എസ് സി/എസ് ടി വിഭാഗക്കാരുടെ വിഭജനം; സുപ്രീം കോടതി വിധിക്കെതിരെ നാളെ സംസ്ഥാന വ്യാപക ഹർത്താൽ

സുപ്രീം കോടതി വിധി മറികടക്കാൻ പാർലമെൻ്റിൽ നിയമനിർമ്മാണം നടത്തണമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം

dot image

തിരുവനന്തപുരം: എസ് സി/എസ് ടി വിഭാഗക്കാരെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും ക്രീമിലെയർ നടപ്പിലാക്കാനുമുള്ള സുപ്രീം കോടതി വിധിക്കെതിരെ നാളെ സംസ്ഥാന വ്യാപക ഹർത്താലിന് ആഹ്വാനം ചെയ്ത് ദളിത് ആദിവാസി സംഘടനകൾ. സുപ്രീം കോടതി വിധി മറികടക്കാൻ പാർലമെൻ്റിൽ നിയമനിർമ്മാണം നടത്തണമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽ നിന്നും ഒഴിവാക്കും. വിധിക്കെതിരെ വിവിധ ദലിത് - ബഹുജൻ പ്രസ്ഥാനങ്ങൾ ദേശീയതലത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാന ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലഅരയ സംരക്ഷണസമിതി, എംസിഎഫ്., വിടുതലൈ ചിരുതൈഗള് കച്ഛി, ദലിത് സാംസ്കാരികസഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോത്ഥാനസഭ എന്നീ സംഘടനകളാണ് ഹര്ത്താലിന് നേതൃത്വം നല്കുന്നത്.

സുപ്രീംകോടതി വിധി മറികടക്കാൻ പാർലമെൻ്റ് നിയമനിർമ്മാണം നടത്തുക, വിദ്യാഭ്യാസ മേഖലയിൽ അടിച്ചേൽപ്പിച്ച 2.5 ലക്ഷം രൂപ വാർഷിക വരുമാനപരിധി ഉൾപ്പെടെ എല്ലാതരം ക്രീമിലെയർ നയങ്ങളും റദ്ദാക്കുക, എസ് സി/എസ് ടി ലിസ്റ്റ് 9-ാം പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുക, സ്വകാര്യനിയമനങ്ങൾ റദ്ദാക്കുക, തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ.

ഇന്ത്യൻ പ്രസിഡൻ്റ് വിജ്ഞാപനം ചെയ്യുന്ന എസ് സി/ എസ് ടി ലിസ്റ്റിൽ കൂട്ടിച്ചേർക്കലുകൾ, ഒഴിവാക്കൽ, മാറ്റങ്ങൾ എന്നിവ വരുത്താൻ ഭരണഘടനയുടെ 341, 342 വകുപ്പുകൾ പ്രകാരം പാർലമെൻ്റിന് മാത്രമേ അധികാരമുള്ളൂ. ജാതി വ്യവസ്ഥയുടെ ഭാഗമായ അയിത്തത്തിന് വിധേയമായി മാറ്റി നിർത്തപ്പെട്ടവരെ ഒരു വിഭാഗമായി കണക്കാക്കിയാണ് പട്ടികജാതി ലിസ്റ്റ് തയ്യാറാക്കുന്നത്. സവിശേഷമായ വംശീയ സ്വഭാവങ്ങളും ഒറ്റപ്പെട്ട ജീവിതസാഹചര്യവുമുള്ളവരെ പട്ടികവർഗക്കാരായും കണക്കാക്കുന്നു.

പട്ടികജാതി പട്ടികവർഗക്കാർ വൈവിധ്യമാർന്ന സ്വഭാവമുള്ളവരാണെന്നും ഇവരിൽ ജാതി വിവേചനം നിലനിൽക്കുന്നുണ്ടെന്നും വിലയിരുത്തി ജാതിയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളായി തരം തിരിക്കണമെന്നാണ് സുപ്രീം കോടതിയുടെ വിധി. ചില വിഭാഗങ്ങൾ പിന്നോക്കം നിൽക്കുന്നതിന് കാരണം മറ്റ് ചിലർ സംവരണത്തിന്റെ നേട്ടം കൊയ്തെടുക്കുന്നതുകൊണ്ടാണെന്നാണ് കോടതി പറഞ്ഞതിന്റെ രത്നചുരുക്കം. നിലവിലുള്ള എസ് സി/എസ് ടി ലിസ്റ്റിനെ ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് സംസ്ഥാന സർക്കാർ വിഭജിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇന്ത്യൻ പാർലമെന്റിനും, പ്രസിഡൻ്റിനും ഭരണഘടന നൽകിയ അധികാരം റദ്ദാക്കുന്നതാണ് സുപ്രീം കോടതി വിധിയെന്ന് ഹര്ത്താല് സംഘാടകര് പറഞ്ഞു.

ക്രീമിലെയർ നടപ്പാക്കില്ലെന്ന് ബിജെപി സർക്കാർ പറഞ്ഞിട്ടുണ്ടെങ്കിലും, ലിസ്റ്റ് വിഭജനത്തിൻ്റെ അടിസ്ഥാനം ക്രീമിലെയർ വിഭജനമാണ്. ഭരണഘടനാ വിരുദ്ധമായ ഉത്തരവ് മറികടക്കാൻ എന്തെങ്കിലും ചെയ്യുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല. ഐഎഎസ് തസ്തികകളിൽ യു പി എസ് സിയെ മറികടന്ന് സ്വകാര്യവ്യക്തികളെ നേരിട്ട് നിയമിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനവും പ്രതിഷേധാർഹമാണെന്നും ഹര്ത്താല് സംഘാടകര് പറഞ്ഞു.

കേന്ദ്രതസ്തികകളിൽ 45 ഓളം ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി എന്നീ റാങ്കുകളിലാണ് 'ലാറ്ററൽ എൻട്രി' എന്ന പേരിൽ നേരിട്ട് നിയമിക്കുന്നത്. യു പി എസ് സിയെയും തൊഴിൽ രഹിതരായ യുവാ ക്കളെയും നോക്കുകുത്തിയാക്കിയുള്ള സംഘപരിവാർ നിയമനം ഭരണഘടന അട്ടിമറിക്കുന്നതാണ്. വ്യക്തമായ വിവരങ്ങൾ ഇല്ലാതെ കോടതിയും സർക്കാരും നിയമനിർമ്മാണം നടത്തുന്ന സാഹചര്യത്തിൽ സമഗ്രമായ ജാതിസെൻസസ് ദേശീയ തലത്തിൽ നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.

ഹർത്താലിന് ശേഷം ദേശീയ തല ഇടപെടലിനായി വിവിധ സംഘടനാ നേതൃത്വങ്ങൾ ഓഗസ്റ്റ് 24 ന് എറണാകുളം അധ്യാപക ഭവനിൽ ഏകദിന ശില്പശാലയും നടത്തുന്നുണ്ട്.

dot image
To advertise here,contact us
dot image