'വെളിപ്പെടുത്താൻ വൈകിയതിൽ കുറ്റബോധം തോന്നുന്നു, സിബിഐയോട് എല്ലാം പറഞ്ഞിട്ടുണ്ട്'; ലോഡ്ജ് ജീവനക്കാരി

സിബിഐ സംഘം മൊഴി രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടാണ് തനിക്ക് കുറ്റബോധമുണ്ടെന്ന് ജീവനക്കാരി പറഞ്ഞത്.

dot image

കോട്ടയം: ജസ്നയെ കണ്ടെന്നുള്ള വിവരം വെളിപ്പെടുത്താൻ വൈകിയതിൽ കുറ്റബോധമെന്ന് മുണ്ടക്കയത്തെ ലോഡ്ജ് മുൻ ജീവനക്കാരി. സിബിഐ സംഘം മൊഴി രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് തനിക്ക് കുറ്റബോധമുണ്ടെന്ന് ജീവനക്കാരി പറഞ്ഞത്.

രണ്ടര മണിക്കൂർ സമയം എടുത്താണ് സിബിഐ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. വെളിപ്പെടുത്തൽ നടത്താൻ വൈകിയതിൽ കുറ്റബോധം തോന്നുന്നുവെന്നും സിബിഐയോട് പറയാനുള്ളത് എല്ലാം പറഞ്ഞിട്ടുണ്ടെന്നും ജീവനക്കാരി പറഞ്ഞു. അന്വേഷണം ശക്തമായി തുടരുന്നുവെന്ന് സിബിഐ സംഘവും പ്രതികരിച്ചു. തിരുവനന്തപുരത്ത് നിന്നുള്ള സിബിഐ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. ജസ്നയെ ലോഡ്ജിൽ വെച്ച് കണ്ടതായി ഇവർ വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു സിബിഐ നടപടി.

കാണാതാവുന്നതിന് ദിവസങ്ങള്ക്ക് മുമ്പ് ജസ്ന ഒരു യുവാവിനൊപ്പം ലോഡ്ജില് എത്തിയെന്നായിരുന്നു മുണ്ടക്കയത്തെ ലോഡ്ജിലെ മുന് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. 'ഉച്ചയ്ക്ക് 12നും ഒന്നിനും ഇടയ്ക്കാണ് അവിടെ കാണുന്നത്. മൂന്നോ നാലോ മണിക്കൂര് അവിടെയുണ്ടായിരുന്നു. അഞ്ച് മണിക്ക് തിരിച്ചിറങ്ങിപോയി. റൂം എടുത്ത് താമസിക്കുന്നവരുടെ പേരും മേല്വിലാസവും മാത്രമെ എഴുതാറുള്ളൂ. എന്നോട് ചിരിച്ചിരുന്നു. അപ്പോഴാണ് പല്ലിലെ കമ്പി ശ്രദ്ധിച്ചത്. ഒരു പയ്യന് കൂടെയുണ്ടായിരുന്നു. വെളുത്തു മെലിഞ്ഞ പയ്യനാണ്. കൊച്ചുപെണ്കുട്ടി ആയതിനാലാണ് ശ്രദ്ധിച്ചത്. പിങ്ക് ഡ്രസാണ് ഇട്ടിരുന്നത്' എന്നായിരുന്നു വെളിപ്പെടുത്തൽ.

ജസ്ന തിരോധാനക്കേസില് ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല് ലോഡ്ജ് ഉടമ നിഷേധിച്ചിരുന്നു. ജസ്നയോ ജസ്നയുമായി സാദൃശ്യമുള്ള ആരെങ്കിലുമോ ലോഡ്ജില് വന്നിട്ടില്ലെന്നായിരുന്നു ലോഡ്ജുടമ പ്രതികരണം. തന്നോടുള്ള വ്യക്തിവൈരാഗ്യം കൊണ്ടാണ് ജീവനക്കാരി ആരോപണങ്ങളുമായി മാധ്യമങ്ങള്ക്ക് മുന്നിലെത്തിയതെന്നും ക്രൈംബ്രാഞ്ചിന് മുന്നില് താന് ഇതേകാര്യം പറഞ്ഞിരുന്നെന്നും ലോഡ്ജ് ഉടമ പ്രതികരിച്ചിരുന്നു.

ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തലിനെതിരെ ജസ്നയുടെ പിതാവും രംഗത്ത് വന്നിരുന്നു. കേസ് അട്ടിമറിക്കാൻ തിരോധാനവുമായി ബന്ധമുള്ളവർ ഗൂഡാലോചന നടത്തുന്നുവെന്നായിരുന്നു ജസ്നയുടെ പിതാവ് ജെയിംസ് ജോസഫിൻ്റെ ആരോപണം. മുണ്ടക്കയത്തെ ലോഡ്ജിൽ കണ്ടത് തൻ്റെ മകളയെല്ല. സിസിടിവി ദൃശ്യം നേരത്തേ കണ്ടിട്ടുണ്ടെന്നും അതിലുള്ളത് തൻ്റെ മകളല്ലെന്നുമാണ് ജോസഫ് വ്യക്തമാക്കിയത്. 'സംശയം പ്രകടിപ്പിച്ച വനിത തന്നെ ഒരു മാസം മുമ്പ് വിളിച്ചിരുന്നു. ഇതേ കാര്യം തന്നെയാണ് അന്ന് പറഞ്ഞത്. തുടർന്ന് സിസിടിവി ദൃശ്യം പരിശോധിച്ചു. സിബിഐയ്ക്കും ഇതേ സിസിടിവി ദൃശ്യം കൈമാറിയിരുന്നു. സിസിടിവി ദൃശ്യത്തിലുളളത് തൻ്റെ മകളല്ലെന്ന് പൊലീസിനും സിബിഐയ്ക്കും വ്യക്തമായിരുന്നു. നിലവിലെ സിബിഐ അന്വേഷണത്തിൽ തൃപ്തിയുണ്ട്. ലോഡ്ജുടമയും വെളിപ്പെടുത്തൽ നടത്തിയ വനിതയും തമ്മിൽ തർക്കമുണ്ടെന്നറിയാമെന്നു'മായിരുന്നു ജെയിംസ് ജോസഫിൻ്റെ പ്രതികരണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us