കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സംവിധായകന് വിനയൻ. മുഖത്തു നോക്കി കാര്യങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ തനിക്ക് പന്ത്രണ്ടോളം വർഷം വിലക്ക് ഏർപ്പെടുത്തിയെന്ന് വിനയൻ. സ്ത്രീ സുരക്ഷ പോലെ തന്നെ ഗൗരവതരമാണ് സിനിമയിലെ തൊഴിൽ വിലക്കിന്റെ മാഫിയാവത്കരണം. അതായിരുന്നു ഈ പീഢനങ്ങളുടെ എല്ലാം ബ്ലാക് മെയിൽ തന്ത്രം. ഫേസ് ബുക്കിലൂടെയായിരുന്നു വിനയൻ്റെ പ്രതികരണം.
സിനിമയോടുള്ള ആഗ്രഹം കൊണ്ട് ആ രംഗത്തേക്കു കടന്നു വരുന്ന സ്ത്രീകളെ ചൂഷണം ചെയ്യുന്നതിൽ നിന്നും അവർക്ക് സംരക്ഷണം കൊടുക്കേണ്ടതിന്റെ പ്രഥമ കടമ സംഘടനകൾക്കാണ്. അതിലവർ എടുക്കുന്ന നിലപാടുകൾ ഏമാനെ സുഖിപ്പിക്കുന്നതാകരുതെന്നും വിനയൻ പ്രതികരിച്ചു. മലയാള സിനിമ മാഫിയാ സംഘമാക്കി മാറ്റാനായി മാക്ട എന്ന സംഘടനയെ തകര്ത്തുവെന്നും വിനയന് ആരോപിച്ചു.
വിനയൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിയിൽ വന്നിരിക്കുന്ന ഈ സാഹചര്യത്തിൽ മലയാള സിനിമയെ ഇന്നും നിയന്ത്രിക്കുന്ന പ്രമുഖരേ..
ദയവായി നിങ്ങളുടെ മനസ്സാക്ഷിയുടെ കണ്ണാടിയിലേക്കൊന്നു നോക്കൂ….
നിങ്ങളുടെ മുഖം വികൃതമല്ലേ…?
സിനിമയോടുള്ള ആഗ്രഹം കൊണ്ട് ആ രംഗത്തേക്കു കടന്നു വരുന്ന സ്ത്രീകളെ ചൂഷണം ചെയ്യുന്നതിൽ നിന്നും അവർക്ക് സംരക്ഷണം കൊടുക്കേണ്ടതിന്റെ പ്രഥമ കടമ സംഘടനകൾക്കാണ്..
അതിലവർ എടുക്കുന്ന നിലപാടുകൾ ഏമാനെ സുഖിപ്പിക്കുന്നതാകരുത്. സ്ത്രീ സുരക്ഷ പോലെ തന്നെ ഗൗരവതരമാണ് സിനിമയിലെ തൊഴിൽ വിലക്കിന്റെ മാഫിയാ വൽക്കരണം.ആ ഉമ്മാക്കിയാണല്ലോ ഈ പീഢനങ്ങളുടെ എല്ലാം ബ്ളാക്മെയിൽ തന്ത്രം.
വൈരവിര്യാതന ബുദ്ധിയും പ്രതികാരവും നിറഞ്ഞ നിങ്ങളുടെ ക്രൂര വിനോദത്തിനു വിധേയനായ ഒരാളാണല്ലോ ഞാനും.. നിങ്ങളെ വിമർശിച്ചതിന്റെ പേരിൽ, മുഖത്തു നോക്കി കാര്യങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ എന്റെ പന്ത്രണ്ടോളം വർഷം വിലക്കി നശിപ്പിച്ചവരാണു നിങ്ങൾ..
ഏതു പ്രമുഖന്റെയും മുഖത്തു നോക്കി കാര്യങ്ങൾ തുറന്നു പറയാൻ ഏതു ജൂണിയർ ആർട്ടിസ്റ്റിനും ധൈര്യം കൊടുക്കുന്ന ഒരു സംഘടന മലയാളസിനിമയിൽ ഉണ്ടായതിന്റെ രണ്ടാം വർഷം നിങ്ങൾ അതിനെ തകർത്ത് നിങ്ങളുടെ ചൊൽപ്പടിക്കു നിൽക്കുന്ന ഒരു സംഘടന ഉണ്ടാക്കിയത് എന്തിനാണ്?
അവിടെ നിന്നല്ലേ ഈ തെമ്മാടിത്തരങ്ങളുടേയും ആധുനിക സിനിമാ ഗുണ്ടയിസത്തിന്റെയും വേലിയേറ്റം മലയാള സിനിമയേ കൂടുൽ മലീമസമാക്കാൻ തുടങ്ങിയത്?
2008 ജൂലൈയിൽ എറണാകുളം സരോവരം ഹോട്ടലിൽ നിങ്ങൾ സിനിമാ തമ്പുരാക്കൻമാർ എല്ലാം ഒത്തു ചേർന്ന് തകർത്തെറിഞ്ഞ “മാക്ട ഫെഡറേഷൻ”എന്ന സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറി ആയിരുന്നു ഞാൻ. സംഘടന തകർത്തിട്ടും വൈരാഗ്യം തീരാഞ്ഞ നിങ്ങൾ എന്നെയും വിലക്കി.. നേരത്തേ നിങ്ങളുടെ കണ്ണിലെ കരടായിരുന്ന തിലകൻ ചേട്ടൻ വിനയന്റെ ഭാഗത്താണ് ന്യായം എന്നു പറഞ്ഞതോടെ അദ്ദേഹത്തെയും നിങ്ങൾ വിലക്കി പുറത്താക്കി. അദ്ദേഹത്തിന്റെ മരണശേഷം ഞാൻ നിങ്ങടെ വിലക്കിനെതിരെ കോടതിയിൽ പോയി..കോമ്പറ്റീഷൻ കമ്മീഷൻ നിങ്ങൾക്കെതിരെ വിധിച്ചു.. കോടികൾ മുടക്കി നിങ്ങൾ സുപ്രീം കോടതി വരെ പോയി കേസു വാദിച്ചപ്പോൾ എതിർഭാഗത്ത് ഞാൻ ഒറ്റപ്പെട്ടു പോയിരുന്നു.. പക്ഷേ സത്യം എന്റെ ഭാഗത്തായിരുന്നു.. അമ്മ സംഘടനയ്ക്കു നാലു ലക്ഷം രൂപയാണ് ഫൈൻ അടിച്ചത്..
ഫെഫ്കയുൾപ്പടെ മററു സംഘടനകൾക്കും പല പ്രമുഖർക്കും പിഴ അടക്കേണ്ടി വന്നു ചില പ്രമുഖ നടൻമാർ ശിക്ഷയിൽ നിന്നും സാങ്കേതികത്വം പറഞ്ഞ് രക്ഷ പെട്ടു എന്നത് സത്യമാണ്.വീണ്ടും തെളിവുകളുമായി അവരുടെ പുറകേ പോകാനൊന്നും ഞാൻ നിന്നില്ല.എനിക്ക് എന്റെ ഭാഗം സത്യമാണന്ന് ജനങ്ങളെ അറിയിക്കണമെന്നേ ഉണ്ടായിരുന്നുള്ളു..
പക്ഷേ തൊഴിൽ വിലക്കിനും സിനിമയിലെ മാഫിയാ വൽക്കരണത്തിനും എതിരെ വന്ന ആ സുപ്രീം കോടതി വിധി അന്ന് നമ്മുടെ മീഡിയകൾ ഒന്നും വേണ്ട വിധത്തിൽ ചർച്ച ചെയ്തില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. സിനിമയിലെ പ്രമുഖർക്ക് അന്നു മീഡിയകളെ കുറച്ചുകൂടി കൈപ്പിടിയിൽ ഒതുക്കുവാൻ കഴിഞ്ഞിരുന്നു എന്നതാണ് സത്യം..
വിമർശിക്കുന്നതിന്റെ പേരിൽ ഫാൻസുകാരെക്കൊണ്ട് we Hate Vinayan എന്ന online അക്കൗണ്ട് ഉണ്ടാക്കി എന്നെ തകർക്കാൻ ശ്രമിച്ച വീരന്മാരാണ് ഇന്ന് സമൂഹത്തിന്റെ മുന്നിൽ ഉടുതുണി ഇല്ലാതെ നിൽക്കുന്നത്.. ഇതു കാലത്തിന്റെ കാവ്യ നീതിയാണ്..
മാക്ട ഫെഡറേഷൻ അന്ന് ഉണ്ടാക്കിയപ്പോൾ പ്രധാനമായും ഉണ്ടാക്കിയ യൂണിയൻ ജൂണിയർ ആർട്ടിസ്ററുകൾക്കു വേണ്ടി ആയിരുന്നു.. അവിടെ സ്ത്രീകളായ ആർട്ടിസ്റ്റുകൾക്ക് പ്രത്യേക പരിരക്ഷക്ക് തീരുമാനങ്ങൾ എടുത്തിരുന്നു..
ജുണിയർ ആർട്ടിസ്റ്റുകളെ സിനിമയിൽ എത്തിക്കുന്ന ഏജന്റുമാർക്ക് കർശന നിർദ്ദേശങ്ങൾ കൊടുത്തിരുന്നു.
ചെറിയ ആർട്ടിസ്റ്റുകളേയും തൊഴിലാളികളേയും അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന താരങ്ങളേയും സംവിധായകരേയും പരസ്യമായി മാക്ട ഫെഡറേഷൻ വിമർശിക്കുമായിരുന്നു..
അങ്ങനെ ഒരു സംഘടന ഇവിടുത്തെ താരപ്രമുഖർക്കും സൂപ്പർ സംവിധായകർക്കും അവരുടെ ഉപജാപകവൃന്ദത്തിൽ പെട്ട നിർമ്മാതാക്കൾക്കും കണ്ണിലെ കരടായി.. അങ്ങനെ അവരെല്ലാം എറണാകുളം സരോവരം ഹോട്ടലിൽ ഒത്തു ചേർന്ന് ആ സംഘടനയെ ആവേശത്തോടെ തകർത്തെറിഞ്ഞു..
എന്നിട്ട് ഇപ്പോ നടക്കുന്നതു പോലെ അവർക്ക് ഇഷ്ടാനിഷ്ടം പെരുമാറാൻ കൂട്ടുനിൽക്കുന്ന ഒരു സംഘടനയേ അവരു തന്നെ കാശുകൊടുത്ത് സ്പോൺസർ ചെയ്ത് ഉണ്ടാക്കി..
ഇതല്ലായിരുന്നോ സത്യം..?
നമ്മുടെ സിനിമാ പ്രമുഖർക്ക് നെഞ്ചത്തു കൈവച്ച് ഇതു നിഷേധിക്കാൻ പറ്റുമോ?
ക്രിമിനൽ പച്ഛാത്തലമുള്ള ഡ്രൈവർമാരും പിണിയാളുകളുമൊക്കെ എങ്ങനെ സിനിമയിൽ നുഴഞ്ഞു കേറി എന്ന് നമ്മുടെ സിനിമാ പ്രമുഖർ ഇനിയെൻകിലും സത്യ സന്ധമായി ഒന്നു ചിന്തിക്കുമോ?
മലയാള സിനിമയില് സ്ത്രീകള് നേരിടുന്ന വിവേചനങ്ങള് സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്ട്ട് 2019 ഡിസംബര് 31നായിരുന്നു സര്ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്കിയ റിപ്പോര്ട്ടില് 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്ട്ട് പുറത്തുവിടാന് സര്ക്കാര് തയ്യാറായിരുന്നില്ല. ഒടുവില് വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്ട്ട് പുറത്തുവിടാന് സര്ക്കാര് തീരുമാനിച്ചത്.
2017 ജൂലൈയിലാണ് സിനിമയിലെ സ്ത്രീ വിവേചനങ്ങള് സംബന്ധിച്ച് പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്ക്കാര് ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്ഡ്) അധ്യക്ഷയായി മുന് ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സര്ക്കാര് രൂപീകരിച്ചത്. ചലച്ചിത്രമേഖലയില് സ്ത്രീകള് നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള് നിര്ദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവര്ത്തനങ്ങള് പരിശോധിക്കാന് ഇത്തരത്തിലുള്ള ഒരു കമ്മീഷന് രൂപീകരിക്കുന്നത് ഇന്ത്യയില് ആദ്യമായായിരുന്നു.
ഞങ്ങളുടെ പോരാട്ടം ശരിയായ ദിശയില്, സർക്കാർ റിപ്പോർട്ട് പഠിച്ച് നടപടിയെടുക്കണം; ഡബ്ല്യൂസിസിറിപ്പോര്ട്ട് സര്ക്കാരിന് സമര്പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് വിവരാവകാശ കമ്മിഷനില് അപ്പീല് എത്തിയത്. അപേക്ഷയിലെ പൊതുതാത്പര്യവും സംശയിക്കപ്പെട്ടു. റിപ്പോര്ട്ട് പഠിക്കാനുള്ള സാവകാശം വേണമെന്നതും 2022 ഒക്ടോബര് 22-ലെ വിധിയും സര്ക്കാരിന് അനുകൂലമായി. പിന്നീടെത്തിയ അപ്പീലാണ് വിവരാവകാശ കമ്മിഷണര് എ. അബ്ദുള് ഹക്കീമിന്റെ മുന്നിലെത്തിയത്. വിലക്കപ്പെട്ട വിവരം ഉള്ളതിന്റെ പേരില് ഒരു റിപ്പോര്ട്ട് പൂര്ണമായും രഹസ്യമാക്കി വെക്കരുതെന്ന മുന്വിധിന്യായങ്ങള് കമ്മിഷന് പരിഗണിച്ചു. കേന്ദ്രവിവരാവകാശ കമ്മിഷനും സമാനകേസുകളില് ഇതേ നിലപാട് സ്വീകരിച്ചിരുന്നു. വിചാരണവേളയില് കമ്മിഷന് റിപ്പോര്ട്ട് വിവരാവകാശ കമ്മിഷനുമുന്നില് എത്തിക്കാന് സര്ക്കാര് തയ്യാറായിരുന്നില്ല. മേയ് രണ്ടിന് റിപ്പോര്ട്ട് ഹാജരാക്കാനുള്ള നിര്ദേശം സാംസ്കാരിക വകുപ്പും അംഗീകരിച്ചില്ല. ചലച്ചിത്രനയരൂപവത്കരണവുമായി ബന്ധപ്പെട്ട കൂടിയാലോചനകള്ക്ക് റിപ്പോര്ട്ട് മന്ത്രിയുടെ പരിഗണനയിലാണെന്നായിരുന്നു വിശദീകരണം.
തെളിവെടുപ്പിന് ബന്ധപ്പെട്ട രേഖ നിര്ബന്ധമാണെന്ന് പറഞ്ഞ കമ്മിഷന് ഒമ്പതിന് റിപ്പോര്ട്ട് ഹാജരാക്കാന് നിര്ദേശിച്ചു. ഇതിന് നിയമോപദേശം തേടിയിട്ടുണ്ടെന്നും നയപരമായ തീരുമാനമായതിനാല് കമ്മിഷന് റിപ്പോര്ട്ട് കൈമാറാന് മന്ത്രിസഭയുടെ അനുമതി വേണമെന്നും അറിയിച്ചു. എന്നാല്, സര്ക്കാര് വാദം തള്ളിയ കമ്മിഷന് 10 ദിവസത്തിനുള്ളില് റിപ്പോര്ട്ട് ഹാജരാക്കാന് കര്ശന നിര്ദേശം നല്കി. വിവരാവകാശനിയമപ്രകാരം രേഖകള് പിടിച്ചെടുത്ത് പരിശോധിക്കാന് അധികാരം നല്കുന്ന വകുപ്പുകള് പരാമര്ശിച്ച് നോട്ടീസും നല്കി. തുടര്ന്നാണ് 295 പേജുള്ള റിപ്പോര്ട്ട് വിവരാവകാശ കമ്മിഷനുമുന്നില് മുദ്രവെച്ച കവറില് എത്തിയത്. മാധ്യമപ്രവര്ത്തകര് നല്കിയ അപ്പീലിലാണ് വിവരാവകാശ കമ്മിഷന്റെ വിധിയുണ്ടായത്. നേരത്തേ വിവരാവകാശ കമ്മിഷന് തള്ളിയ അപേക്ഷകരെ വീണ്ടും പരിഗണിച്ചു. അപേക്ഷകര് മാധ്യമപ്രവര്ത്തകരായതിനാല് എല്ലാവര്ക്കും ഒരേദിവസം പകര്പ്പുനല്കണമെന്നും കമ്മിഷന് പറഞ്ഞു.
2024 ജൂലായ് ആറിനാണ്റിപ്പോട്ട് പുറത്തുവിടാന് വിവരാവകാശ കമ്മിഷന് ഉത്തരവ് വന്നത്. പിന്നീട് നിര്മാതാവ് സജിമോന് പാറയില്, നടി രഞ്ജിനി എന്നിവര് റിപ്പോര്ട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട് കോടതി സമീപിച്ചെങ്കിലും ആ ഹര്ജികള് തള്ളിയതോടെയാണ് ഒടുവില് റിപ്പോര്ട്ട് വെളിച്ചം കണ്ടത്.