വൈകുന്നത് എന്തിന്? ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവെച്ചത് ക്രിമിനൽ കുറ്റം: എം എം ഹസൻ

അന്വേഷണം നടത്താൻ വനിത ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയമിക്കണം

dot image

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവെച്ചത് ക്രിമിനൽ കുറ്റമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. ലൈംഗിക ചൂഷണത്തിനെതിരെ നടപടിയെടുക്കാൻ എന്തിനാണ് വൈകുന്നതെന്നും വിഷയത്തിൽ അന്വേഷണം നടത്താൻ വനിത ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് 2019 ഡിസംബർ 31നായിരുന്നു സർക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നൽകിയ റിപ്പോർട്ടിൽ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉൾപ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായിരുന്നില്ല. ഒടുവിൽ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചത്.

ഗ്രാമീൺ ബാങ്ക്, മുല്ലപ്പെരിയാർ വിഷയങ്ങളിലും എം എം ഹസൻ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചു. മുല്ലപ്പെരിയാറിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. സംസ്ഥാനവും കേന്ദ്രവും സംയുക്തമായി അടിയന്തര നടപടികൾ സ്വീകരിക്കണം. ഈ വർഷം അവസാനം യുഡിഎഫിന്റെ ഡിസാസ്റ്റർ മാനേജ്മെന്റ് കോൺക്ലേവ് നടത്തുമെന്നും പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് യുഡിഎഫിൻ്റെ പൂർണ പിന്തുണയുണ്ടാകും. സിഎംഡിആർ എഫിലേക്ക് ലഭിക്കുന്ന തുക വയനാടിനു വേണ്ടി മാത്രം ഉപയോഗിക്കണം. സിഎംഡിആർഎഫ് കണക്കുകൾ സുതാര്യമാക്കണമെന്നും നഷ്ടപരിഹാരം കണക്കാക്കാൻ ഒരു കമ്മീഷനെ നിയോഗിക്കണമെന്നും എം എം ഹസൻ വ്യക്തമാക്കി. പ്രതിപക്ഷത്തെക്കൂടി പുനരധിവാസ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തണമെന്നും പരമാവധി സംഭാവന സിഎംഡിആർഎഫിലേക്ക് നൽകണമെന്നും യുഡിഎഫ് നിർദേശിച്ചു.

ഗ്രാമീൺ ബാങ്കിൻ്റേത് ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരിതബാധിതർക്കുളള സർക്കാരിന്റെ അടിയന്തിര ധനസഹായം അക്കൗണ്ടിൽ വന്നതിന് പിന്നാലെ വായ്പ പിടിച്ച ഇഎംഐ ഉദ്യോഗസ്ഥർക്ക് കർശന താക്കീത് നൽകണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കാഫിർ സ്ക്രീൻ ഷോട്ട് ഉറവിടം കണ്ടെത്താത്തതിൽ പ്രതിഷേധിച്ച് സെപ്റ്റംബർ രണ്ടിന് യുഡിഎഫ് സെക്രട്ടറിയേറ്റ് ധർണ നടത്തും. വിവാദം വഷളാക്കിയത് ഗോവിന്ദനാണ്. എന്തുകൊണ്ട് സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തുന്നില്ലെന്നും കെ കെ ശൈലജയുടെ മറുപടിയോടുകൂടി ഇതവസാനിപ്പിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദു മുസ്ലീം ഐക്യം തകർക്കാനാണ് വിവാദത്തിലൂടെ സിപിഐഎം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖാദർ കമ്മിറ്റി റിപ്പോർട്ട് അനുവദിക്കാനാകില്ലെന്നും സർക്കാർ പൊതുചർച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us