കൊച്ചി: സിനിമയിലെ സ്ത്രീകള് അനുഭവിക്കുന്ന പ്രശ്നങ്ങള് പഠിക്കാന് നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്ട്ട് സര്ക്കാര് പൂഴ്ത്തിവെച്ചുവെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് മുന് മന്ത്രിയും സിപിഐഎം നേതാവുമായ എ കെ ബാലന്. കോവിഡ് കാലത്തെ സിനിമ മേഖലയിലെ പ്രതിസന്ധി റിപ്പോര്ട്ട് പുറത്ത് വിടുന്നതിനും നടപടിക്കും തടസ്സമായെന്ന് അദ്ദേഹം പറഞ്ഞു. കമ്മിറ്റി പ്രവര്ത്തനം ആരംഭിച്ച ആദ്യ ഘട്ടത്തില് തന്നെ ഹേമ കമ്മീഷന് മുന്നോട്ട് പോവാന് കഴിയാത്ത രീതിയില് പ്രശ്നം ഉണ്ടായിരുന്നുവെന്നും പിന്നീട് ഇത് പരിഹരിച്ച് മുന്നോട്ട് പോയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'ഹേമ കമ്മിറ്റി റിപ്പോര്ട്ട് പൂഴ്ത്തി വെക്കേണ്ട ആവശ്യം സര്ക്കാരിനില്ലലോ. പിന്നീട് വിവരാവകാശ കമ്മീഷനില് എത്തി. തുടര് നടപടിക്ക് പോകുമ്പോഴാണ് ചില വിവരങ്ങള് പുറത്ത് വിടാന് കഴിയില്ല എന്ന് കമ്മീഷന് പറയുന്നത്. റിപ്പോര്ട്ട് പ്രകാരം സിവിലായും ക്രിമിനലായും ഇടപെടല് വേണ്ടിവരും. ഈ വിഷയങ്ങള് പരിഹരിക്കണമെങ്കില് മൊഴി പ്രസിദ്ധീകരിക്കാൻ കഴിയണമായിരുന്നു. പക്ഷേ മൊഴി പ്രസിദ്ധീകരിക്കാന് പരിമിതിയുണ്ടായിരുന്നു,' എ കെ ബാലന് പറഞ്ഞു.
കരിയറിൻ്റെ പീക്ക് ടൈമിൽ ഇതൊന്നും സഹിക്കാൻ വയ്യാതെ സിനിമയിൽ നിന്ന് പോയതാണ് ഞാൻ: രഞ്ജിനിമൊഴി പ്രസിദ്ധീകരിക്കണം എന്ന കോടതി തീരുമാനം വന്നാല് മാത്രമേ കേസ് എടുക്കാന് കഴിയുവെന്നും നിലവിലെ റിപ്പോര്ട്ട് പ്രകാരം കേസ് എടുക്കുന്നതിന് നിയമ തടസ്സമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൊഴി തന്നവരുടെ സ്വകാര്യത ഉറപ്പ് വരുത്തണമെന്നത് ഹേമ കമ്മിറ്റിയുടെ ആവശ്യമായിരുന്നെന്നും കിട്ടിയ മൊഴികള് പ്രകാരം നിയമനടപടി വേണമെന്ന് ഹേമ കമ്മിറ്റിക്ക് ആവശ്യപ്പെടാമെന്നും എ കെ ബാലന് കൂട്ടിച്ചേര്ത്തു.
'റിപ്പോര്ട്ട് 400 പേജുകള് ഉണ്ടായിരുന്നു. പ്രസിദ്ധീകരിക്കാത്ത വിവരങ്ങളുമുണ്ട്. അത് പുറത്ത് വിടാന് കോടതി അനുമതി ലഭിച്ചാല് മൊഴികള് പ്രസിദ്ധീകരിക്കാം. ഈ മൊഴികളുടെ അടിസ്ഥാനത്തില് നിയമനടപടിയുമായി മുന്നോട്ടു പോകാം,' അദ്ദേഹം വ്യക്തമാക്കി.
രഹസ്യമായി സൂക്ഷിക്കണം എന്ന് ഹേമ തന്നെ പറഞ്ഞിട്ടുണ്ട്, ഞാൻ റിപ്പോർട്ട് വായിച്ചിട്ടില്ല: സജി ചെറിയാന്ഒന്നാം പിണറായി സര്ക്കാരിന്റെ ഭരണ സമയത്ത് എ കെ ബാലന് സാംസ്കാരിക വകുപ്പ് മന്ത്രിയായപ്പോഴായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് രൂപം നല്കിയത്. മലയാള സിനിമയില് സ്ത്രീകള് നേരിടുന്ന വിവേചനങ്ങള് സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്ട്ട് 2019 ഡിസംബര് 31നായിരുന്നു സര്ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്കിയ റിപ്പോര്ട്ടില് 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്ട്ട് പുറത്തുവിടാന് സര്ക്കാര് തയ്യാറായിരുന്നില്ല. ഒടുവില് വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്ട്ട് പുറത്തുവിടാന് സര്ക്കാര് തീരുമാനിച്ചത്.
2017 ജൂലൈയിലാണ് സിനിമയിലെ സ്ത്രീ വിവേചനങ്ങള് സംബന്ധിച്ച് പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്ക്കാര് ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്ഡ്) അധ്യക്ഷയായി മുന് ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സര്ക്കാര് രൂപീകരിച്ചത്. ചലച്ചിത്രമേഖലയില് സ്ത്രീകള് നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള് നിര്ദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവര്ത്തനങ്ങള് പരിശോധിക്കാന് ഇത്തരത്തിലുള്ള ഒരു കമ്മീഷന് രൂപീകരിക്കുന്നത് ഇന്ത്യയില് ആദ്യമായായിരുന്നു.