കൊച്ചി: പെരുമ്പാവൂരില് യുവതിയുടെ ആത്മഹത്യ ഓണ്ലൈന് വായ്പ്പാ ആപ്പില് കുരുങ്ങിയെന്ന് റിപ്പോര്ട്ട്. മൊബൈല് ആപ്പ് വഴി യുവതി വായ്പ എടുത്തിരുന്നതായി ബന്ധുക്കളും പൊലീസും പ്രതികരിച്ചു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ഭീഷണിയുണ്ടായെന്നും യുവതിയുടെ മോര്ഫ് ചെയ്ത ചിത്രങ്ങള് സമൂഹമാധ്യമങ്ങളില് പ്രചരിപ്പിച്ചതായും ബന്ധുക്കള് പ്രതികരിച്ചു.
ഇന്നലെയാണ് പെരുമ്പാവൂര് കണിച്ചാട്ടുപാറ സ്വദേശി ആരതി(31) ജീവനൊടുക്കിയത്. ഒരാഴ്ചയായി ആരതി മാനസിക സമ്മര്ത്തിലായിരുന്നുവെന്നും ചിത്രങ്ങള് പ്രചരിപ്പിക്കപ്പെട്ടതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തതെന്നും കുടുംബം പറഞ്ഞു. യുവതിയുടെ മൊബൈല് ഫോണ് പൊലീസ് ഫോറന്സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
യുവതിയുടെ മോര്ഫ് ചെയ്ത ചിത്രങ്ങല് സമൂഹ മാധ്യമങ്ങളില് പ്രചരിപ്പിച്ചതിൻ്റെയും ലോണ് ആപ്പുകാര് ഭീഷണിപ്പെടുത്തിയതിൻ്റെയും തെളിവുകള് പൊലീസ് ശേഖരിച്ചിട്ടുണ്ട്. നിലവില് അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്മോര്ട്ടം നടപടികള്ക്ക് ശേഷം മൃതദേഹം ഇന്ന് വൈകീട്ടോടെ സംസ്കരിക്കും.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)