കല്പറ്റ: യുവജനസംഘടനകളുടെ പ്രതിഷേധം ശക്തമായതോടെ ദുരന്തബാധിതരുടെ ധനസഹായത്തിൽ നിന്ന് ഈടാക്കിയ വായ്പാതുകകൾ തിരിച്ചുനൽകി ഗ്രാമീൺ ബാങ്ക്. പണം തിരിച്ചുനൽകിയതിന്റെ രേഖകൾ ബാങ്ക് അധികൃതർ പൊലീസുകാർക്കടക്കം കൈമാറി.
എന്നാൽ ബാങ്ക് കൂടുതല് പേരുടെ പണം പിടിച്ചുവെന്നും അവരുടെ വിവരങ്ങൾ വേണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് എന്നീ സംഘടനകളാണ് വായ്പാ തുക പിടിച്ചതിൽ ബാങ്കിന് മുൻപിൽ ഉപരോധസമരവുമായി രംഗത്തുള്ളത്. സമരം കടുപ്പിച്ച സംഘടനകൾ ബാങ്ക് മാനേജരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു. പിടിച്ച തുക തിരിച്ചുനൽകിയെന്ന് ബാങ്ക് മാനേജർ അറിയിച്ചെങ്കിലും ദുരന്തബാധിതർക്ക് അവ ലഭിച്ചില്ലെന്ന് സംഘടനകൾ ആരോപിച്ചു. സമരം അക്രമാസക്തമാകുകയും പൊലീസ് ഇടപെടുകയും ചെയ്തു.
അതേസമയം, മുണ്ടക്കൈ ദുരന്തബാധിതർക്ക് സർക്കാർ നൽകിയ അടിയന്തര ധനസഹായത്തിൽ നിന്ന് പിടിച്ച വായ്പാ തുക തിരിച്ചുനൽകുമെന്ന് സംസ്ഥാന തല ബാങ്കിങ് സമിതി അറിയിച്ചു. സാങ്കേതിക കാരണങ്ങളാലാണ് ദുരിതബാധിതരുടെ ധനസഹായത്തുകയിൽ നിന്ന് വായ്പ പിടിച്ചതെന്ന് ബാങ്കിങ് സമിതി പറഞ്ഞു. ജൂലൈ 30ന് ശേഷം പിടിച്ച വായ്പാ തുക തിരിച്ച് നൽകാൻ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. ഇന്ന് തലസ്ഥാനത്ത് ചേരുന്ന ബാങ്കേഴ്സ് സമിതി യോഗം ഇക്കാര്യത്തിൽ നിർദ്ദേശം നൽകും.