കാടുമൂടി കിടക്കുന്ന ഇൻഡോർ സ്റ്റേഡിയം എന്റെ പേരിന് കിട്ടാവുന്ന ഏറ്റവും വലിയ കളങ്കം: പി ആർ ശ്രീജേഷ്

പാരിസ് ഒളിംപിക്സ് ഹോക്കിയിലെ മിന്നും പ്രകടനത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ ശേഷം റിപ്പോര്ട്ടര് ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

dot image

കൊച്ചി: കാടുമൂടി കിടക്കുന്ന ഇൻഡോർ സ്റ്റേഡിയം തന്റെ പേരിന് കിട്ടാവുന്ന ഏറ്റവും വലിയ കളങ്കമെന്ന് ഇന്ത്യൻ ഹോക്കിയുടെ അഭിമാനതാരം പി ആർ ശ്രീജേഷ്. പാരിസ് ഒളിംപിക്സ് ഹോക്കിയിലെ മിന്നും പ്രകടനത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ ശേഷം റിപ്പോര്ട്ടര് ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശ്രീജേഷിന്റെ പേരിൽ അഭിമാനമായി നാട്ടിൽ ഉയരേണ്ട കുന്നത്തുനാട് പഞ്ചായത്ത് സ്റ്റേഡിയമാണ് അധികൃതരുടെ അവഗണന കാരണം പണിതീരാതെ കാടുമൂടി കിടക്കുന്നത്.

'സ്റ്റേഡിയം എന്നത് ഇപ്പോഴും ഒരു വിഷമമാണ്. നമ്മളെക്കൊണ്ട് നാടിന് എന്തെങ്കിലും വികസനം ഉണ്ടാകണമെന്നും അല്ലെങ്കില് നമ്മളാല് നാടിനെ ലോകമറിയണമെന്ന് മാത്രമാണ് എപ്പോഴും ആഗ്രഹിച്ചിട്ടുള്ളത്. സ്റ്റേഡിയത്തിന്റെ പണി തുടങ്ങിയപ്പോള് ആദ്യം അഭിമാനമായിരുന്നു. പക്ഷേ ഇപ്പോള് അത് കാടുമൂടി കിടക്കുകയാണ്. അത് എന്റെ പേരിന് ലഭിക്കാവുന്ന ഏറ്റവും വലിയ കളങ്കമാണ്', ശ്രീജേഷ് റിപ്പോര്ട്ടര് ടിവിയോട് പറഞ്ഞു.

രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ ശ്രീജേഷിന് സ്വന്തം നാട്ടിൽ അവഗണനയാണ് നേരിടുന്നത്. ശ്രീജേഷിന്റെ പേരിൽ സ്റ്റേഡിയം നിർമ്മിക്കാൻ ഒമ്പത് വർഷം മുമ്പാണ് കുന്നത്തുനാട് പഞ്ചായത്ത് തീരുമാനിച്ചത്. പള്ളിക്കര മാർക്കറ്റിന് സമീപം നിർമ്മാണ ജോലികൾ ആരംഭിച്ചെങ്കിലും പ്രാരംഭ ഘട്ടത്തിൽ തന്നെ വെല്ലുവിളികൾ ഉയരുകയായിരുന്നു.

ഒളിംപിക്സ് തിളക്കത്തിലും നിറം പിടിക്കാതെ ജന്മനാട്ടില് ശ്രീജേഷിന്റെ പേരിൽ പ്രഖ്യാപിച്ച സ്റ്റേഡിയം

തൂണുകൾ ഇപ്പോൾ തുരുമ്പെടുത്തിട്ടുണ്ട്. പഞ്ചായത്ത്, എംഎൽഎ, ബിപിസിഎൽ, കൊച്ചിൻ റിഫൈനറി തുടങ്ങിയവരുടെ സംയുക്ത ഫണ്ടിൽ പണി തീർക്കാനായിരുന്നു പദ്ധതി. പിന്നീട് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തെങ്കിലും മുന്നോട്ട് പോയില്ല. രണ്ടാം ഒളിംപിക്സിലും മെഡൽ നേടി ,നീണ്ട രണ്ട് പതിറ്റാണ്ടിന്റെ ഇതിഹാസ കരിയർ കഴിഞ്ഞെത്തുന്ന ശ്രീജേഷിന് ആദരവായി ഈ സ്റ്റേഡിയം സംസ്ഥാന സർക്കാരോ കേന്ദ്രസർക്കാരോ ഏറ്റെടുത്ത് നിർമാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം.

അതേസമയം പി ആർ ശ്രീജേഷിന് ഉജ്ജല വരവേൽപ്പാണ് ജന്മനാട് നൽകിയത്. നെടുമ്പാശേരി വിമാനത്താവളത്തിൽ സംസ്ഥാന സർക്കാരും സ്പോർട്സ് കൗൺസിലും ചേർന്ന് സ്വീകരണ പരിപാടി ഒരുക്കി. ചരിത്രം കുറിച്ച് തിരിച്ചെത്തിയ പി ആർ ശ്രീജേഷിനെ കാത്ത് നൂറുകണക്കിന് ആരാധകരാണ് കൊച്ചി വിമാനത്താവളത്തിൽ എത്തിയത്. ജില്ലാ കളക്ടർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ ഉൾപ്പെടെ താരത്തെ വരവേൽക്കാൻ നെടുമ്പാശ്ശേരിയിൽ എത്തി. വഴി നീളെയുള്ള സ്വീകരണങ്ങൾ ഏറ്റു വാങ്ങിയാണ് ശ്രീജേഷ് ജന്മനാട്ടിലേക്ക് എത്തിയത്. ജന്മനാടിന്റെ സ്നേഹത്തിന് നന്ദി പറഞ്ഞ ശ്രീജേഷ് ആധുനിക ഇന്ത്യൻ ഹോക്കിയുടെ ദൈവമെന്ന് ഹോക്കി ഇന്ത്യ തന്നെ വിശേഷിപ്പിച്ചത് സ്വപ്നതുല്യമാണെന്നും റിപ്പോർട്ടറിനോട് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us