കോഴിക്കോട്: കാഫിര് സ്ക്രീന്ഷോട്ട് വിവാദത്തില് പ്രതിരോധം തീര്ക്കാന് ഡിവൈഎഫ്ഐ. ഇന്ന് വടകരയില് ഡിവൈഎഫ്ഐ ബഹുജന പൊതുയോഗം സംഘടിപ്പിക്കും. കാഫിര് സ്ക്രീന്ഷോട്ട് വിവാദം ഡിവൈഎഫ്ഐക്ക് നേരെ തിരിയുന്നു എന്ന് കണ്ടാണ് ഇന്ന് വടകരയില് ബഹുജന പൊതുയോഗം സംഘടിപ്പിക്കാന് സംഘടന തീരുമാനിച്ചത്.
ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ പേര് ഉള്പ്പെട്ടതാണ് വിവാദം സംഘടനയെ പ്രതിരോധത്തിലാക്കിയത്. ഇന്ന് നടക്കുന്ന വിശദീകരണ യോഗം ജില്ലാ സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനം ചെയ്യും. ജനങ്ങളെ കാര്യങ്ങള് ധരിപ്പിക്കുന്നതിനൊപ്പം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഡിവൈഎഫ്ഐ നേതാക്കള് അറിയിച്ചു.
ഇതിന്റെ ഭാഗമായി റിബേഷ് പാറക്കല് മുസ്ലിം ലീഗ് നേതാവ് അബ്ദുള്ളയ്ക്ക് വക്കീല് നോട്ടീസ് അയച്ചിരുന്നു. തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്ന് കാണിച്ചാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറയ്ക്കല് അബ്ദുള്ളക്കെതിരെ വക്കീല് നോട്ടീസ് അയച്ചത്. മതസ്പര്ധ വളര്ത്തുന്ന രീതിയില് പ്രവര്ത്തിക്കുന്ന ആളാണെന്ന് ചിത്രീകരിക്കാന് പാറയ്ക്കല് അബ്ദുള്ളസമൂഹമാധ്യമങ്ങളില് ഇട്ട പോസ്റ്റിലൂടെ ശ്രമിച്ചു. തനിക്കെതിരെ നടക്കുന്ന പ്രചാരണം വഴി സമൂഹത്തില് വേര്തിരിവ് ഉണ്ടാക്കാന് പാറക്കല് ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് റിബേഷ് വക്കീല് നോട്ടീസില് ഉന്നയിച്ചിരിക്കുന്നത്.
അതേസമയം പൊലീസ് നടപടി പ്രതികളെ സംരക്ഷിക്കുന്നതാണെന്നാരോപിച്ച് തിങ്കളാഴ്ച വടകര എസ്പി ഓഫീസിലേക്ക് യുഡിഎഫ് മാര്ച്ച് നടത്തും.