തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാൻ വൈകിയത് പുറത്തുവിടരുതെന്ന നിർദേശം കാരണമെന്ന് മന്ത്രി സജി ചെറിയാൻ. റിപ്പോർട്ട് തയ്യാറാക്കിയ ഹേമ തന്നെ പുറത്തുവിടരുതെന്ന് പറഞ്ഞെന്നും നേരത്തെയുണ്ടായിരുന്ന വിവരാവകാശ കമ്മീഷൻ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുത് എന്ന നിർദേശിച്ചിരുന്നെന്നും മന്ത്രി വ്യക്തമാക്കി.
പുറത്തുവിടരുതെന്ന ഈ നിർദേശങ്ങളുടെയെല്ലാം അടിസ്ഥാനത്തിൽ സർക്കാർ മാന്യത കാണിക്കുകയാണ് ചെയ്തെതെന്നും മന്ത്രി പറഞ്ഞു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു രാഷ്ട്രീയ ലാഭത്തിനും സർക്കാർ ശ്രമിച്ചിട്ടില്ല. എന്നാൽ റിപ്പോർട്ട് നടപ്പിലാക്കാനുള്ള എല്ലാ നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി സിനിമാരംഗത്തെ എല്ലാ സംഘടനകളുമായി ചർച്ച ചെയ്തുവരികയാണെന്നും കഴിഞ്ഞ ഒന്നരവർഷമായി അത്തരമൊരു പ്രക്രിയയിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.
LIVE BLOG: ഞെട്ടിക്കുന്ന വിവരങ്ങളുമായി ഹേമ കമ്മിറ്റി റിപ്പോര്ട്ട്, 'അത്യുന്നതര്'ക്കെതിരെ മൊഴിസർക്കാർ ഇരയ്ക്കൊപ്പം സ്ത്രീകൾക്കൊപ്പവുമാണെന്നും സിനിമാ ഇൻഡസ്ട്രിയിലെ എല്ലാവരും മോശക്കാരല്ലെന്നും മന്ത്രി പറഞ്ഞു. വനിതകളുടെ പ്രശ്നങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നും പരാതി ലഭിച്ചാൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ നടപടിയെടുക്കുമെന്നും പറഞ്ഞ മന്ത്രി താൻ റിപ്പോർട്ട് വായിച്ചിട്ടില്ലെന്നും വ്യക്തമാക്കി. റിപ്പോർട്ട് വായിച്ചത് ഉദ്യോഗസ്ഥരെന്നും സർക്കാർ എന്ന് പറഞ്ഞാൽ മന്ത്രി മാത്രമല്ലല്ലോ എന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
അതേസമയം, ഹേമാ കമ്മിറ്റി റിപ്പോര്ട്ട് വൈകിപ്പിക്കാന് സര്ക്കാര് ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി പി രാജീവും അഭിപ്രായപ്പെട്ടു. റിപ്പോർട്ടിന്മേലുള്ള ചര്ച്ചകള് പ്രശ്നപരിഹാരത്തിന് സഹായകരമാകുമെന്ന് കരുതുന്നു. സ്ത്രീ സംരക്ഷണത്തിനാണ് സര്ക്കാര് പ്രാധാന്യം നല്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിയമതടസമെല്ലാം മാറിക്കഴിഞ്ഞപ്പോള് റിപ്പോര്ട്ട് പുറത്തുവന്നിട്ടുണ്ട്. സര്ക്കാര് സ്വീകരിക്കുന്ന നടപടികള്ക്കൊപ്പം റിപ്പോര്ട്ട് പുറത്തുവരുന്നതും അതിനെ തുടര്ന്നുണ്ടാകുന്ന ചര്ച്ചകളും പ്രശ്നങ്ങള് പരിഹരിക്കുന്നതിന് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്ക്കാര് അഭിഭാഷകര് കോടതിയിലെടുത്ത നിലപാട് റിപ്പോര്ട്ട് പുറത്തുവിടണമെന്നായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
മലയാള സിനിമയില് സ്ത്രീകള് നേരിടുന്ന വിവേചനങ്ങള് സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്ട്ട് 2019 ഡിസംബര് 31നായിരുന്നു സര്ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്കിയ റിപ്പോര്ട്ടില് 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്ട്ട് പുറത്തുവിടാന് സര്ക്കാര് തയ്യാറായിരുന്നില്ല. ഒടുവില് വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്ട്ട് പുറത്തുവിടാന് സര്ക്കാര് തീരുമാനിച്ചത്. ഇന്ന് പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമാ ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള പല കാര്യങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
2017 ജൂലൈയിലാണ് സിനിമയിലെ സ്ത്രീ വിവേചനങ്ങള് സംബന്ധിച്ച് പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്ക്കാര് ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്ഡ്) അധ്യക്ഷയായി മുന് ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സര്ക്കാര് രൂപീകരിച്ചത്. ചലച്ചിത്രമേഖലയില് സ്ത്രീകള് നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള് നിര്ദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവര്ത്തനങ്ങള് പരിശോധിക്കാന് ഇത്തരത്തിലുള്ള ഒരു കമ്മീഷന് രൂപീകരിക്കുന്നത് ഇന്ത്യയില് ആദ്യമായായിരുന്നു.