കുട്ടി ആരോഗ്യവതിയായിരിക്കുന്നുവെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ ഷാനിബ. കുട്ടിയെ കണ്ടെത്തിയത് ഒരുകൂട്ടം സ്ത്രീകൾക്കിടയിൽ നിന്നാണ്.
മലയാളി സമാജം പ്രവർകത്തകർ എത്തുമ്പോൾ സ്ത്രീകൾ കുട്ടിയുടെ അവകാശവാദം ഉന്നയിച്ചു. കുട്ടി ഇപ്പോൾ മലയാളി സമാജം പ്രവർത്തകർക്കൊപ്പമാണുള്ളത്. കൂടെ റെയിൽവെ സംരക്ഷണ സേനാംഗങ്ങളുമുണ്ട്.
പെൺകുട്ടിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് നാളെ തീരുമാനിക്കും. കുട്ടിക്ക് ഇന്ന് വിശ്രമം നൽകും.
കുട്ടി സുരക്ഷിതയാണെന്നറിഞ്ഞതിൽ സന്തോഷമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അറിയിച്ചു.
മകളെ കണ്ടെത്തിയതിൽ സന്തോഷം പങ്കുവച്ച് മാതാപിതാക്കൾ. പൊലീസ് കുട്ടിയെ കണ്ടെത്തിയതിൽ സന്തോഷം. എല്ലാവർക്കും നന്ദിയെന്നും മാതാപിതാക്കൾ പറഞ്ഞു.
ചെന്നൈയിലേയ്ക്ക് തിരിച്ച പൊലീസ് സംഘം വിശാഖപട്ടണത്തേയ്ക്ക് പോകും. കുട്ടിയെ കൊണ്ടുവരുമെന്ന് പൊലീസ് മാതാപിതാക്കളെ അറിയിച്ചു. പൊലീസ് സംഘം ചെന്നൈയിൽ പോകും വഴിയാണ് കുട്ടിയെ കണ്ടെത്തിയ വിവരം അറിഞ്ഞത്.
പെൺകുട്ടിയോട് ഫോണിൽ വിവരങ്ങൾ ആരാഞ്ഞ് കുട്ടിയുടെ അമ്മ. 'ഭക്ഷണം കഴിച്ചോ. ക്ഷീണമുണ്ടോ. ഇപ്പോൾ എവിടെയാണ്. എന്തിനാണ് നീ വീട് വിട്ട് പോയത്. വഴക്കിട്ട് പോകാൻമാത്രം ഞാൻ നിന്നോട് എന്താണ് പറഞ്ഞത്' അമ്മ കുട്ടിയോട് ചോദിച്ചു.
അമ്മ തല്ലിയതുകൊണ്ടാണ് പോയതെന്ന് കുട്ടി പറഞ്ഞു. എവിടേക്കാണ് പോയതെന്ന് അറിയില്ല. എങ്ങനെയാണ് പോയതെന്നും തങ്ങൾക്ക് അറിവില്ല.
പൊലീസിനൊപ്പം വരുമെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞു.
'അമ്മ വഴക്കു പറഞ്ഞു, ആ വിഷമത്തില് ഇറങ്ങിപോന്നു, പിന്നൊന്നും അറിയില്ല' എന്നായിരുന്നു കണ്ടെത്തിയതിന് ശേഷം കുട്ടിയുടെ പ്രതികരണമെന്ന് വിശാഖപട്ടണത്തെ മലയാളി സമാജം നേതാവ് എന്എം പിള്ള. താംബരം എക്സ്പ്രസ് ട്രെയിനില് കുട്ടി ഉണ്ടാവാം എന്ന സംശയം ചിലര് സൂചിപ്പിച്ചതിനെ തുടര്ന്ന് മലയാളി സമാജം പ്രവര്ത്തകര് വിശാഖ പട്ടണം സ്റ്റേഷനില് എത്തിയിരുന്നു. നാല് മണിക്കൂറോളം വൈകിയാണ് ട്രെയിനെത്തിയത്. ഓരോ ബോഗികളിലും കയറി പരിശോധിച്ചു. തുടര്ന്നാണ് മുന്വശത്തെ ബോഗിയില് നിന്ന് ബെര്ത്തില് കിടക്കുന്ന തരത്തില് കുട്ടിയെ കണ്ടെത്തിയതെന്ന് എന് എം പിള്ള പറഞ്ഞു.
കുട്ടി ക്ഷീണിതയായ അവസ്ഥയിൽ. കണ്ടെത്തിയത് ബെർത്തിൽ തളർന്നു കിടക്കവെ
കുട്ടിയെ കണ്ടെത്തിയത് വിശാഖപട്ടണം മലയാളി സമാജം പ്രവർത്തകർ. ട്രെയിനിലെ ബെർത്തിൽ കിടക്കുകയായിരുന്നു കുട്ടി. സംശയം തോന്നിയ യാത്രക്കാർ സംസാരിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി പ്രതികരിച്ചില്ല.
കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയായ തസ്മീത്ത് തംസത്തിനെ കണ്ടെത്തി. വിശാഖപട്ടണത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. താംബരം എക്സ്പ്രസ് ട്രെയിനില് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കാണാതായി 37 മണിക്കൂറുകള്ക്ക് ശേഷമാണ് കണ്ടെത്തിയത്. പെൺകുട്ടി സുരക്ഷിത.
പെൺകുട്ടി ചെന്നൈയിലില്ല. ഇന്ന് രാവിലെ ചെന്നൈയിലെത്തിയ ശേഷം ഗുവാഹട്ടി എക്സ്പ്രസിൽ കയറി ബെംഗളൂരുവിലേക്ക് പോയതായി സംശയം.
കേരള പൊലീസ് സംഘം ചെന്നൈയിലേക്ക് തിരിച്ചു. അഞ്ചംഗ സംഘമാണ് ചെന്നൈയിലേക്ക് തിരിച്ചത്. കുട്ടി ചെന്നൈ എഗ്മോർ എക്സ്പ്രസിൽ യാത്ര ചെയ്തെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടത്.
ചെന്നൈ എഗ്മോർ എക്സ്പ്രസ് നിർത്തിയ സ്റ്റേഷനുകളിലും പരിശോധന നടത്തിവരികയാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ആർപിഎഫ് നിർദ്ദേശം നൽകിയിട്ടുണ്ട്.
പെൺകുട്ടി ചെന്നൈയിലേയ്ക്ക് പോയെന്ന് നിഗമനം. ഐലൻഡ് എക്സ്പ്രസിൽ കന്യാകുമാരിയിലെത്തിയ പെൺകുട്ടി പ്ലാറ്റ് ഫോണിലിറങ്ങിയ ശേഷം തിരികെ അതേ ട്രെയിനിൽ കയറിയെന്നാണ് ആർപിഎഫ് പറയുന്നത്.
ട്രെയിൻ നമ്പർ - 12634 CHENNAI EGMORE SF EPRESS ഇന്ന് രാവിലെ 6.33നാണ് ചെന്നൈയിലെത്തിയത്.
കന്യാകുമരി റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയെത്തിയതായി സ്ഥിരീകരിച്ചു. ദൃശ്യങ്ങൾ ആർപിഎഫിന് ലഭിച്ചു. കഴക്കൂട്ടത്ത് നിന്ന് എത്തിയ പൊലീസ് സംഘം ദൃശ്യങ്ങൾ പരിശേധിക്കുകയാണ്.
പെൺകുട്ടിക്കായുള്ള അന്വേഷണം അസമിലേക്ക് നീണ്ടേക്കും. ഐലൻഡ് എക്സ്പ്രസിൽ വന്നിറങ്ങിയ പെൺകുട്ടി വിവേക് എക്സ്പ്രസിൽ കയറിയെന്നാണ് സംശയം. വിവേക് എക്സ്പ്രസിൽ പരിശോധന നടത്തുന്നുണ്ട്. ആർപിഎഫ് സംഘമാണ് പരിശോധന നടത്തുന്നത്. കന്യാകുമാരിയിൽ നിന്നും അസമിലേക്കുള്ള ട്രെയിനാണ് വിവേക് എക്സ്പ്രസ്സ്.
ഐലൻഡ് എക്സ്പ്രസ് കന്യാകുമാരിയിൽ മൂന്നരയോടെയാണ് എത്തിയത്. വിവേക് എക്സ്പ്രസ് പുറപ്പെട്ടത് അഞ്ചരയോടെയും.
നാലും അഞ്ചും പ്ലാറ്റ്ഫോമുകൾ കേന്ദ്രീകരിച്ചുള്ള കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
ഇന്നലെ പുറപ്പെട്ട വിവേക് എക്സ്പ്രസ് വിജയവാഡയിലേക്ക് അടുക്കുന്നതായാണ് വിവരം.
നാഗര്കോവിലില് ട്രെയിന് നിര്ത്തിയപ്പോള് രണ്ടാമത്തെ പ്ലാറ്റഫോമിൽ പെൺകുട്ടിയിറങ്ങിയതായി പൊലീസ് സ്ഥരീകരിച്ചു. പ്ലാറ്റ്ഫോമിലിറങ്ങിയ പെൺകുട്ടി കുപ്പിയിൽ വെള്ളമെടുത്ത് തിരികെ കയറി. നാഗർകോവിൽ സ്റ്റേഷനിൽ 3.3 നാണ് ഇറങ്ങിയത്. തിരുവനന്തപുരത്തുനിന്ന് കാണാതായ തസ്മീത്ത് എന്ന പെൺകുട്ടിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആര്പിഎഫ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് നിർണ്ണായക വിവരം ലഭിച്ചത്.
പൊലീസ് സംഘം നാഗര്കോവിലില്. പൊലീസിന് നിര്ണ്ണായക സിസിടിവി ദൃശ്യം ലഭിച്ചു. ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്.
തിരുവനന്തപുരത്ത് നിന്നും പൊലീസ് സംഘം നാഗര്കോവിലിലേക്ക് തിരിച്ചു. നാഗര്കോവില് റെയില്വേ സ്റ്റേഷനിലും പരിസരത്തും പരിശോധന നടത്തും. കന്യാകുമാരി റെയില്വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള് കേന്ദ്രീകരിച്ചുള്ള അന്വേഷണം വിഫലമായിരുന്നു. കുട്ടിയെ സംബന്ധിച്ചുള്ള ഒരു സൂചനയും ദൃശ്യങ്ങളില് നിന്ന് ലഭിച്ചില്ല.
പതിമൂന്നുകാരിയുടെ മാതാപിതാക്കളെ സന്ദര്ശിച്ച് മന്ത്രി വി ശിവന്കുട്ടി. മാതാപിതാക്കളോട് ശാന്തമായിരിക്കാന് ആവശ്യപ്പെട്ട മന്ത്രി കുട്ടിയെ കണ്ടെത്താന് വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും പറഞ്ഞു. സംഭവത്തെ വളരെ ഗൗരവത്തോടെ കാണുന്നു. കുട്ടിയെ കണ്ടെത്താനുള്ള എല്ലാ പരിശ്രമങ്ങളും നടക്കുന്നുണ്ട്. അതിഥി തൊഴിലാളികള്ക്ക് ലേബര് കാര്ഡ് ഉറപ്പാക്കാന് നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
നാട്ടില് ഭക്ഷണത്തിനും കുട്ടികളുടെ പഠനത്തിനുമെല്ലാം വലിയ ബുദ്ധിമുട്ടിലായിരുന്നു. അതുകൊണ്ടാണ് കേരളത്തിലേക്ക് വന്നതെന്നും കുട്ടിയുടെ മാതാപിതാക്കള് പറഞ്ഞു.
കുട്ടി പാറശ്ശാലയില് ഇറങ്ങിയില്ലെന്ന് നവ്യ. സീറ്റില് വേറെയും ആളുകള് ഉണ്ടായിരുന്നുവെന്നും എഞ്ചിന് അടുത്തുള്ള കോച്ചുകളിലൊന്നിൽ ആയിരുന്നു കുട്ടിയെന്നും ട്രെയിനില് കുട്ടിയെ കണ്ട നവ്യ റിപ്പോര്ട്ടറിനോട് പറഞ്ഞു.
കുട്ടിക്കായി അന്വേഷണം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. കഴക്കൂട്ടത്തിനും കന്യാകുമാരിക്കും ഇടയിലുള്ള എല്ലാ സ്റ്റേഷനുകളും കേന്ദ്രീകരിച്ചാണ് പരിശോധന.
കുട്ടിയെ കണ്ടെത്താനുള്ള പരിശോധനയില് കന്യാകുമാരിയില് നിന്ന് ഇതുവരെ വ്യക്തമായ സൂചനകളൊന്നും ലഭിക്കാത്തത് അന്വേഷണ സംഘത്തെ കുഴക്കുന്നു. കുട്ടി കന്യാകുമാരിയില് എത്തിയത് സ്ഥികരിക്കാനാകുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവറുടെ മൊഴി സ്ഥിരീകരിക്കാനായിട്ടില്ല. വ്യക്തമായ സൂചനകള് ലഭിച്ചിട്ടില്ലെന്നും പൊലീസ്.
കുട്ടിയെ കാണാതായി 26 മണിക്കൂര് പിന്നിട്ടിട്ടും ഇതുവരെ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. രാവിലെ മുതല് കന്യാകുമാരിയില് വ്യാപക തിരച്ചിലാണ് നടക്കുന്നത്. റെയില്വേ സ്റ്റേഷനിലെ ഉള്പ്പടെ സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചതിലും കുട്ടിയെ സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല.
ഇന്നലെ കുട്ടികള് തമ്മില് വഴക്കുണ്ടായിരുന്നുവെന്ന് കുട്ടിയുടെ പിതാവ്. വഴക്ക് പരിധിവിട്ടപ്പോള് അമ്മ ഇടപെട്ടു. രണ്ട് കുട്ടികളെയും തല്ലിയിരുന്നുവെന്നും പിതാവ് റിപ്പോര്ട്ടറിനോട് പറഞ്ഞു.
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ പരിശോധിക്കും. ജയന്തി ജനത എക്സ്പ്രസിൽ (പൂനെ എക്സ്പ്രെസ് ) ആണ് പരിശോധന നടത്തുക
സഹോദരങ്ങള്ക്കിടയില് ഒരു പ്രശ്നവുമുണ്ടായിരുന്നില്ലെന്ന് കാണാതായ കുട്ടിയുടെ സഹോദരന് വാഹിദ് ഹുസൈന്. സാധാരണ സഹോദരങ്ങളെ പോലെയായിരുന്നു തങ്ങളും. പ്രശ്നങ്ങളുണ്ടെന്നോ മറ്റോ കുട്ടി പറഞ്ഞിട്ടില്ലെന്നും താന് ഇപ്പോള് ബംഗളൂരുവിലാണെന്നും സഹോദരന് വാഹിദ് ഹുസൈന് പറഞ്ഞു.
വീട് വിട്ടത്- 9.30ന്
കഴക്കൂട്ടം ഭാഗത്ത് -10.34ന്
AJ ആശുപത്രിക്കടുത്ത് -10.45ന്
ബസ് കയറി തമ്പാനൂരിൽ
ട്രെയിൻ കയറിയത് ഒരു മണിയോടെ
കന്യാകുമാരി ബെംഗളൂരു എക്സ്പ്രസിൽ യാത്ര
കയ്യിൽ 40 രൂപയും ബസ് ടിക്കറ്റും
ട്രയിനിൽ കന്യാകുമാരിയിലേക്ക്
ട്രെയിൻ കന്യാകുമാരിയിൽ- 3.30PM
കന്യാകുമാരിയിൽ കണ്ടത്- പുലർച്ചെ 5.30ന്
ഒരു മാസം മുമ്പാണ് അവര് ഇവിടെ താമസത്തിന് വന്നതെന്ന് അയല്വാസി. മൂന്ന് കുട്ടികളാണ് ഒപ്പമുണ്ടായിരുന്നത്. അടികൊടുക്കുമെങ്കിലും സ്നേഹത്തോടെയാണ് കുട്ടികളെ നോക്കുന്നത്. കുട്ടികള് തമ്മില് വഴക്കുണ്ടാകാറുണ്ട്. മൂത്ത മകന് ഇവിടെ വന്നിട്ടില്ല ഇതുവരെ കണ്ടിട്ടില്ല. അവരുടെ ഭാഷ അറിയാത്തതുകൊണ്ട് കാര്യങ്ങള് വ്യക്തമായിട്ട് അറിയില്ലെന്നും അയല്വാസി പറഞ്ഞു.
കന്യാകുമാരി ബസ് സ്റ്റാന്റില് പരിശോധന തുടരുന്നു. ബസ് ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ കുട്ടിയുടെ ഫോട്ടോ പങ്കുവെച്ചു.
കഴക്കൂട്ടത്തുനിന്നും കുട്ടിയെ കാണാതായിട്ട് 24 മണിക്കൂര് പിന്നിടുന്നു. കുട്ടി കന്യാകുമാരിയില് തന്നെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. റെയില്വേ സ്റ്റേഷനിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള് പരിശോധിക്കുകയാണ്.
കന്യാകുമാരി ബീച്ചില് തമിഴ്നാട് പൊലീസിന്റെ പരീശോധന. പരിസരത്തെ കടകളിലും ഫോട്ടോഗ്രാഫര്മാരെയും കുട്ടിയുടെ ചിത്രം കാണിച്ചു.
കന്യാകുമാരിയിൽ പൊലീസ് പരിശോധന വ്യാപകമാക്കി.
കുട്ടിക്ക് അച്ഛന്റെ ഫോണ് നമ്പര് അറിയാം. വിളിക്കുമെന്ന് പ്രതീക്ഷയില് പിതാവ്.
അന്വേഷണത്തില് ശുഭപ്രതീക്ഷയെന്ന് ഡിസിപി ഭരത് റെഡ്ഡി റിപ്പോര്ട്ടറിനോട്. കന്യാകുമാരിയില് കണ്ടെന്ന് മൊഴി ലഭിച്ചു. സിസിടിവി ദൃശ്യങ്ങള് പരിശോധിക്കുകയാണെന്നും ഡിസിപി പറഞ്ഞു.
ബസ് സ്റ്റാന്റില് ഉള്പ്പടെ പൊലീസിന്റെ പരിശോധന തുടരുന്നു. കുട്ടിയുടെ ഫോട്ടോ ആളുകളെ കാണിച്ചാണ് പരിശോധന.
പെണ്കുട്ടിയുടെ ചെന്നൈയിലുള്ള സഹോദരന്റെ വിവരങ്ങള് തേടി പൊലീസ്. മാതാപിതാക്കളില് നിന്ന് ഫോണ് നമ്പര് അടക്കമുള്ള വിവരങ്ങള് ശേഖരിച്ചിട്ടുണ്ട്.
കുട്ടി കന്യാകുമാരിയില് എത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതായി കഴക്കൂട്ടം എസ്പി നിയാസ് റിപ്പോര്ട്ടറിനോട്. കേരള പൊലീസ് സംഘത്തിന്റെ തിരച്ചില് തുടരുകയാണ്. അന്വേഷണത്തിന് തമിഴ്നാട് പൊലീസിന്റെയും സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിയെ കണ്ടപ്പോള് പേടിച്ചതുപോലെയുണ്ടായിരുന്നുവെന്ന് കുട്ടിയെ ട്രെയിനില് കണ്ട യാത്രക്കാരി നവ്യ. പാറശ്ശാല വരെ കുട്ടിയെ കണ്ടുവെന്നും നവ്യ പറഞ്ഞു.
പുലര്ച്ചെ 5.30ന് കുട്ടിയെ കന്യാകുമാരിയില് കണ്ടെന്ന് ഓട്ടോറിക്ഷ ഡ്രൈവര്മാര്. കുട്ടി ബീച്ച് റോഡിലേക്കാണ് പോയതെന്നും ഇവര് പറഞ്ഞു. കന്യാകുമാരി റെയില്വേ സ്റ്റേഷനിലെ ആറ് പ്ലാറ്റ്ഫോമുകളും ട്രെയിനുകളും സ്റ്റേഷന് പരിസരവും പരിശോധിച്ചതായി റെയില്വേ സുരക്ഷാ സേന.
'ഉച്ചയ്ക്ക് ഒരു മണിക്ക് ട്രെയിനില് കയറിയപ്പോഴാണ് കുട്ടിയെ കണ്ടത്. തന്റെ എതിര് വശത്താണ് കുട്ടി ഇരുന്നിരുന്നത്. കരയുന്നത് കണ്ടാണ് ശ്രദ്ധിച്ചത്. കുട്ടി കരയുന്നതില് എന്തോ കുഴപ്പമുണ്ടെന്ന് തോന്നുന്നുവെന്ന് സുഹൃത്തുക്കളോട് പറഞ്ഞു. തമ്പാനൂര് റെയില്വേ സ്റ്റേഷനില് നിന്നാണ് കുട്ടി ട്രെയിനില് കയറിയത്', ബബിത റിപ്പോര്ട്ടറിനോട് പറഞ്ഞു.
കുട്ടിക്കായി ബീച്ചിലും ക്ഷേത്രത്തിന്റെ പരിസരങ്ങളിലും തിരച്ചിൽ
സ്ഥലത്തെ ഓട്ടോറിക്ഷക്കാര് കുട്ടിയെ കണ്ടെന്ന് മൊഴി
കുട്ടി പുലർച്ചെ 5.30ന് കന്യാകുമാരിയിലുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ച് പൊലീസ്. കന്യാകുമാരി എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തിരച്ചില് നടത്തുകയാണ്. പുലര്ച്ചെ നാല് മണി മുതല് പൊലീസ് പരിശോധന ആരംഭിച്ചു. തിരുവനന്തപുരം ഡിസിപി കന്യാകുമാരി പൊലീസിന് വിവരം കൈമാറുകയായിരുന്നു.
കുട്ടി ഇതിനുമുമ്പ് കന്യാകുമാരിയില് പോയിട്ടില്ലെന്ന് കുടുംബം. അസം സ്വദേശികളുടെ നാല് മക്കളില് രണ്ടാമത്തെയാളാണ് പെണ്കുട്ടി. മൂത്ത ആണ്കുട്ടി ചെന്നൈയില് ജോലി ചെയ്യുന്നുണ്ട്. സഹോദരന്റെ അടുത്തേക്ക് പോകാനും സാധ്യതയില്ലെന്നും കുടുംബം പറയുന്നു.
കുട്ടിയുടെ കയ്യിലുള്ളത് 40 രൂപയും ബസ് ടിക്കറ്റും
'കാണുമ്പോള് കുട്ടി വിങ്ങി കരയുകയായിരുന്നു. ബാഗും ടിക്കറ്റും കയ്യിലുണ്ടായിരുന്നു. മലയാളി അല്ലെന്ന് മനസിലായി. വസ്ത്രം കണ്ടപ്പോള് വീട്ടില് നിന്ന് ഇറങ്ങി വന്നതാണെന്ന് തോന്നി. ഫോട്ടോ എടുത്തപ്പോള് കുട്ടിയുടെ മുഖത്ത് ദേഷ്യഭാവമായിരുന്നു. കുട്ടി കരയുന്നത് കണ്ടപ്പോഴാണ് ഫോട്ടോ എടുത്തത്. കുട്ടിക്ക് പേടിയുള്ളതായി തോന്നിയില്ല. സ്ഥിരമായി യാത്ര ചെയ്യുന്ന ആളെ പോലെയാണ് തോന്നിയത്. കുട്ടി പാറശ്ശാലയില് ഇറങ്ങിയിട്ടില്ലെന്ന് സുഹൃത്തുക്കള് പറഞ്ഞു. കന്യാകുമാരിയില് ഇറങ്ങിയിരിക്കാം. കുട്ടിയെ കാണാനില്ലെന്ന് വാര്ത്ത കണ്ടപ്പോഴാണ് പൊലീസിനെ വിളിച്ചത്', കുട്ടിയെ ട്രെയിനില് കണ്ട ബബിത റിപ്പോർട്ടറിനോട് പറഞ്ഞു.
കഴക്കൂട്ടത്ത് നിന്നും കാണാതായ 13കാരിയെക്കുറിച്ച് പൊലീസിന് നിർണ്ണായക വിവരം ലഭിച്ചതായി സൂചന. പെൺകുട്ടി കന്യാകുമാരിയിൽ തന്നെ ഉണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. ട്രെയിനിൽ സഞ്ചരിച്ച രണ്ട് പേർ പെൺകുട്ടിയെ തിരിച്ചറിഞ്ഞു. കേരള പൊലീസിൻ്റെ അഞ്ചംഗ സംഘം കന്യാകുമാരിയിൽ അൽപ്പ സമയം തന്നെ എത്തിച്ചേരും.
കന്യാകുമാരിയിലേയ്ക്ക് പോകുന്ന പെൺകുട്ടിയെ കണ്ടത് ബബിത എന്ന വിദ്യാർത്ഥിനി. കുട്ടിയോട് സംസാരിക്കാനായില്ലെന്നും ബബിത റിപ്പോർട്ടറിനോട് വ്യക്തമാക്കി. 'തമിഴ്നാട് സ്വദേശിയാണെന്ന് കരുതി.കരയുന്നത് കണ്ടാണ് ഫോട്ടോ എടുത്തത്. കുട്ടി ഏറെ നേരം കരഞ്ഞു. ബബിത കയ്യിൽ 40 രൂപയും ട്രെയിൻ ടിക്കറ്റും കണ്ടിരുന്നു. ശ്രദ്ധിച്ചപ്പോൾ കുട്ടി കരച്ചിൽ നിർത്തി. ദേഷ്യപ്പെട്ടാലോ എന്ന് കരുതിയാണ് സംസാരിക്കാതിരുന്നത്. ഫോട്ടോ എടുത്തതിന് ശേഷം തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. നെയ്യാറ്റിൻകര വരെ ട്രെയിനിൽ ഉണ്ടായിരുന്നു. കുട്ടിക്കൊപ്പം ആരും ഉണ്ടായിരുന്നില്ലെ'ന്നും ബബിത പ്രതികരിച്ചു.
കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തുമെന്ന് പ്രതീക്ഷയെന്ന് പിതാവ് റിപ്പോർട്ടർ ടി വിയോട് പ്രതികരിച്ചു.
കുട്ടിയെ കണ്ടെത്തുമെന്ന് കഴക്കൂട്ടം എസിപി നിയാസ്. കുട്ടിയെ കണ്ടെത്താനുള്ള ലീഡ് കിട്ടിയെന്ന് ലീഡ് കിട്ടിയെന്നും എസ് പി അറിയിച്ചു. ഇതിനായി പ്രത്യേക സംഘം കന്യാകുമാരിയിലേക്ക് തിരിച്ചു. പെണ്കുട്ടി കന്യാകുമാരിയിലെന്ന് തന്നെ സംശയം. ട്രെയിന് നിര്ത്തുന്നതുവരെ പോയിരിക്കാമെന്നും എസിപി പറഞ്ഞു. കന്യാകുമാരിയിലേയും നാഗര്കോവിലിലേയും എസ്പിയുമായി സംസാരിച്ചു. പെൺകുട്ടിയുടെ ചിത്രം പകർത്തിയ സ്ത്രീയ്ക്ക് ആദ്യം സംശയം തോന്നിയില്ല. കുട്ടിയെ കാണാതായതെന്ന് തോന്നിയില്ല, കരഞ്ഞിരിക്കുന്നത് കണ്ടപ്പോള് ഫോട്ടോ എടുത്തുവെന്നും എസിപി പറഞ്ഞു.
നിർണായക വിവരം നൽകിയത് പാറശാല സ്വദേശിയായ ഭവിത എന്ന യുവതിയെന്ന് ഡിസിപി. നെയ്യാറ്റിൻകരയിൽ വെച്ചാണ് കുട്ടിയുടെ ഫോട്ടോ എടുത്തത്. പാറശാല വരെ കുട്ടി ട്രെയിനിൽ ഉണ്ടായിരുന്നു. ട്രെയിൻ വൈകുന്നേരം 3.30ന് കന്യാകുമാരിയിലെത്തി. കുട്ടിയെ കണ്ടെന്ന് യാത്രക്കാരി അറിയിച്ചു. കുട്ടി കന്യാകുമാരിക്ക് മുമ്പ് ഇറങ്ങാനും സാധ്യതയുണ്ട്. വിവരം കന്യാകുമാരി എസ്പി അറിയിച്ചു. പൊലീസിൻ്റെ ഒരു സംഘം കന്യാകുമാരിയിലേക്ക് പുറപ്പെട്ടു. കൂടുതൽ ആളുകളെ ആവശ്യമെങ്കിൽ അയക്കുമെന്നും ഡിഎസ്പി പറഞ്ഞു. എസ്പിയേയും ആർപിഎഫിനേയും വിവരം അറിയിച്ചു. എല്ലാ സാധ്യതകളും പരിശോധിക്കുന്നുവെന്ന് ഡിസിപി പറഞ്ഞു.
പെണ്കുട്ടി ട്രെയിനില് യാത്ര ചെയ്യുന്ന ചിത്രം ലഭിച്ചത് വഴിത്തിരിവായി. നഗരം കേന്ദ്രീകരിച്ച് അന്വേഷണം നടക്കവേയായിരുന്നു ചിത്രം ലഭിച്ചത്. ഇതോടെ പെണ്കുട്ടി തമിഴ്നാട്ടിലേക്ക് പോയെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. ഒരുമണിക്കാണ് ട്രെയിന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. ഫോട്ടോ എടുത്തത് പാറശ്ശാലയിൽ നിന്ന് കയറിയ സ്ത്രീ.
പെൺകുട്ടി തുടർച്ചയായി കരയുന്നുണ്ടായിരുന്നു. യാത്ര കഴിഞ്ഞപ്പോൾ തന്നെ പൊലീസിനെ ബന്ധപ്പെടാൻ ശ്രമിച്ചു. തുടർച്ചയായി വാർത്തയായി വലിയ സംഭവമായപ്പോഴാണ് രാത്രി വൈകി പൊലീസിന് ഫോട്ടോ അയച്ചു കൊടുത്തത്. ഫോട്ടോ അയച്ചത് ട്രെയിന് തമിഴ്നാട്ടിലേക്ക് പ്രവേശിച്ചതിന് ശേഷം.
പാസഞ്ചർ ട്രെയിൻ ആയതുകൊണ്ട് വഴിയിലുള്ള സ്റ്റേഷനുകളിൽ എവിടെയെങ്കിലും ഇറങ്ങിക്കാണുമോയെന്നതും അന്വേഷിക്കുന്നുണ്ട്. തമിഴ്നാട്ടിലെ കന്യാകുമാരി എസ്പിക്ക് കീഴിലുള്ള എല്ലാ സ്റ്റേഷനുകളിലേക്കും വിവരം നല്കിയിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ആണ് വിവരം കൈമാറിയത്. തിരുവനന്തപുരം ഡിസിപി അല്പസമയത്തിനകം മാധ്യമങ്ങളെ കാണും.
പെൺകുട്ടിയുടെ ചിത്രം പകർത്തിയത് സഹയാത്രക്കാരി. കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വഭാവികത കണ്ടാണ് ചിത്രം പകർത്തി പൊലീസിന് കൈമാറിയത്. കുട്ടി കരഞ്ഞതുകൊണ്ട് ചിത്രം പകർത്തുകയായിരുന്നുവെന്നാണ് യാത്രക്കാരിയുടെ മൊഴി. കന്യാകുമാരിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
പെൺകുട്ടി തമിഴ്നാട്ടിലേക്ക് പോയതായി സംശയം. കുട്ടി ട്രെയിനിൽ ഇരിക്കുന്ന ദൃശ്യം റിപ്പോർട്ടറിന് ലഭിച്ചു. ദൃശ്യത്തിലുള്ളത് തസ്മീത്ത് തന്നെയെന്ന് സ്ഥിരീകരിച്ച് പിതാവ്. ബെംഗളൂരു-കന്യാകുമാരി ട്രെയിനിൽ യാത്ര ചെയ്തെന്ന് സംശയിക്കുന്നു. തമ്പാനൂരിൽ നിന്ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് കുട്ടി ട്രെയിൻ കയറിയത്. പൊലീസ് കന്യാകുമാരിയിലേക്ക് യാത്ര തിരിച്ചു.
ശംഖുമുഖത്തെ പരിശോധന അവസാനിപ്പിച്ച് പൊലീസ് സംഘം തിരിച്ചു. ഒന്നും കണ്ടെത്താനായില്ല. പൊലീസ് കഴക്കൂട്ടം സ്റ്റേഷനിൽ ഉടൻ എത്തും. തീരദേശത്തെ തിരച്ചിലും അവസാനിപ്പിച്ചു.
പെൺകുട്ടി ശംഖുമുഖത്ത് എത്തിയതായി സംശയം. കുട്ടിയെ കണ്ടുവെന്ന് ദൃക്സാക്ഷി പൊലീസിനോട് പറഞ്ഞു. നാലുമണിയ്ക്ക് ശേഷമാണ് കുട്ടിയെ കണ്ടതെന്ന് മൊഴിയിൽ പറയുന്നു. തുടർന്ന് ശംഖുമുഖത്തും പരിസര പ്രദേശത്തും പൊലീസ് പരിശോധന നടത്തുകയാണ്.
പെൺകുട്ടിയുടെ ഗ്രാമത്തിൽ വിവരം അറിയിച്ചിട്ടുണ്ട്. ഗ്രാമത്തിലെത്തിയാൽ വീട്ടിലേക്കുള്ള വഴി കുട്ടിക്ക് അറിയാമെന്ന് പിതാവ് പറഞ്ഞു. പെൺകുട്ടിയുടെ പിതാവ് രണ്ടുമാസം മുൻപാണ് കേരളത്തിലെത്തിയത്. ഭാര്യയും കുട്ടികളും 25 ദിവസങ്ങൾക്ക് മുമ്പാണ് കഴക്കൂട്ടത്തെത്തിയത്. സഹോദരനാണ് ഇവരെ കഴക്കൂട്ടത്ത് എത്തിച്ചത്. തമ്പാനൂരിൽ നിന്നും ബസ്സിലാണ് കഴക്കൂട്ടത്തെത്തിച്ചത്. ശേഷം സഹോദരൻ ചെന്നൈയിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു.
പെൺകുട്ടിക്കായി ബീമാപള്ളിയിലും തീ പ്രദേശങ്ങളിലും വ്യാപക തിരച്ചിൽ. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്.
പെൺകുട്ടിയെ കണ്ടെത്തുന്നതിനായി തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് വ്യാപക പരിശോധന. ബീമപ്പള്ളി ഭാഗത്തും പരിശോധന തുടരുകയാണ്. 15 കിലോമീറ്റര് കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. പെണ്കുട്ടി നഗരം വിട്ടുപോകാന് സാധ്യതയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ഉച്ചയക്ക് 12 മണിവരെയുള്ള ദൃശ്യങ്ങള് പൊലീസിന് ലഭിച്ചു. മൂന്ന് കിലോ മീറ്റർ ദുരത്തുനിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്. കൂടുതല് സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചുവരികയാണ്.
റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തുകയാണ്. പാലക്കാട് ജംഗ്ഷനിലെത്തുന്ന എല്ലാ ട്രെയിനുകളും പരിശോധിക്കും. അരണോയ് എക്സപ്രസിൽ കോയമ്പത്തൂരിന് ശേഷമുള്ള പരിശോധന ആർപിഎഫ് നടത്തും.
രാത്രി 10.40 ന് കഴക്കൂട്ടം എജെ ആശുപത്രി ജംഗ്ഷനിൽ എത്തിയ പെൺകുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു. ആശുപത്രി ജംഗ്ഷന് തൊട്ടടുത്താണ് ബസ് സ്റ്റാൻഡുള്ളത്. ബസിൽ കറയാൻ സാധ്യതയെന്ന് സൂചന.
കന്യാകുമാരിയിൽ നിന്ന് അസം വരെ പോവുന്ന വിവേക് എക്സ്പ്രസിൽ പരിശോധന നടത്തിയേക്കും. 2.40ന് പാലക്കാട് ജംഗ്ഷനിൽ എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയാണ് എത്തുക. ആർപിഎഫും കേരള പൊലീസും ചേർന്നായിരിക്കും പരിശോധന നടത്തുന്നത്.
കഴക്കൂട്ടം നഗരം കേന്ദ്രീകരിച്ച് കടകളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചുകൊണ്ടിരിക്കുകയാണ് പൊലീസ്.
പാലക്കാട് റെയില്വേ സ്റ്റേഷനില് വെച്ച് ട്രെയിനില് കുട്ടിയെ കണ്ടെത്താന് സാധിക്കാത്തതിനാല് കോയമ്പത്തൂരിലും പരിശോധന തുടരും. ഒന്നരയോടെയാണ് ട്രെയിന് കോയമ്പത്തൂരിലെത്തുക.
അസമിലേക്കുള്ള അരണോയ് എക്സ്പ്രസില് നാല് ഉദ്യോഗസ്ഥര് തുടരുന്നുണ്ട്. കോയമ്പത്തൂർ വരെ പരിശോധന തുടരും. ട്രെയിൻ കോയമ്പത്തൂരിൽ എത്തിയ ശേഷം വീണ്ടും വിശദമായ പരിശോധന നടത്തും. പാലക്കാട് റെയിൽവേ സ്റ്റേഷനിലെത്തിയ തിരുവനന്തപുരം-ചെന്നൈ മെയില് ട്രെയിനിലും പരിശോധന നടത്തുകയാണ്.
പാലക്കാടെത്തിയ അരണോയ് എക്സ്പ്രസ് ട്രെയിനില് കുട്ടി ഇല്ല. റെയില്വേ പൊലീസും കേരള പൊലീസും തിരച്ചില് നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ട്രെയിന് സ്റ്റേഷനില് നിന്ന് പുറപ്പെട്ടു.
കുട്ടിയെ കണ്ടെത്താനുള്ള തിരച്ചില് ഊര്ജ്ജിതമായി തുടരുകയാണ്. പാലക്കാട് റെയില്വേ സ്റ്റേഷനില് അസമിലേക്കുള്ള അരുണോയ് എക്സ്പ്രസ് എന്ന ട്രെയിനില് കുട്ടിയ്ക്ക് വേണ്ടി തിരച്ചില് നടത്തുകയാണ്.
വീടിനടുത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളിലാണ് കുട്ടിയുള്ളത്. ഇത് മകള് തന്നെയാണെന്ന് അമ്മ സ്ഥിരികരിച്ചു.
ചില സിസിടിവി ദൃശ്യങ്ങള് ലഭിച്ചിട്ടുണ്ട്. കിണറുകളിലും പരിശോധന നടത്തുന്നുണ്ട്.
പെൺകുട്ടി അസമിലേക്ക് പോയെന്ന് സംശയം. നാല് മണിക്കുള്ള ട്രെയിനിൽ കയറാൻ സാദ്ധ്യത ഉണ്ടെന്ന് ഡിസിപി. ആര്പിഎഫിനെ വിവരം അറിയിച്ചിട്ടുണ്ട്. രാത്രിയും പരിശോധന തുടരുമെന്നും അറിയിച്ചു.
കുട്ടിയുടെ ആണോ എന്ന് സംശയം. പൊലീസ് കുട്ടിയുടെ ബന്ധുക്കളെ കാണുന്നു. കുട്ടിയുടെ കയ്യിൽ ആകെ ഉള്ളത് 50 രൂപ മാത്രം. പ്രധാന റോഡിലേക്ക് പോകുന്ന വഴിയിൽ ആണ് സിസിടിവി.
തിരുവനന്തപുരം: കഴക്കൂട്ടത്ത് 13കാരിയെ കഴിഞ്ഞ 12 മണിക്കൂറായി കാണ്മാനില്ല. അസം സ്വദേശിയും നിലവില് കഴക്കൂട്ടത്ത് താമസിക്കുകയും ചെയ്യുന്ന അന്വര് ഹുസൈന്റെ മകള് തസ്മീത്ത് തംസത്തെയാണ് ഇന്ന് രാവിലെ 10 മണി മുതല് കഴക്കൂട്ടത്തെ വാടക വീട്ടില് നിന്ന് കാണാനില്ലാത്തത്. അയല്വീട്ടിലെ കുട്ടികളുമായി വഴക്ക് ഉണ്ടാക്കിയ കുട്ടിയെ ഉമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് കുട്ടി വീട് വിട്ട് ഇറങ്ങിയത്.
തുടര്ന്ന് മാതാപിതാക്കള് കഴക്കൂട്ടം പൊലീസിനെ സമീപിക്കുകയായിരുന്നു. ബാഗില് വസ്ത്രങ്ങള് എടുത്താണ് കുട്ടി പോയിരിക്കുന്നത്. ഒരു മാസം മുമ്പാണ് കുട്ടി കേരളത്തിലേക്ക് എത്തിയത്. ആസമീസ് ഭാഷയല്ലാതെ മറ്റ് ഭാഷകളൊന്നും അറിയില്ല. ഇപ്പോള് പ്രദേശത്ത് പൊലീസ് ഡോഗ് സ്ക്വാഡ് പരിശോധന നടത്തിവരികയാണ്. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര് 9497960113,9497980111 എന്ന നമ്പറില് ഉടന് തന്നെ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.