തിരുവനന്തപുരം: തിരുവനന്തപുരം കന്യാകുമാരിയില് നിന്ന് കാണാതായ പതിമൂന്നുകാരിയെ കുറിച്ച് നിര്ണായക വിവരം ലഭിച്ചതായി പൊലീസ്. കുട്ടിയെ ഇന്ന് പുലര്ച്ചെ 5.30ന് കണ്ടതായി കന്യാകുമാരിയിലെ ഓട്ടോ ഡ്രൈവര്മാര് പൊലീസിനോട് പറഞ്ഞു. കന്യാകുമാരി എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും കുട്ടിക്കായി തിരച്ചില് ആരംഭിച്ചു.
തിരുവനന്തപുരം ഡിസിപി കന്യമാകുമാരി പൊലീസിന് വിവരം കൈമാറിയതിന് പിന്നാലെയാണ് നിര്ണായക വിവരം ലഭിച്ചത്. പുലര്ച്ചെ നാല് മുതല് കന്യാകുമാരി പൊലീസും തിരച്ചില് ആരംഭിച്ചിരുന്നു. കുട്ടി ബീച്ച് റൊഡിലേക്ക് പോയതായാണ് ഓട്ടോ ഡ്രൈവർമാരുടെ മൊഴി.
കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശികളുടെ മകളെയാണ് ഇന്നലെ രാവിലെ 10 മണി മുതല് കാണാതായത്. സഹോദരിയുമായി വഴക്കുണ്ടാക്കിയതിന് അമ്മ കുട്ടിയെ ശകാരിച്ചിരുന്നു. പിന്നാലെ വീടുവിട്ട് ഇറങ്ങുകയായിരുന്നു. ബാഗും വസ്ത്രങ്ങളും 50 രൂപയുമാണ് കുട്ടിയുടെ കൈവശമുള്ളത്. പരാതി ലഭിച്ചതിന് പിന്നാലെ തന്നെ പൊലീസ് വ്യാപക തിരച്ചില് ആരംഭിച്ചു.
കുട്ടിയെ കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന ഐലന്ഡ് എക്സ്പ്രസില് കണ്ടതായി വിവരം ലഭിച്ചു. ബബിത എന്ന വിദ്യാര്ത്ഥിനിയാണ് കരഞ്ഞുകൊണ്ടിരുന്ന പെണ്കുട്ടിയുടെ ഫോട്ടോയെടുത്തത്. ഇത് നിര്ണായക തെളിവായി മാറുകയായിരുന്നു. ചിത്രം കുട്ടിയുടെ പിതാവ് സ്ഥിരീകരിക്കുകയും ചെയ്തു. കുട്ടി കന്യാകുമാരി ഭാഗത്തുണ്ടാകുമെന്നാണ് പൊലീസ് അനുമാനം. പൊലീസ് സംഘത്തിന്റെ കന്യാകുമാരിയിലെ അന്വേഷണം പുരോഗമിക്കുകയാണ്.
LIVE BLOG: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി; കുട്ടി താംബരം എക്സ്പ്രസില്