കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ വീട്ടിലേക്ക് നാളെ എത്തുമെന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. നാളെയാണ് കോഴിക്കോട്ടെ കണ്ണാടിക്കലിലെ വീട്ടിലേക്ക് മാൽപെ എത്തുക. നാളെ ഉച്ചയോടെ എത്തുമെന്നാണ് മാൽപെ അറിയിച്ചിരിക്കുന്നത്. മാൽപെയ്ക്കൊപ്പം സഹ ഡൈവർമാരും മറ്റ് സംഘാംഗങ്ങളും ഉണ്ടാകും.
എന്നാൽ ഇന്ന് അർജുന് വേണ്ടി തിരച്ചിലിനിറങ്ങിയ ഈശ്വർ മാൽപെയെ കർണാടക പൊലീസ് തടഞ്ഞിരുന്നു. ഇന്ന് രാവിലെ തിരച്ചിലിന് ഇറങ്ങിയപ്പോഴാണ് മാൽപെയെ പൊലീസ് തടഞ്ഞത്. അനുമതി ഇല്ലാതെ തിരച്ചിൽ നടത്താൻ അനുവദിക്കില്ലെന്നാണ് പൊലീസ് അറിയിച്ചത്. എന്നാൽ കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് തിരച്ചിലിന് ഇറങ്ങിയതെന്ന് മാൽപെ പറഞ്ഞു. നേരത്തെ നദിയിലെ മണ്ണ് നീക്കാനായി ഡ്രഡ്ജർ എത്തിക്കുന്നത് വരെ തിരച്ചിൽ താൽക്കാലികമായി നിർത്തിയിരുന്നു.
അർജുനെ കാണാതായിട്ട് ഒരുമാസം കഴിഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ പുഴയിൽ നിന്ന് അർജുന്റെ ലോറിയുടെ കയറും ലോഹഭാഗങ്ങളും കണ്ടെത്തിയിരുന്നു. കയർ അർജുന്റെ ലോറിയുടേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയുടെ സംഘാംഗങ്ങളും എൻഡിആർഎഫും എസ്ഡിആർഎഫുമാണ് ഇന്നലെ നടന്ന തിരച്ചിലില്‍ പങ്കാളികളായത്.