ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിന് കാലതാമസമുണ്ടാകാൻ കാരണം മന്ത്രി ഉൾപ്പെടുന്ന 15 അംഗ പവർ ഗ്രൂപ്പെന്ന് സംവിധായകൻ വിനയൻ. പുതിയ തലമുറയ്ക്ക് സിനിമയിലേക്ക് വരുന്നതിന് ആശങ്കയുണ്ടാക്കുന്നതാണ് ഈ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കാര്യങ്ങൾ. പല സിനിമാക്കാരും മന്ത്രിമാരും ഇതിനെ ലഘൂകരിച്ച് സംസാരിക്കുന്നത് കണ്ടു. ഇനിയും ഉറക്കം നടിക്കരുത് എന്നാണ് പറയാനുള്ളത്. സിനിമ കോൺക്ലേവ് വിളിക്കാനുള്ള സർക്കാർ നടപടി സ്വീകാര്യമാണ്. എന്നാൽ ഈ കോൺക്ലേവ് നയിക്കുന്നത് ഈ പവർ ഗ്രൂപ്പാണെങ്കിൽ അതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും വിനയൻ പറഞ്ഞു.
'സിനിമാ രംഗത്തെ മാഫിയ സംഘങ്ങളുടെ പീഡനം എറ്റവുമധികം അനുഭവിച്ച വ്യക്തിയാണ് ഞാൻ, അത് ലൈംഗിക പീഡനം അല്ലെന്ന് മാത്രം. മാക്ട തകർക്കുന്നതിന് പിന്നിൽ ഒരു നടനാണ് എന്ന് ഇന്ന് പത്രത്തിൽ എഴുതിയിരിക്കുന്നത് കണ്ടു. സിനിമാമേഖലയിലെ പല പ്രശ്നങ്ങളിലും മാക്ട ഇടപെട്ടിരുന്നു. വിനയന്റെ കീഴിൽ ഈ സംഘടന മുന്നോട്ട് പോയാൽ പ്രശ്നമാണ് എന്ന് കരുതിയ പല പ്രമുഖരുണ്ടായിരുന്നു. 2008 ജൂലൈയിൽ സരോവരം ഹോട്ടലിൽ വെച്ച് മലയാള സിനിമയിലെ പ്രമുഖർ എല്ലാം ചേർന്ന് ഒരു മീറ്റിംഗ് നടത്തി. അവിടെ വെച്ചാണ് മാക്ട തകർക്കുന്നതും പകരം അമ്മയും പ്രൊഡ്യൂസേഴ്സ് അസ്സോസിയേറ്റിനും ഫണ്ട് നൽകി ഒരു സംഘടന രൂപീകരിക്കുന്നത്. അന്ന് ആ മീറ്റിംഗിൽ ആവേശത്തോടെ പ്രസംഗിച്ച ഇന്ന് മന്ത്രിയായിട്ടുള്ളയാള് ഉൾപ്പടെയുള്ള പവർ ഗ്രൂപ്പിലുള്ള 15 പേർ തന്നെയാണ് മലയാള സിനിമയിലെ തെമ്മാടിത്തരങ്ങളെ പിന്തുണയ്ക്കുന്നത്,' വിനയൻ പറഞ്ഞു. തന്റെ പിന്നാലെ ഇപ്പോഴും അവരുണ്ടെന്നും സിനിമകള് ചെയ്യാന് അനുവദിക്കുന്നില്ലെന്നും വിനയന് പ്രതികരിച്ചു.
'ഒരിക്കൽ തൃശ്ശൂരിൽ ഷൂട്ടിംഗ് നടക്കുമ്പോൾ ഒരു നടൻ കോസ്റ്റ്യൂം അസ്സിസ്റ്റന്റിനോട് മോശമായി പെരുമാറിയതായി മാക്ടയ്ക്ക് ഒരു പരാതി വന്നു. അപ്പോൾ തന്നെ ആ നടനെ വിളിച്ച് സംസാരിക്കുകയും യൂണിറ്റിലെ എല്ലാ അംഗങ്ങളുടെയും മുന്നിൽ വെച്ച് ആ വ്യക്തിയോട് മാപ്പ് പറയാത്ത പക്ഷം ഞങ്ങൾക്ക് എതിർക്കേണ്ടി വരുമെന്ന് പറയുകയും ചെയ്തു. അതുപോലെ ഒറ്റപ്പാലത്ത് വെച്ച് ഒരു സംവിധായകൻ തിലകൻ ചേട്ടന്റെ തന്തയ്ക്ക് വിളിച്ചു. എന്നോട് അത് വിളിച്ച് പറയുന്നത് നടൻ സാദിഖ് ആണ്. അപ്പോൾ തന്നെ ഞാൻ ആ സംവിധായകനെ വിളിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ആ സംവിധായകൻ ഇന്ന് സർക്കാർ തലത്തിൽ തലപ്പത്തുണ്ട്. അത്തരം നിലപാടുകൾ സ്വീകരിച്ച സംഘടനയെയാണ് ഇവർ നശിപ്പിച്ചുകളഞ്ഞത്,' അദ്ദേഹം പറഞ്ഞു.
'ബഹുമാനപ്പെട്ട മന്ത്രി കോൺക്ലേവ് വിളിക്കുന്നത് നല്ല കാര്യമാണ്. എന്നാൽ ഈ കോൺക്ലേവ് നടത്തുമ്പോൾ അതിന് മുന്നിലും ഈ പവർ ഗ്രൂപ്പ് ആണെങ്കിൽ, വലിയ പ്രതിഷേധമുണ്ടാകും. എനിക്ക് വിലക്കുണ്ടായിരുന്ന സമയത്ത് അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രിയോട് തിലകൻ ചേട്ടനെ സീരിയൽ പോലും ചെയ്യാൻ അനുവദിക്കുന്നില്ല, അങ്ങ് ഇടപെടണം എന്ന് പറഞ്ഞപ്പോൾ, സമയമായില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ ഇപ്പോൾ പറയുന്നു ഞാൻ ഒറ്റയ്ക്ക് നിന്ന് പോരാടും', വിനയന് വ്യക്തമാക്കി.
15 അംഗ പവർ ഗ്രൂപ്പിലെ വ്യക്തികളുടെ പേരുകൾ വ്യക്തമാക്കാമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പേരുകൾ വ്യക്തമാക്കില്ല എന്നായിരുന്നു വിനയന്റെ മറുപടി. 'ഹേമ കമ്മിറ്റി പറയാത്ത പേര് ഞാൻ പറഞ്ഞ് കുളമാക്കാൻ താല്പര്യപ്പെടുന്നില്ല. ഇവരെയെല്ലാം 10-20 വർഷമായി എതിർക്കുന്ന വ്യക്തിയാണ് ഞാൻ. അവരുടെ പേരുകൾ പറഞ്ഞാൽ 'ഇയാൾ അത് പറയും. ഇയാൾ ഞങ്ങളുടെ ശത്രുവാണ്' എന്നായിരിക്കും അവരുടെ മറുപടി,' എന്നും വിനയൻ പറഞ്ഞു.