കൊച്ചി: ഡേവിഡ് ഹല്ലെഗ്വയ്ക്ക് ഓർമകളിലേക്കുള്ള ഒരു മടക്കംകൂടിയായിരുന്നു ഈ യാത്ര. കളിച്ചും ചിരിച്ചും വളർന്നും നടന്ന ഫോർട്ട് കൊച്ചിയുടെയും മട്ടാഞ്ചേരിയുടെയും തെരുവുകളിലൂടെ വീണ്ടും നടന്നപ്പോൾ താൻ ഒരു വലിയ സംസ്കാരത്തിന്റെ ഭാഗമായിരുന്നുവെന്ന തോന്നൽ ഒരു പക്ഷെ ഡേവിഡിന് ഉണ്ടായിരുന്നിരിക്കണം.
ഫോർട്ട് കൊച്ചിയിലെ അവസാനത്തെ പരദേശി ജൂത സ്ത്രീയായിരുന്ന ക്വീനി ഹല്ലെഗ്വയുടെ മകനാണ് ഡേവിഡ് ഹല്ലെഗ്വ. കൊച്ചിയിലെ ജൂതത്തെരുവിൽ നിലവിൽ താമസിച്ചുവന്നിരുന്ന, 89 വയസുകാരിയായിരുന്ന ക്വീനി ഹല്ലെഗ്വ ഒരാഴ്ച മുൻപ് മരിച്ചു. ഇതോടെ ഫോർട്ട് കൊച്ചിയുടെയും മട്ടാഞ്ചേരിയുടെയും സാംസ്കാരിക വിനിമയങ്ങളുടെ ചരിത്രത്തിൽ പ്രധാനപ്പെട്ട പങ്ക് വഹിച്ചിരുന്ന കൊച്ചിയിലെ ജൂതരുടെ നിലവിലെ എണ്ണം വെറും ഒന്ന് മാത്രമായി.
ക്വീനിയുടെ മരണാനന്തര ചടങ്ങുളുടെ ഭാഗമായാണ് യുഎസിൽ സ്ഥിരതാമസമാക്കിയ ഡേവിഡ് വീണ്ടും മട്ടാഞ്ചേരിയിലെത്തിയത്. ഒരാഴ്ചയോളം അദ്ദേഹം കൊച്ചിയിൽ തുടർന്നു. ശേഷം കഴിഞ്ഞ ദിവസമാണ് മടങ്ങിപ്പോയത്. കേരളത്തെയും കൊച്ചിയെയും ഇപ്പോഴും നെഞ്ചിലേറ്റി നടക്കുന്ന ഡേവിഡ് ഈ വരവിൽ നാടിനെയും നാട്ടുകാരെയുമെല്ലാം കണ്ടും, സംസാരിച്ച് മതിയാകാതെയുമാണ് യുഎസിലേക്ക് മടങ്ങിയത്.
' ഒരാഴ്ച ഞാൻ ഇവിടെയുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ എന്റെ സുഹൃത്തുക്കളുടെയും മറ്റും വീടുകളിലേക്കും, വെറുതെ ഈ തെരുവുകളിലൂടെയും നടക്കുമ്പോഴും എനിക്കെന്റെ കഴിഞ്ഞ കാലങ്ങൾ ഓർമവരികയായിരുന്നു'; ഡേവിഡ് 'ദ ഹിന്ദു'വിനോട് പറഞ്ഞു. തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠനം കഴിഞ്ഞ ശേഷമാണ് ഡേവിഡ് യുഎസിലേക്ക് കുടിയേറിയതും സ്ഥിരതാമസമാക്കിയതും.
ഒരുപാട് കാലത്തിന് ശേഷം കളിച്ചുവളർന്ന നാട്ടിലേക്ക് ഡേവിഡ് എത്തിയതിൻ്റെ സന്തോഷത്തിലാണ് മട്ടാഞ്ചേരിക്കാരും ഡേവിഡിന്റെ സുഹൃത്തുക്കളും. അനൗപചാരികമായ ഒരു ചെറിയ യാത്രയയപ്പ് നൽകിയാണ് ഡേവിഡിനെ അവരെല്ലാവരും കൂടി യാത്രയാക്കിയത്. കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും ജൂതരുടെ പ്രധാനപ്പെട്ട നേതാവായിരുന്ന കോഡറുടെ ചെറുമകൻ കൂടിയാണ് ഡേവിഡ്.