'ഇരകളുംവേട്ടക്കാരും ഒന്നിച്ചിരിക്കുമെന്ന വ്യാഖ്യാനം എങ്ങനെയുണ്ടായി?';പരോക്ഷ വിമര്ശനവുമായി മന്ത്രി

'ഇന്ത്യയില് ഒരൊറ്റ സംസ്ഥാനത്ത് മാത്രമേ സിനിമാ മേഖലയിലെ ഇത്തരം പ്രവണതകളെ കുറിച്ചുള്ള സമഗ്രമായ, വിശദമായ പഠനം നടത്തി ഒരു റിപ്പോര്ട്ട് തയ്യാറാക്കിയിട്ടുള്ളൂ എന്നതാണ് പ്രധാനകാര്യം.'

dot image

ആലപ്പുഴ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ നടി പാർവതി തിരുവോത്ത് നടത്തിയ പരാമർശത്തിന് മറുപടിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. സിനിമാ കോണ്ക്ലേവിന്റെ വിശദാംശങ്ങള് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇരകളും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്ന വ്യാഖ്യാനം എങ്ങനെ ഉണ്ടായെന്ന് മന്ത്രി ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവിടുന്നതില് സര്ക്കാരിന് ഒരു പ്രയാസവുമുണ്ടായിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡബ്ള്യു സി സി അംഗം കൂടിയായ പാർവതി തിരുവോത്ത് സർക്കാർ സംഘടിപ്പിക്കുന്ന സിനിമാ കോണ്ക്ലേവിനെ വിമർശിച്ചെത്തിയിരുന്നു. കോണ്ക്ലേവ് കൊണ്ട് സര്ക്കാര് എന്താണ് ഉദ്ദേശിക്കുന്നതെന്നും ഇരകളേയും വേട്ടക്കാരേയും ഒരുമിച്ചിരുത്തിയാണോ സര്ക്കാര് കോണ്ക്ലേവ് സംഘടിപ്പിക്കുന്നതെന്നും പാര്വതി വിമർശനം ഉന്നയിച്ചിരുന്നു . ഇതിനാണ് മന്ത്രി എം ബി രാജേഷ് നടിയുടെ പേരെടുത്ത് പറയാതെ മറുപടി നല്കിയത്.

'കോണ്ക്ലേവിന്റെ വിശദാംശങ്ങള് എന്തെങ്കിലും ഇപ്പോള് പ്രഖ്യാപിച്ചിട്ടുണ്ടോ? ഒന്നും പ്രഖ്യാപിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് ഇരകളും വേട്ടക്കാരും ഒന്നിച്ചാണിരിക്കുന്നത് എന്ന വ്യാഖ്യാനമുണ്ടാകുന്നത്? സിനിമാ മേഖലയെ സംബന്ധിച്ച് സമഗ്രമായ നയം ഉണ്ടാകണം എന്ന ഒറ്റ ഉദ്ദേശമേ സര്ക്കാരിന് മുന്നിലുള്ളൂവെന്നാണ് സാംസ്കാരികമന്ത്രിയും മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുള്ളത്. ആ നയം ആവിഷ്കരിക്കുന്നതിന് അതുമായി ബന്ധപ്പെട്ടവര് ഉള്പ്പെട്ട കോണ്ക്ലേവ് എന്നേ പറഞ്ഞിട്ടുള്ളൂ. അതില് വേട്ടക്കാരും ഇരകളും ഒരുമിച്ചിരിക്കും എന്നതൊക്കെ തെറ്റായ വ്യാഖ്യാനങ്ങളാണ്' എന്ന് മന്ത്രി പറഞ്ഞു.

കാഫിർ വിവാദം: സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് കെ കെ ലതിക

'ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവിടുന്നതില് സര്ക്കാരിന് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് ഇത്ര വൈകിയതെന്ന കാര്യം മുഖ്യമന്ത്രി വ്യക്തമായി പറഞ്ഞിട്ടുണ്ട്. റിപ്പോര്ട്ടിന്റെ രഹസ്യ സ്വഭാവത്തിന്റെ ഉറപ്പിലാണ് പലരും കമ്മിറ്റിയുടെ മുന്നില്വന്ന് കാര്യങ്ങള് വിശദീകരിച്ചത് എന്ന് ജസ്റ്റിസ് ഹേമ തന്നെ ചൂണ്ടിക്കാണിച്ചതാണ്. ഇന്ത്യയില് ഒരൊറ്റ സംസ്ഥാനത്ത് മാത്രമേ സിനിമാ മേഖലയിലെ ഇത്തരം പ്രവണതകളെ കുറിച്ചുള്ള സമഗ്രമായ, വിശദമായ പഠനം നടത്തി ഒരു റിപ്പോര്ട്ട് തയ്യാറാക്കിയിട്ടുള്ളൂ എന്നതാണ് പ്രധാനകാര്യം. സംസ്ഥാന സര്ക്കാര് സ്വീകരിച്ച നടപടിയാണ് ഇത്. സര്ക്കാരിന്റെ സമീപനം വളരെ വ്യക്തമാണ്. മറ്റൊരു സംസ്ഥാനത്തും സ്വീകരിച്ചിട്ടില്ലാത്ത ആര്ജവത്തോടെയുള്ള ധീരമായ നിലപാടാണ് അത്. ആ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്.' എന്നും എം ബി രാജേഷ് പറഞ്ഞു.

dot image
To advertise here,contact us
dot image