കോഴിക്കോട്: വടകരയിലെ 'കാഫിര് സ്ക്രീന് ഷോട്ട്' വിവാദത്തില് ഇനാം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷാണ് പോസ്റ്റ് ഉണ്ടാക്കിയതെന്ന് തെളിയിച്ചാല് 25 ലക്ഷം രൂപ നല്കാമെന്നാണ് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്.
അതേ സമയം ഡിവൈഎഫ്ഐയുടെ 25 ലക്ഷം ഇനാം പ്രഖ്യാപനത്തിന് മറുപടിയുമായി യൂത്ത് കോണ്ഗ്രസ് രംഗത്തെത്തി. റിബേഷ് പ്രതികളെ തെളിയിച്ചാല് ഡിവൈഎഫ്ഐ പ്രഖ്യാപിച്ച അത്ര തന്നെ പണം യൂത്ത് കോണ്ഗ്രസ് നല്കുമെന്നാണ് മറുപടി.
വ്യാജ കാഫിര് സ്ക്രീന്ഷോട്ട് വിവാദത്തില് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറയ്ക്കല് അബ്ദുള്ളയ്ക്ക് റിബേഷ് വക്കീല് നോട്ടീസ് അയച്ചിരുന്നു. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീല് നോട്ടീസ് അയച്ചിരിക്കുന്നത്. തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച് സമൂഹത്തില് വേര്തിരിവുണ്ടാക്കാന് നോക്കിയെന്നാണ് പാറയ്ക്കല് അബ്ദുള്ളയ്ക്കെതിരെ വക്കീല് നോട്ടീസില് റിബേഷ് ഉന്നയിച്ചിരിക്കുന്ന ആരോപണം.
താന് മതസ്പര്ദ്ദ വളര്ത്തുന്നയാളെന്ന് ചിത്രീകരിക്കാന് ശ്രമിച്ച അബ്ദുള്ള സോഷ്യല്മീഡിയയിലിട്ട പോസ്റ്റിലൂടെ സമൂഹത്തില് വേര്തിരിവുണ്ടാക്കാന് ശ്രമിച്ചുവെന്നാണ് റിബേഷ് വക്കീല് നോട്ടീസില് ആരോപിക്കുന്നത്. കാഫിര് വിവാദവുമായി ബന്ധപ്പെട്ട് യാതൊരു ബന്ധവുമില്ലാത്ത ആളാണ് താന്. അതിനാല് പാറക്കല് അബ്ദുള്ള പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും ഇത് പ്രസിദ്ധീകരിക്കണമെന്നുമാണ് വക്കീല് നോട്ടീസില് ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസ് കൈപ്പറ്റി മൂന്ന് ദിവസത്തിനുള്ളില് ഖേദം പ്രകടിപ്പിക്കണം. അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും വക്കീല് നോട്ടീസില് വ്യക്തമാക്കിയിട്ടുണ്ട്.
റിബേഷ് അയച്ച വക്കീല് നോട്ടീസില് പ്രതികരണവുമായി പാറയ്ക്കല് അബ്ദുള്ളയും രം?ഗത്തെത്തി. പൊലീസ് ഹൈക്കോടതിയില് സമര്പ്പിച്ച സത്യവാങ്മൂലത്തിലെ വിവരം മാത്രമാണ് പുറത്തെത്തിയതെന്നും ഇത് തെറ്റാണെന്ന് തോന്നുന്നുവെങ്കില് വക്കീല് നോട്ടീസ് അയയ്ക്കേണ്ടത് ആഭ്യന്തരമന്ത്രിക്കാണെന്നും പാറയ്ക്കല് അബ്ദുള്ള തിരിച്ചടിച്ചു.
ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡണ്ടാണ് റിബേഷ്. വടകര ആറങ്ങോട്ട് എം എല് പി സ്കൂളിലെ അധ്യാപകന് കൂടിയാണ് റിബേഷ്. 'കാഫിര്' വ്യാജ സ്ക്രീന്ഷോട്ട് ആദ്യം ലഭിച്ചത് റെഡ് എന്കൗണ്ടര് വാട്സ് ആപ് ഗ്രൂപ്പിലാണ്. റിബേഷാണ് ഈ ഗ്രൂപ്പില് സ്ക്രീന്ഷോട്ട് പോസ്റ്റ് ചെയ്തത്. ഇത് കണ്ടെത്തിയ പൊലീസ് റബീഷിനെ ചോദ്യം ചെയ്തിരുന്നു. സ്ക്രീന്ഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് ചോദ്യം ചെയ്യലില് ഇയാള് പറഞ്ഞത്.
വടകരയിലെ 'കാഫിര്' വ്യാജ സ്ക്രീന്ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര് ഗ്രൂപ്പുകളിലെന്ന് പൊലീസ് നേരത്തെ ഹൈക്കോടതിയില് അറിയിച്ചിരുന്നു. റെഡ് എന്കൗണ്ടര് വാട്സ് ആപ് ഗ്രൂപ്പിലും റെഡ് ബറ്റാലിയന് എന്ന വാട്സ് ആപ്പ് വഴിയും 'കാഫിര്' വ്യാജ സ്ക്രീന് ഷോട്ട് ലഭിച്ചെന്നും പൊലീസ് ഹൈക്കോടതിയില് നല്കിയ വിശദമായ റിപ്പോര്ട്ടില് ചൂണ്ടിക്കാണിച്ചിരുന്നു.
2024 ഏപ്രില് 25ന് ഉച്ചക്ക് 2.13നാണ് റെഡ് എന്കൗണ്ടര് വാട്സ്ആപ്പ് ഗ്രൂപ്പില് സ്ക്രീന്ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് റിപ്പോര്ട്ടില് വ്യക്തമാക്കിയിരുന്നത്. ഏപ്രില് 25ന് ഉച്ചക്ക് 2.34ന് റെഡ് ബറ്റാലിയന് വാട്സ്ആപ്പ് ഗ്രൂപ്പിലും സ്ക്രീന്ഷോട്ട് പോസ്റ്റ് ചെയ്തു. അമല് റാം എന്ന വ്യക്തിയാണ് അവിടെ പോസ്റ്റ് ചെയ്തത്. അന്നേ ദിവസം വൈകിട്ട് മൂന്നിന് അമ്പാടിമുക്ക് സഖാക്കള് എന്ന ഫേസ്ബുക്ക് പേജില് സ്ക്രീന്ഷോട്ട് പ്രചരിച്ചു. അതില് അഡ്മിന് മനീഷ് ആണ് സ്ക്രീന്ഷോട്ട് പോസ്റ്റ് ചെയ്തത്. രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്ക്രീന്ഷോട്ട് പ്രചരിച്ചു. അഡ്മിന് അബ്ബാസ് ആണ് പോരാളി ഷാജി പേജില് ഇത് പോസ്റ്റ് ചെയ്തതെന്നും പൊലീസ് സമര്പ്പിച്ച റിപ്പോര്ട്ടില് പറയുന്നു.