തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുകയാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന സംവിധാനമുണ്ടാകണം. കേരളത്തിലെ പൊതുസമൂഹത്തിന്റെ ആവശ്യമാണിത്. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന നിയമം പോലും സിനിമാ മേഖലയിൽ ഉണ്ടായിരുന്നില്ല. പരാതി പരിഹാര സംവിധാനം സിനിമ മേഖലയിൽ നിലവിൽ വരും.
നടിയുടെ ഹർജി തള്ളിയ സാഹചര്യത്തിൽ ഇന്ന് തന്നെ ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കും. അന്തസ്സും അഭിമാനവും സംരക്ഷിക്കുന്ന വിധമാകും റിപ്പോർട്ടെന്ന് കരുതുന്നു. മറ്റ് സംസ്ഥാനങ്ങളിൽ പോലും ഇല്ലാത്ത സംവിധാനമാണ് ഇത്. മറ്റു സംസ്ഥാനങ്ങളിലെ സിനിമാ താരങ്ങൾക്കും മാതൃകയാകും. റിപ്പോർട്ട് പ്രസിദ്ധീകരിക്കട്ടെ, വനിതാ കമ്മീഷനും അതാണ് ആഗ്രഹിച്ചതെന്നും പി സതീദേവി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവിടരുതെന്ന നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് പരിഗണിക്കാത്ത സാഹചര്യത്തിൽ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ നിർബന്ധിതമായിരിക്കുകയാണ്. ഹർജി ഹൈക്കോടതി പരിഗണിക്കാത്തതോടെ റിപ്പോർട്ടിന്മേലുള്ള എല്ലാ നിയമതടസങ്ങളും മാറി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയതിന് പിന്നാലെയാണ് രഞ്ജിനി സിംഗിൾ ബെഞ്ചിന് മുമ്പാകെ ഹർജി സമർപ്പിച്ചത്.
മലയാള സിനിമാ മേഖലയില് നടിമാര് നേരിടുന്ന ലൈംഗികാതിക്രമം ഉള്പ്പടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്ട്ടില് ഉള്ളത്. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്കിയ റിപ്പോര്ട്ടര് ടിവി പ്രിന്സിപ്പിള് കറസ്പോണ്ടന്റ് ആര് റോഷിപാലിനുള്പ്പടെ റിപ്പോര്ട്ടിന്റെ സോഫ്റ്റ് കോപ്പി ഇമെയിലില് ലഭ്യമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സ്റ്റേറ്റ് പബ്ലിക് ഇന്ഫോര്മേഷന് ഓഫീസറാണ് വിവരം കൈമാറുക. പുറത്തുവിടുമെന്ന് അറിയിച്ചിരുന്ന റിപ്പോര്ട്ടിലെ 233 പേജും സ്കാന് ചെയ്ത് പിഡിഎഫ് ഫോര്മാറ്റിലേക്ക് മാറ്റിയിട്ടുണ്ട്.