആദ്യം ലഭിച്ചത് റെഡ് എന്കൗണ്ടര് വാട്സ് ആപ് ഗ്രൂപ്പിലാണ്. റിബേഷാണ് ഈ ഗ്രൂപ്പിൽ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്. ഇത് കണ്ടെത്തിയ പൊലീസ് റബീഷിനെ ചോദ്യം ചെയ്തിരുന്നു. സ്ക്രീൻഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞത്.

വടകരയിലെ 'കാഫിര്' വ്യാജ സ്ക്രീന്ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലെന്ന് പൊലീസ് നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. റെഡ് എന്കൗണ്ടര് വാട്സ് ആപ് ഗ്രൂപ്പിലും റെഡ് ബറ്റാലിയന് എന്ന വാട്സ് ആപ്പ് വഴിയും 'കാഫിര്' വ്യാജ സ്ക്രീന് ഷോട്ട് ലഭിച്ചെന്നും പൊലീസ് ഹൈക്കോടതിയില് നല്കിയ വിശദമായ റിപ്പോര്ട്ടില് ചൂണ്ടിക്കാണിച്ചിരുന്നു.

2024 ഏപ്രിൽ 25ന് ഉച്ചക്ക് 2.13നാണ് റെഡ് എൻകൗണ്ടർ വാട്സ്ആപ്പ് ഗ്രൂപ്പിൽ സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ഏപ്രിൽ 25ന് ഉച്ചക്ക് 2.34ന് റെഡ് ബറ്റാലിയൻ വാട്സ്ആപ്പ് ഗ്രൂപ്പിലും സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തു. അമൽ റാം എന്ന വ്യക്തിയാണ് അവിടെ പോസ്റ്റ് ചെയ്തത്. അന്നേ ദിവസം വൈകിട്ട് മൂന്നിന് അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ സ്ക്രീൻഷോട്ട് പ്രചരിച്ചു. അതിൽ അഡ്മിൻ മനീഷ് ആണ് സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്. രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്ക്രീൻഷോട്ട് പ്രചരിച്ചു. അഡ്മിൻ അബ്ബാസ് ആണ് പോരാളി ഷാജി പേജിൽ ഇത് പോസ്റ്റ് ചെയ്തതെന്നും പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us