മലയാള സിനിമയിൽ സാറ്റലൈറ്റ് നിരക്കിലും വിവേചനം നടക്കുന്നുണ്ടെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്. സാറ്റലൈറ്റ് മൂല്യം നിശ്ചയിക്കുന്നതിൽ ഒരു അധികാരസംഘം പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സിനിമയിൽ പുരുഷതാരങ്ങൾക്ക് ഉയർന്ന പ്രതിഫലം നൽകുന്നതിന് കാരണമായി പറയുന്നത് സാറ്റലൈറ്റ് മൂല്യം ആണെന്നും ചാനൽ മേധാവികളിൽ നിന്ന് തന്നെ ഇത്തരത്തിൽ വിവേചനം ഉണ്ടാവാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
നടിമാരേക്കാൾ ഉയർന്ന സാറ്റലൈറ്റ് മൂല്യം പുരുഷ നടന്മാർക്ക് നൽകുന്നതിന് അടിസ്ഥാനമാക്കുന്ന കാര്യങ്ങള് സംശയാസ്പദമാണ്. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ സാറ്റലൈറ്റ് അവകാശ മൂല്യം അടിസ്ഥാനമാക്കിയാണ് നടന്മാരുടെ പ്രതിഫലം നിശ്ചയിക്കുന്നത്. സിനിമ പോലും കാണാതെ നായകന്മാരുടെ പേരുകൾ മാത്രം പറഞ്ഞ് ഹൈപ്പ് സൃഷ്ടിച്ച് സാറ്റലൈറ്റ് അവകാശം വാങ്ങാൻ ചാനലുടമകൾ മുന്നോട്ട് വരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സിനിമ കാണാതെ തന്നെ സിനിമയുടെ സാറ്റലൈറ്റ് അവകാശം വാങ്ങാൻ ചാനൽ ഉടമയെ പ്രേരിപ്പിക്കാൻ നടനും നിർമ്മാതാവും സംവിധായകനും ഒറ്റക്കെട്ടായി പ്രവർത്തിക്കും.
LIVE BLOG: ഞെട്ടിക്കുന്ന വിവരങ്ങളുമായി ഹേമ കമ്മിറ്റി റിപ്പോര്ട്ട്, 'അത്യുന്നതര്'ക്കെതിരെ മൊഴിചാനലുടമകളും നിർമ്മാതാവ്-സംവിധായകൻ-നായകൻ എന്നിവരുടെ കൂട്ടുകെട്ടും തമ്മിൽ ധാരണയുണ്ട്. സാറ്റലൈറ്റ് അവകാശം വാങ്ങിയ സിനിമകളിലെ നായകന്മാർ അവാർഡ് ചടങ്ങ് പോലുള്ള ചാനലുകളുടെ പരിപാടികളിൽ പങ്കെടുക്കാൻ സമയം കണ്ടെത്തുന്നു. എന്നാൽ സിനിമാ പ്രൊമോഷൻ പരിപാടികളിലോ അവാർഡ് ചടങ്ങുകളിലോ സ്ത്രീകൾ എത്തിയാലും ചാനൽ ഉടമകൾ അവർക്ക് ഒരു പരിഗണനയും നൽകുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു.
നടിമാരുടെ പേരിൽ ചാനൽ ഉടമകളോട് സംസാരിക്കാൻ തയ്യാറുള്ളവരായിട്ടുള്ളവർ സിനിമയിലെ അധികാരഘടനയിൽ ആരും ഇല്ലെന്നും നായികമാരുടെ പേര് പറഞ്ഞ് ആരും സാറ്റലൈറ്റ് അവകാശം വാങ്ങുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഉയർന്ന തിയേറ്റർ കളക്ഷൻ ലഭിച്ച സിനിമയ്ക്ക് കൂടുതൽ സാറ്റലൈറ്റ് മൂല്യം ലഭിക്കണമെന്നതാണ് സാമാന്യരീതി. എന്നാൽ സ്വാധീനം ചെലുത്താൻ സാധിക്കാത്ത നിർമാതാക്കളാണെങ്കിൽ ഇത്തരം സിനിമകളുടെ സാറ്റലൈറ്റ് അവകാശം വാങ്ങാൻ ചാനൽ ഉടമകൾ മുന്നോട്ട് വരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സിനിമയിലെ അധികാരകേന്ദ്രങ്ങളോട് അടുത്ത് നിൽക്കാത്ത നിർമാതാക്കൾ നിർമിക്കുന്ന സിനിമകളുടെ സാറ്റലൈറ്റ് അവകാശം ചാനലുകൾ വാങ്ങിയാലും അത് തുച്ഛമായ വിലയ്ക്ക് ആയിരിക്കും. സിനിമ എത്ര മികച്ചതാണെങ്കിലും അധികാരകേന്ദ്രങ്ങൾ ചാനലുകളെ സ്വാധീനിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
'സുഡാനി ഫ്രം നൈജീരിയ' പോലുള്ള സിനിമയ്ക്ക് മികച്ച അഭിപ്രായം ലഭിച്ചപ്പോഴും അധികാരകേന്ദ്രങ്ങളിൽ ഉൾപ്പെടാത്തതിനാൽ ദീർഘനാൾ കാത്തിരുന്നതിന് ശേഷമാണ് സാറ്റലൈറ്റ് ചാനലിന് നല്കാന് കഴിഞ്ഞതെന്നും അതുതന്നെ വളരെ കുറഞ്ഞ തുകയ്ക്കാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സിനിമയുടെ മെറിറ്റ് അല്ല സാറ്റലൈറ്റ് മൂല്യം ലഭിക്കുന്നതിന് അടിസ്ഥാനമാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഏറെ നാടകീയ സംഭവങ്ങള്ക്ക് ശേഷമാണ് ഇന്ന് ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവിട്ടത്. നിര്മാതാവ് സജിമോന് പാറയില്, നടി രഞ്ജിനി എന്നിവര് റിപ്പോര്ട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും ആ ഹര്ജികള് തള്ളിയതോടെയാണ് റിപ്പോര്ട്ട് വെളിച്ചം കണ്ടത്.
മലയാള സിനിമയില് സ്ത്രീകള് നേരിടുന്ന വിവേചനങ്ങള് സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്ട്ട് 2019 ഡിസംബര് 31നായിരുന്നു സര്ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്കിയ റിപ്പോര്ട്ടില് 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്ട്ട് പുറത്തുവിടാന് സര്ക്കാര് തയ്യാറായിരുന്നില്ല. ഒടുവില് വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്ട്ട് പുറത്തുവിടാന് സര്ക്കാര് തീരുമാനിച്ചത്.
2017 ജൂലൈയിലാണ് സിനിമയിലെ സ്ത്രീ വിവേചനങ്ങള് സംബന്ധിച്ച് പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്ക്കാര് ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്ഡ്) അധ്യക്ഷയായി മുന് ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സര്ക്കാര് രൂപീകരിച്ചത്. ചലച്ചിത്രമേഖലയില് സ്ത്രീകള് നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള് നിര്ദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവര്ത്തനങ്ങള് പരിശോധിക്കാന് ഇത്തരത്തിലുള്ള ഒരു കമ്മീഷന് രൂപീകരിക്കുന്നത് ഇന്ത്യയില് ആദ്യമായായിരുന്നു.
റിപ്പോര്ട്ട് സര്ക്കാരിന് സമര്പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് വിവരാവകാശ കമ്മിഷനില് അപ്പീല് എത്തിയത്. അപേക്ഷയിലെ പൊതുതാത്പര്യവും സംശയിക്കപ്പെട്ടു. റിപ്പോര്ട്ട് പഠിക്കാനുള്ള സാവകാശം വേണമെന്നതും 2022 ഒക്ടോബര് 22-ലെ വിധിയും സര്ക്കാരിന് അനുകൂലമായി. പിന്നീടെത്തിയ അപ്പീലാണ് വിവരാവകാശ കമ്മിഷണര് എ. അബ്ദുള് ഹക്കീമിന്റെ മുന്നിലെത്തിയത്. വിലക്കപ്പെട്ട വിവരം ഉള്ളതിന്റെ പേരില് ഒരു റിപ്പോര്ട്ട് പൂര്ണമായും രഹസ്യമാക്കി വെക്കരുതെന്ന മുന്വിധിന്യായങ്ങള് കമ്മിഷന് പരിഗണിച്ചു. കേന്ദ്രവിവരാവകാശ കമ്മിഷനും സമാനകേസുകളില് ഇതേ നിലപാട് സ്വീകരിച്ചിരുന്നു. വിചാരണവേളയില് കമ്മിഷന് റിപ്പോര്ട്ട് വിവരാവകാശ കമ്മിഷനുമുന്നില് എത്തിക്കാന് സര്ക്കാര് തയ്യാറായിരുന്നില്ല. മേയ് രണ്ടിന് റിപ്പോര്ട്ട് ഹാജരാക്കാനുള്ള നിര്ദേശം സാംസ്കാരിക വകുപ്പും അംഗീകരിച്ചില്ല. ചലച്ചിത്രനയരൂപവത്കരണവുമായി ബന്ധപ്പെട്ട കൂടിയാലോചനകള്ക്ക് റിപ്പോര്ട്ട് മന്ത്രിയുടെ പരിഗണനയിലാണെന്നായിരുന്നു വിശദീകരണം.
തെളിവെടുപ്പിന് ബന്ധപ്പെട്ട രേഖ നിര്ബന്ധമാണെന്ന് പറഞ്ഞ കമ്മിഷന് ഒമ്പതിന് റിപ്പോര്ട്ട് ഹാജരാക്കാന് നിര്ദേശിച്ചു. ഇതിന് നിയമോപദേശം തേടിയിട്ടുണ്ടെന്നും നയപരമായ തീരുമാനമായതിനാല് കമ്മിഷന് റിപ്പോര്ട്ട് കൈമാറാന് മന്ത്രിസഭയുടെ അനുമതി വേണമെന്നും അറിയിച്ചു. എന്നാല്, സര്ക്കാര് വാദം തള്ളിയ കമ്മിഷന് 10 ദിവസത്തിനുള്ളില് റിപ്പോര്ട്ട് ഹാജരാക്കാന് കര്ശന നിര്ദേശം നല്കി. വിവരാവകാശനിയമപ്രകാരം രേഖകള് പിടിച്ചെടുത്ത് പരിശോധിക്കാന് അധികാരം നല്കുന്ന വകുപ്പുകള് പരാമര്ശിച്ച് നോട്ടീസും നല്കി. തുടര്ന്നാണ് 295 പേജുള്ള റിപ്പോര്ട്ട് വിവരാവകാശ കമ്മിഷനുമുന്നില് മുദ്രവെച്ച കവറില് എത്തിയത്. മാധ്യമപ്രവര്ത്തകര് നല്കിയ അപ്പീലിലാണ് വിവരാവകാശ കമ്മിഷന്റെ വിധിയുണ്ടായത്. നേരത്തേ വിവരാവകാശ കമ്മിഷന് തള്ളിയ അപേക്ഷകരെ വീണ്ടും പരിഗണിച്ചു. അപേക്ഷകര് മാധ്യമപ്രവര്ത്തകരായതിനാല് എല്ലാവര്ക്കും ഒരേദിവസം പകര്പ്പുനല്കണമെന്നും കമ്മിഷന് പറഞ്ഞു. 2024 ജൂലായ് ആറിനാണ് റിപ്പോട്ട് പുറത്തുവിടാന് വിവരാവകാശ കമ്മിഷന് ഉത്തരവ് വന്നത്.