ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് ആശയ കുഴപ്പം ഉണ്ടായെന്ന് ഡബ്ല്യുസിസി അംഗമായ ബീന പോള്. ആളുകളോട് ഏതെങ്കിലും തരത്തില് മൊഴി കൊടുക്കണമെന്നോ എന്താണ് മൊഴി നല്കുന്നതെന്നും ഡബ്ല്യുസിസി ചോദിക്കുകയോ പറയുകയോ ചെയ്തിട്ടില്ലെന്നും ബീന പോള് റിപ്പോര്ട്ടര് ടിവിയോട് പറഞ്ഞു.
റിപ്പോർട്ടർ ടി വിയുടെ കോഫി വിത്ത് അരുണ് ഷോയിലായിരുന്നു ബീന പോളിന്റെ മറുപടി. ആളുകളുടെ അനുഭവം എന്താണോ അത് പറയു എന്നാണ് പറഞ്ഞത്. സംഘടന മൊഴി നല്കുന്നതിനും മറ്റും ഇനിഷേറ്റ് ചെയ്തെന്ന് മാത്രമേയുള്ളു. മൊഴി നല്കുന്നതിന് ഡബ്ല്യുസിസിയെ മാത്രമല്ല വിളിച്ചിരിക്കുന്നത്. ഏത് സ്ത്രീകള്ക്കും വരാം മൊഴി നല്കാം എന്നാണ് പറഞ്ഞിരുന്നതെന്നും ബീന പോള് പറഞ്ഞു.
നടി രഞ്ജിനിയുമായി ചെറിയ ആശയ കുഴപ്പം മാത്രമാണ് ഉണ്ടായതെന്നും അത് പരിഹരിച്ചെന്നും ബീന പോള് പറഞ്ഞു. സ്വകാര്യതയെ ബാധിക്കുന്ന ഒരു ഭാഗവും ഉണ്ടാകില്ലെന്ന് വിവരാവകാശ കമ്മീഷന് പറഞ്ഞത് ഡബ്ള്യൂസിസി വിശ്വാസത്തില് എടുക്കുകയായിരുന്നെന്നും ബീന പോള് പറഞ്ഞു.
സംഘടനയുടെ സ്ഥാപക അംഗം മൊഴി നല്കിയെന്ന് റിപ്പോര്ട്ടില് പറയുന്നുണ്ട് ആരാണ് ആ സ്ഥാപക അംഗം എന്ന് ഓരോ ആളുകളും ഊഹിച്ച് പറയുകയാണ്. സംഘടനയുടെ തീരുമാനത്തിന് എതിരായി അവര് പ്രവര്ത്തിച്ചെന്ന് ഒരിക്കലും പറയാന് കഴിയില്ലെന്നും ബീന പോള് പറഞ്ഞു.
ഓരോ ആളുകളും അവരുടെ അനുഭവമാണ് പറയുന്നത്. ആരാണ് ആ മൊഴി നല്കിയതെന്ന് അറിയില്ലെന്നും ബീന പോള് റിപ്പോര്ട്ടര് ടിവിയോട് പറഞ്ഞു. അതേസമയം കമ്മിറ്റിക്ക് മുന്നില് മൊഴി നല്കിയവരെ ഡബ്ല്യുസിസി കൈവിട്ടെന്ന് നടി രഞ്ജിനി ആരോപിച്ചു. മൊഴി കൊടുത്തവരുടെ സുരക്ഷ സംഘടന ഉറപ്പാക്കും എന്ന് അവസാനം വരെ വിചാരിച്ചിരുന്നെന്നും അതിനാലാണ് ഇതുവരെ മിണ്ടാതിരുന്നതെന്നും രഞ്ജിനി റിപ്പോര്ട്ടര് ടിവിയോട് പറഞ്ഞിരുന്നു.
ഡബ്ല്യുസിസി സ്ഥാപക അംഗത്തിന് സ്വാര്ത്ഥ താത്പര്യമെന്നും, സിനിമയില് സ്ത്രീകള്ക്ക് പ്രശ്നമില്ലെന്ന് അവര് പറഞ്ഞതായും റിപ്പോര്ട്ടില് പറയുന്നുണ്ട്. ആ അഭിനേത്രിക്ക് നേരെ വലിയ ആക്രമണം നടക്കുന്നു. അതുണ്ടാവാതിരിക്കാനാണ് താന് കോടതിയില് പോയതെന്നും രഞ്ജിനി പറഞ്ഞു. മൊഴി നല്കിയവരുടെ സുരക്ഷ ഉറപ്പാക്കാന് ഡബ്ല്യുസിസി നടപടി സ്വീകരിച്ചിരുന്നില്ല എന്നും കണ്സന്റിന്റെ കാര്യം വനിതാ കമ്മീഷന് പോലും പറഞ്ഞിരുന്നില്ലെന്നും ഇതിനാലാണ് താന് കോടതിയില് പോയതെന്നും രഞ്ജിനി റിപ്പോര്ട്ടര് ടിവിയോട് പറഞ്ഞു.