തിരുവനന്തപുരം: മുതലപ്പൊഴിയിൽ ഇന്ന് മാത്രം മറിഞ്ഞത് മൂന്ന് വള്ളങ്ങള്. രാവിലെ ആറരയ്ക്ക് രണ്ടു വള്ളങ്ങളും ഉച്ചയോടെ മറ്റൊരു വള്ളവും മറിയുകയായിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് ആദ്യ അപകടം നടന്നത്. ഒരു മണിക്കൂറിനുള്ളിൽ രണ്ടാമത്തെ വള്ളവും മറിഞ്ഞു. പെരുമാതുറയിലെയും പുതുകുറിച്ചിയിലെയും വള്ളങ്ങളാണ് ആദ്യം മറിഞ്ഞത്. അപകടത്തിൽപ്പെട്ട എല്ലാവരെയും രക്ഷപ്പെടുത്തി.
കഴിഞ്ഞ ദിവസം വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. പുതുക്കുറിച്ചി തീരത്താണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയായിരുന്നു വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിയെ കാണാതായത്. അഞ്ചുതെങ്ങ് സ്വദേശി ബെനഡിറ്റാണ് മരിച്ചത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുള്ള അപകടത്തിൽ ഈ വർഷത്തെ നാലാമത്തെ മരണമാണിത്.
ശനിയാഴ്ച രാവിലെ 6.20 ഓടെയായിരുന്നു അപകടം. നാല് തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി. അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്. മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെൻ്റും സംഭവസ്ഥലത്ത് തിരിച്ചിൽ നടത്തിയിരുന്നു. മുതലപ്പൊഴിയിൽ അപകടം പതിവായതോടെ പലതവണ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. പ്രശ്നപരിഹാരമുണ്ടാകുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.
ഇതിനിടെ മുതലപ്പൊഴിയിലെ പ്രശ്നപരിഹാരത്തിന് പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയിരുന്നു. പൊഴിയിലെ മണൽ നീക്കം ഹാർബർ എഞ്ചിനീയറിങ് വകുപ്പ് ഏറ്റെടുക്കുകയും പണം അദാനി ഗ്രൂപ്പിൽ നിന്ന് ഈടാക്കുകയും ചെയ്യുന്നതാണ് ആലോചനയിലുള്ളത്. കാലാവധി നീട്ടി നൽകിയിട്ടും മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് പൂർത്തിയാക്കാൻ അദാനി ഗ്രൂപ്പിന് കഴിഞ്ഞില്ലെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് കടലിലൂടെ കല്ല് കൊണ്ടുപോകാൻ അദാനി ഗ്രൂപ്പ് മുതലപ്പൊഴി ഉപയോഗിച്ചിരുന്നു. പ്രത്യുപകാരമായി പൊഴിയിലെ മണൽ നീക്കാനുള്ള ചുമതല സർക്കാർ അദാനിയെ ഏല്പിക്കുകയും ചെയ്തു. ഡ്രഡ്ജിങ്ങിന് നിർദ്ദേശിച്ച് ഒരു വർഷമായിട്ടും നിർമ്മാണം പൂർത്തിയാക്കിയിട്ടില്ല.