ഹേമ കമ്മിറ്റി റിപ്പോര്ട്ടില് പറയുന്ന കാര്യങ്ങള് അംഗീകരിക്കുന്നുവെന്ന് സിനിമാതാരം ഷൈന് ടോം ചാക്കോ. അതു പക്ഷെ ഇവിടെ മാത്രം സംഭവിക്കുന്ന കാര്യമല്ലെന്നും ഷൈന് മാധ്യമങ്ങളോടു പ്രതികരിച്ചു. 'ഹേമ കമ്മിറ്റി റിപ്പോര്ട്ടില് പറയുന്ന കാര്യങ്ങള് അംഗീകരിക്കുന്നു. അതുപക്ഷെ ഇവിടെ മാത്രം സംഭവിക്കുന്ന കാര്യമല്ല. പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്ന സ്ത്രീയുടെ ഒപ്പവും എനിക്ക് നില്ക്കേണ്ടി വരും, പീഡിപ്പിച്ചുവെന്ന് ഒരു സ്ത്രീ പറയുന്ന പുരുഷന്റെ ഒപ്പവും എനിക്ക് നില്ക്കേണ്ടി വരും കാരണം പീഡിപ്പിക്കുന്നത് ഞാന് കണ്ടിട്ടില്ല'- ഷൈന് പറയുന്നു.
മലയാള സിനിമ മേഖലകളില് നടന്നുവരുന്ന പലവിധത്തിലുള്ള ചൂഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഹേമ കമ്മറ്റി റിപ്പോര്ട്ടിലൂടെ പുറത്തുവരുന്നത്. സ്ത്രീകള്ക്ക് യാതൊരു സുരക്ഷയും ഇല്ലാത്തയിടമാണ് മലയാള സിനിമയെന്ന് അക്കമിട്ട് നിരത്തുന്ന വിവരങ്ങളാണ് ഹേമ കമ്മറ്റി റിപ്പോര്ട്ടിലെ ഓരോ വരികളിലൂടെയും പുറത്തു വരുന്നത്. മലയാള സിനിമാ മേഖലയില് നടിമാര് നേരിടുന്ന ലൈംഗികാതിക്രമം ഉള്പ്പടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്ട്ടില് ഉള്ളത്. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്കിയ റിപ്പോര്ട്ടര് ടിവി പ്രിന്സിപ്പിള് കറസ്പോണ്ടന്റ് ആര് റോഷിപാലിനുള്പ്പടെ റിപ്പോര്ട്ടിന്റെ സോഫ്റ്റ് കോപ്പി ഇമെയിലില് ലഭ്യമായി. പുറത്തുവിടുമെന്ന് അറിയിച്ചിരുന്ന റിപ്പോര്ട്ടിലെ 233 പേജും സ്കാന് ചെയ്ത് പിഡിഎഫ് ഫോര്മാറ്റിലേക്ക് മാറ്റിയിട്ടുണ്ട്.
ലോഡ്ജുകള് പോലെയുള്ള മദ്യപാനം കൂടുതലുള്ളതും സ്ത്രീകള്ക്ക് സുരക്ഷിതമല്ലാത്തതുമായ സ്ഥലങ്ങളില് താമസസൗകര്യം നല്കാറുണ്ട്. ഡ്രൈവര്മാരുടെ ക്രിമിനല് പശ്ചാത്തലം പരിശോധിക്കാതെ വാഹനസൗകര്യം നല്കുന്നു. പ്രധാന വനിതാ താരങ്ങള്ക്കും ഈ വിഷയത്തില് തുല്യമായ ആശങ്കയാണുള്ളതെന്നും റിപ്പോർട്ട് പറയുന്നു. പരാതി പരിഹാര സംവിധാനങ്ങളില്ലാതെ ലൈംഗികാതിക്രമങ്ങള് നടക്കുന്ന ഇടമാണ് സിനിമാ വ്യവസായം.വ്യവസായത്തെ നിയന്ത്രിക്കുന്ന ഒരുപിടി നിര്മ്മാതാക്കളും സംവിധായകരും അഭിനേതാക്കളും പ്രൊഡക്ഷന് കണ്ട്രോളര്മാരും അടങ്ങുന്ന ഒരു ശക്തി ബന്ധമാണ് മലയാള ചലച്ചിത്ര വ്യവസായത്തിനുള്ളത്. അധികാര ബന്ധമുള്ള ആരെങ്കിലും ലൈംഗികാതിക്രമം നടത്തുമ്പോള്, സംഭവം നടന്ന പ്രത്യേക സിനിമയില് നിന്ന് മാത്രമല്ല, മറ്റുള്ള എല്ലാ സിനിമകളില് നിന്നും പുറത്താക്കപ്പെടുമെന്നതുകൊണ്ടുതന്നെ സ്ത്രീകള്ക്ക് പരാതിപ്പെടാന് ഭയമാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.