റിപ്പോര്ട്ട് പുറത്തുവന്നത് നല്ലത്, ആരും പറഞ്ഞിട്ടില്ല, പറഞ്ഞാല് നടപടിയെടുക്കും: ഗണേഷ്കുമാര്

റിപ്പോര്ട്ടിലുള്ളത് എല്ലാം ശരിയാണെന്ന് അഭിപ്രായമില്ലെന്നും ഗണേഷ് കുമാര്

dot image

കൊല്ലം: ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവന്നത് നല്ലതെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്. ഇക്കാര്യത്തില് ട്രാന്സ്പോര്ട്ട് മന്ത്രിക്ക് കാര്യമില്ല, സാംസ്കാരിക മന്ത്രി നടപടിയെടുക്കുമെന്നും ഗണേഷ് കുമാര് പറഞ്ഞു. റിപ്പോര്ട്ടിലുള്ളത് എല്ലാം ശരിയാണെന്ന് അഭിപ്രായമില്ലെന്നും ഗണേഷ് കുമാര് പ്രതികരിച്ചു.

'ആളുകളുടെ വ്യക്തിപരമായ കാര്യമാണ് റിപ്പോര്ട്ടിലുള്ളത്. ഒരുപാട് അസൗകര്യങ്ങളുള്ളത് ശരിയാണ്. വിശ്രമിക്കാന് സൗകര്യമില്ല, ശുചിമുറിയില്ല. സീനിയറായ നടിമാരുടെ കാരവാന് ഉപയോഗിക്കാന് അനുമദിക്കുന്നില്ല. എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. പറഞ്ഞാല് അന്നേരം പ്രതികരിക്കും. നമ്മള് എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങള് ഊഹിക്കുന്നത്. ആളുകളെ ആക്ഷേപിക്കുന്നതിന് തയ്യാറല്ല. ആത്മയില് പ്രശ്നങ്ങളില്ല. എല്ലാ സെറ്റുകളിലും കൃത്യമായ സൗകര്യങ്ങള് ചെയ്തിട്ടുണ്ട്', ഗണേഷ് കുമാര് കൂട്ടിച്ചേര്ത്തു.

അനിശ്ചിതത്വങ്ങള്ക്കൊടുവില് ഇന്നലെയാണ് ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവന്നത്. മലയാള സിനിമാ മേഖലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹേമ കമ്മിറ്റി റിപ്പോര്ട്ടിലുള്ളത്. വനിതാ പ്രവര്ത്തകര് നേരിട്ട കടുത്ത ക്രൂരതകള് വിശദീകരിക്കുന്ന റിപ്പോര്ട്ടില് സിനിമയിലെ പ്രമുഖരായ താരങ്ങള്ക്കെതിരെയും സംവിധായകര്ക്കെതിരെയും നിര്മ്മാതാക്കള്ക്കെതിരെയും പരാമര്ശങ്ങളുണ്ട്. ജുഡീഷ്യല് അധികാരങ്ങളുള്ള ട്രിബ്യൂണല് വേണമെന്ന് റിപ്പോര്ട്ടില് ഹേമ കമ്മിറ്റി ആവശ്യപ്പെടുന്നുണ്ട്. വിരമിച്ച വനിതാ ജഡ്ജിമാരെ ട്രിബ്യൂണല് അധ്യക്ഷരാക്കണമെന്നും നിര്ദേശമുണ്ട്.

മലയാള സിനിമയില് സ്ത്രീകള് നേരിടുന്ന വിവേചനങ്ങള് സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്ട്ട് 2019 ഡിസംബര് 31നായിരുന്നു സര്ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്കിയ റിപ്പോര്ട്ടില് 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്ട്ട് പുറത്തുവിടാന് സര്ക്കാര് തയ്യാറായിരുന്നില്ല. ഒടുവില് വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്ട്ട് പുറത്തുവിടാന് സര്ക്കാര് തീരുമാനിച്ചത്. ഓഗസ്റ്റ് 19ന് പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോര്ട്ടില് സിനിമാ ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള പല കാര്യങ്ങളും റിപ്പോര്ട്ടില് പരാമര്ശിക്കുന്നുണ്ട്. സിനിമാ മേഖലയില് നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണെന്നാണ് റിപ്പോര്ട്ട് പറഞ്ഞുവെക്കുന്നത്.

2017 ജൂലൈയിലാണ് സിനിമയിലെ സ്ത്രീ വിവേചനങ്ങള് സംബന്ധിച്ച് പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്ക്കാര് ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്ഡ്) അധ്യക്ഷയായി മുന് ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സര്ക്കാര് രൂപീകരിച്ചത്. ചലച്ചിത്രമേഖലയില് സ്ത്രീകള് നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള് നിര്ദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവര്ത്തനങ്ങള് പരിശോധിക്കാന് ഇത്തരത്തിലുള്ള ഒരു കമ്മീഷന് രൂപീകരിക്കുന്നത് ഇന്ത്യയില് ആദ്യമായായിരുന്നു.

സര്ക്കാര് വേട്ടക്കാര്ക്കൊപ്പമാണ്, ഏത് പരുന്താണ് സര്ക്കാരിനും മീതെ പറക്കുന്നത്?: വി ഡി സതീശന്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us