പത്തനംതിട്ട: ജസ്ന തിരോധാനക്കേസില് ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല് തള്ളി ലോഡ്ജുടമ. ജസ്നയോ ജസ്നയുമായി സാദൃശ്യമുള്ള ആരെങ്കിലുമോ ലോഡ്ജില് വന്നിട്ടില്ലെന്ന് ലോഡ്ജുടമ പ്രതികരിച്ചു. തന്നോടുള്ള വ്യക്തിവൈരാഗ്യം കൊണ്ടാണ് ജീവനക്കാരി ആരോപണങ്ങളുമായി മാധ്യമങ്ങള്ക്ക് മുന്നിലെത്തിയതെന്നും ക്രൈംബ്രാഞ്ചിന് മുന്നില് താന് ഇതേകാര്യമാണ് പറഞ്ഞതെന്നും ലോഡ്ജുടമ പ്രതികരിച്ചു.
'ജാതിപ്പേര് വിളിച്ചെന്നും പറഞ്ഞ് എനിക്കെതിരെ അവര് കേസ് കൊടുത്തിട്ടുണ്ട്. ഒരു വിവരാവകാശ പ്രവര്ത്തകനാണ് ഇതിന് പിന്നില്. ഞാന് കൊലക്കേസ് പ്രതിയാണെന്നതുള്പ്പടെയുള്ള ആരോപണങ്ങള് എനിക്കെതിരെ ഉന്നയിച്ചിട്ടുണ്ട്. ജസ്ന എന്നു പറഞ്ഞയാള് ഇവിടെ വന്നിട്ടില്ല. എന്റെ ഓര്മ്മയില് ഇല്ല. നേരത്തെ അഞ്ചോ ആറോ ഉദ്യോഗസ്ഥര് വന്ന് അന്വേഷിച്ചിരുന്നു. അഞ്ച് ലക്ഷവും വീടും കൊടുത്തില്ലെങ്കില് എന്നെ തീര്ക്കുമെന്നാണ് ആ സ്ത്രീ പറഞ്ഞത്. ലോഡ്ജില് നിന്നും ഇറക്കിവിട്ടതിനാണ് എനിക്കെതിരെ തിരിഞ്ഞത്. അവരുടെ പെരുമാറ്റം ശരിയായിരുന്നില്ല. അതിനാലാണ് ഇറക്കി വിട്ടത്.' ലോഡ്ജുടമ പ്രതികരിച്ചു.
ജസ്നയോട് സാമ്യമുള്ള പെണ്കുട്ടി കോട്ടയം മുണ്ടക്കയത്തെ ലോഡ്ജില് എത്തിയതായാണ് ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്. 'ഉച്ചയ്ക്ക് 12 നും ഒന്നിനും ഇടയ്ക്കാണ് അവിടെ കാണുന്നത്. മൂന്നോ നാലോ മണിക്കൂര് അവിടെയുണ്ടായിരുന്നു. അഞ്ച് മണിക്ക് തിരിച്ചിറങ്ങിപോയി. റൂം എടുത്ത് താമസിക്കുന്നവരുടെ പേരും മേല്വിലാസവും മാത്രമെ എഴുതാറുള്ളൂ. എന്നോട് ചിരിച്ചിരുന്നു. അപ്പോഴാണ് പല്ലിലെ കമ്പി ശ്രദ്ധിച്ചത്. ഒരു പയ്യന് കൂടെയുണ്ടായിരുന്നു. വെളുത്തു മെലിഞ്ഞ പയ്യനാണ്. കൊച്ചുപെണ്കുട്ടി ആയതിനാലാണ് ശ്രദ്ധിച്ചത്. പിങ്ക് ഡ്രസാണ് ഇട്ടിരുന്നത്. 103-ാം നമ്പര് റൂം ആണ് എടുത്തത്', മുന് ജീവനക്കാരി പറയുന്നു. ലോഡ്ജുടമ തന്നെ അടിച്ചിറക്കി വിടുകയും മോശം കാര്യങ്ങളൊക്കെ പ്രചരിപ്പിക്കുകയുമാണ്. അതുകൊണ്ടാണ് ഇക്കാര്യം തുറന്നുപറയാന് തയ്യാറാവുന്നതെന്നും ജീവനക്കാരി പറഞ്ഞിരുന്നു.