ഓലപ്പുരയിൽ നിന്ന് മൂന്നുനില വീട്ടിലേക്ക്;വടകരയില് നിന്ന് 26.24 കിലോ സ്വര്ണം കടത്തിയ മധ ജയകുമാര്

17.20 കോടി രൂപ മൂല്യമുള്ള 26.24 കിലോഗ്രാം സ്വർണം മധ ജയകുമാർ കടത്തുകയും പകരം വ്യാജസ്വർണം വച്ചെന്നുമാണ് കേസ്.

dot image

വടകര: 26.24 കിലോ ഗ്രാം സ്വർണവുമായി മുങ്ങിയ ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ മുൻ മാനേജർ മധ ജയകുമാർ പൊലീസ് കസ്റ്റഡിയിൽ. മധ ജയകുമാറിനെ കർണാടക–തെലങ്കാന അതിർത്തിയായ ബീദർ ജില്ലയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച പുലർച്ചെ കൊയിലാണ്ടി മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശിയായ മധ ആദ്യം താമസിച്ചിരുന്നത് ഓലമേഞ്ഞ പുരയിൽ ആയിരുന്നെന്നും എന്നാൽ ഇപ്പോൾ താമസിക്കുന്നത് ലിഫ്റ്റ് സൗകര്യം ഉൾപ്പെടെയുള്ള മൂന്നു നില വീട്ടിലാണെന്നും പൊലീസ് പറയുന്നു. നിലവിൽ നിരവധി ആഡംബര കാറുകളും ഫ്ലാറ്റും സ്ഥലവും ഉൾപ്പടെ നിരവധി വസ്തുക്കൾ ഇദ്ദേഹത്തിന് ഉണ്ടെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

'എഫ്ഐആർ മാനത്തുനിന്ന് ഇടുമോ?'; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എ കെ ബാലൻ

കേസെടുത്തതിന് പിന്നാലെ മധ ജയകുമാറിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് എല്ലാ വഴികളും തേടിയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനു പുറമേ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളെല്ലാം ബ്ലോക്ക് ചെയ്തു. ആധാർ കാർഡുപയോഗിച്ച് എന്തു ചെയ്താലും പൊലീസിന് വിവരം ലഭിക്കുന്ന സ്ഥിതിയായിരുന്നു. സ്വന്തം ഫോണും ഉപയോഗിക്കാൻ സാധിക്കാതെ വന്നു. ഇതോടെയാണ് പുതിയ സിം കാർഡിനു ഇയാൾ ശ്രമിച്ചത്.

തിരിച്ചറിയൽ കാർഡില്ലാതെ സിം കിട്ടുമോ എന്നന്വേഷിച്ച് ഇയാൾ ഒരു മൊബൈൽ ഫോൺ കടയിൽ എത്തുകയും സംശയം തോന്നി കടക്കാർ ചോദ്യം ചെയ്തതോടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. ഇതോടെ നാട്ടുകാർ പിടികൂടി പൊലീസിനെ വിവരം അറിയിച്ചു. പിന്നീട് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോളാണ് വടകരയിൽ കേസുള്ള കാര്യം അറിയുന്നത്. ഇതോടെ കർണാടക പൊലീസ് വിവരം കേരള പൊലീസിനെ അറിയിക്കുകയായിരുന്നു.

മധ ജയകുമാറിനെ തേടി മേട്ടുപ്പാളയത്തുണ്ടായിരുന്ന അന്വേഷണ സംഘം ഉടൻ ബീദറിലെത്തി, ഇയാളെ കസ്റ്റഡിയിലെടുത്തു. ഒളിവിലായിരുന്ന പ്രതിക്കൊപ്പം ഭാര്യയും സുഹൃത്തും ഒപ്പമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിൽനിന്ന് 17.20 കോടി രൂപ മൂല്യമുള്ള 26.24 കിലോഗ്രാം സ്വർണം മധ ജയകുമാർ കടത്തുകയും, പകരം വ്യാജസ്വർണം വച്ചെന്നുമാണ് കേസ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us