കണ്ണൂർ: കാഫിർ വ്യാജ സ്ക്രീൻഷോട്ട് പ്രചരിച്ച 'അമ്പാടി മുക്ക് സഖാക്കൾ' പേജ് അഡ്മിൻ പി ജയരാജന്റെ വിശ്വസ്തൻ. ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റി അംഗം മനീഷ് മനോഹരനാണ് പേജ് അഡ്മിൻ. ജില്ലാ സെക്രട്ടറിയായിരിക്കെ പി ജയരാജന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തിരുന്നതും മനീഷായിരുന്നു. കാഫിർ വ്യാജ സ്ക്രീൻഷോട്ട് അമ്പാടിമുക്ക് പേജിൽ ഷെയർ ചെയ്തത് മനീഷാണെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ കാഫിർ വ്യാജ സ്ക്രീൻഷോട്ട് പ്രചരിച്ചത് തെറ്റാണെന്ന് പറഞ്ഞ സിപിഐഎം നേതാവ് എം വി ജയരാജൻ മനീഷിനെതിരെ നടപടിഎടുക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരുന്നില്ല. പോസ്റ്റ് ഉണ്ടാക്കിയവരെ ആദ്യം കണ്ടെത്തണം. അതിന് പൊലീസിന് കഴിയും എന്നാണ് പ്രതീക്ഷയെന്നും ഇതിനുശേഷം പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും എം വി ജയരാജൻ പ്രതികരിച്ചു.
കാഫിർ വ്യാജ സ്ക്രീൻ ഷോട്ട് വിവാദത്തിലെ പൊലീസ് റിപ്പോർട്ട് സിപിഐഎമ്മിന് വൻ തിരിച്ചടിയായിരിക്കുകയാണ്. സിപിഐഎമ്മിനെ പിന്തുണയ്ക്കുന്ന പാർട്ടി പ്രവർത്തകർ തന്നെ നിയന്ത്രിക്കുന്ന ഫേസ്ബുക്ക് പേജുകളിലും വാട്സാപ്പ് ഗ്രൂപ്പുകളിലുമാണ് വ്യാജ സ്ക്രീൻ ഷോട്ട് ആദ്യമെത്തിയതെന്നാണ് കണ്ടെത്തൽ.
'കാഫിര്' വ്യാജ സ്ക്രീന്ഷോട്ട് ആദ്യം ലഭിച്ചത് റെഡ് എന്കൗണ്ടര് വാട്സ് ആപ് ഗ്രൂപ്പിലാണെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷാണ് ഈ ഗ്രൂപ്പില് സ്ക്രീന്ഷോട്ട് പോസ്റ്റ് ചെയ്തത്. ഇത് കണ്ടെത്തിയ പൊലീസ് റിബേഷിനെ ചോദ്യം ചെയ്തിരുന്നു. സ്ക്രീന്ഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് ചോദ്യം ചെയ്യലില് ഇയാള് പറഞ്ഞത്. റിബേഷിൻ്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.