ചപ്പാത്ത്: ഇടുക്കി ജില്ലയിലെ ചപ്പാത്തില് ഷാജി എന്ന് പേരുളള ഒരാളുണ്ട്. ഇടുക്കിക്കാരുടെ സ്വന്തം ചപ്പാത്തില് ഷാജി. മുല്ലപ്പെരിയാര് വിഷയത്തില് ഒരു തീരുമാനമുണ്ടായാല് മാത്രമേ വിവാഹംപോലും കഴിക്കൂ എന്ന് ശപഥമെടുത്തയാളാണ് ഷാജി. ഉറങ്ങുമ്പോഴും ഉണരുമ്പോഴും മുല്ലപ്പെരിയാര് വിഷയവും ജനങ്ങളുടെ സുരക്ഷയേയും കുറിച്ച് ആശങ്കയുളള മനുഷ്യന്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് നടക്കുന്ന ഏത് ചര്ച്ചയിലും പരിപാടികളിലും ഷാജിയുടെ സാന്നിധ്യം ഉണ്ടാകും. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്താണെന്ന് ചോദിച്ചാല് ഷാജിക്ക് ഒറ്റ ഉത്തരമേയുളളൂ . മുല്ലപ്പെരിയാര് വിഷയം പരിഹരിക്കപ്പെടണം.
മുല്ലപ്പെരിയാര് സമരവുമായി ബന്ധപ്പെട്ട സമര സമിതിയ്ക്ക് നേതൃത്വം നല്കുന്നയാൾ കൂടിയാണ് ഷാജി. മുല്ലപ്പെരിയാര് വിഷയവുമായി ബന്ധപ്പെട്ട് റിപ്പോര്ട്ടര് ടിവി ഇടുക്കിയിലെ ചപ്പാത്തിൽ നടത്തിയ ലൈവത്തോണിലും ഷാജി പങ്കെടുത്തു. മുല്ലെപ്പെരിയാര് സംരക്ഷണത്തിനായുള്ള സമരം തുടങ്ങിയപ്പോള് മുതല് അതില് സജീവമായി പങ്കെടുക്കുകയും പ്രവര്ത്തനങ്ങള് നടത്തുകയും ചെയ്തിട്ടുണ്ട് ഷാജി.
മുല്ലപ്പെരിയാര് വിഷയത്തില് തീരുമാനമുണ്ടാകാതെ വിവാഹം കഴിക്കില്ല എന്ന് തീരുമാനമെടുക്കാന് കാരണമെന്താണെന്ന് ചോദ്യത്തിന് ഷാജിയുടെ മറുപടി ഇപ്രകാരമായിരുന്നു. 'മുന്പ് ഞങ്ങളുടെ ചെയര്മാന്റെ കൂടെ സമരങ്ങളിലൊക്കെ പങ്കെടുത്തിരുന്നു. മുല്ലപ്പെരിയാര് പ്രശ്നം പരിഹരിക്കാതെ വിവാഹം കഴിക്കില്ല എന്ന് തീരുമാനമെടുത്ത ആളായിരുന്നു അദ്ദേഹം. അക്കാലത്ത് എന്തുകൊണ്ടാണദ്ദേഹം അങ്ങനെയൊരു തീരുമാനമെടുത്തത് എന്നൊന്നും ചിന്തിച്ചിരുന്നില്ല. ഈ ലക്ഷ്യം മുന്നിര്ത്തി ഇതിന് പിന്നാലെ നടന്നപ്പോഴാണ് മുല്ലപ്പെരിയാര് വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞത്. യാഥാര്ഥ്യം തിരിച്ചറിഞ്ഞപ്പോള് അതിനെക്കുറിച്ച് പഠിക്കാനും അതിനുവേണ്ടി ഇറങ്ങിത്തിരിക്കാനും ശ്രമിച്ചു. മുല്ലപ്പെരിയാര് എല്ലാവരുടെയും ഉള്ളിലെ ഭയമല്ലേ. അത് പരിഹരിക്കുകയല്ലേ വലിയ കാര്യം. അതുകൊണ്ടാണ് ഞാനും ഈ പ്രശ്നത്തിന് പരിഹാരം കണ്ടിട്ടേ വിവാഹത്തെക്കുറിച്ചുപോലും ചിന്തിക്കൂ എന്ന് തീരുമാനമെടുത്തത്.'
'2006ല് മാര്ച്ചില് രൂപീകരിച്ച മുല്ലപ്പെരിയാര് സമരസമിതി നയിച്ച സമരം 18 വര്ഷത്തോളമായി നീണ്ടുനില്ക്കുകയാണ്. ചപ്പാത്തിലായിരുന്നു സമരപ്പന്തലുണ്ടായിരുന്നത്. 2018ലെ പ്രളയത്തിലാണ് സമരപന്തല് ഒലിച്ചു പോയത്. മുല്ലപ്പെരിയാര് വിഷയത്തില് 2014ലെ സുപ്രീം കോടതി വിധിവന്നതിന് ശേഷം ജനങ്ങള്ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് പബ്ലിക് സുരക്ഷാ ചാരിറ്റബിള് ട്രസ്റ്റ് എന്ന ട്രസ്റ്റിന്റെ പേരില് ഞാനും ഒരു ഹര്ജി ഫയല് ചെയതിട്ടുണ്ട്. റൂട്ട് കെര്വ് ലഭിച്ചിട്ടുള്ളതിനാല് ഇപ്പോള് ലഭിച്ചുകൊണ്ടിരിക്കുന്നതിൻ്റെയും നിലനിര്ത്തേണ്ട വെളളത്തിന്റെയും കൃത്യമായ കൃത്യമായ കണക്ക് സിഡിസിക്കും മുല്ലപ്പെരിയാര് മേല്നോട്ട സമിതിക്കും ഉള്ളതുകൊണ്ടാണ് നന്നായി കാര്യങ്ങള് കൈകാര്യം ചെയ്യാന് കഴിയുന്നത്. സമരംകൊണ്ട് ഉണ്ടായ ഏറ്റവും വലിയ നേട്ടങ്ങളിലാന്നാണ് റൂട്ട് കെര്വ് വന്നത്', ഷാജി വ്യക്തമാക്കി.
മുല്ലപ്പെരിയാറിനെ സംബന്ധിച്ച് അനാവശ്യ ഭീതി പരത്തി ജനങ്ങള്ക്കിടയില് ആശങ്ക പരത്തരുത് എന്ന അപേക്ഷ മാത്രമേയുള്ളുവെന്നും ലൈവത്തോണിൽ സംസാരിക്കവെ ഷാജി പറഞ്ഞു. 'സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ചിന്റെ ഒരു വിധി നമ്മുടെ മുന്നില് ഇപ്പോള് ഉണ്ട്. ആ വിധിയെ മറികടക്കുക എന്നുള്ളത് സുപ്രീംകോടതി പറഞ്ഞ പരാമര്ശത്തില് സൂചിപ്പിച്ചിരിക്കുന്ന ഒരു അമിക്കബിള് സെറ്റിൽമെന്റാണ്. ആ സെറ്റില്മെന്റിനുള്ള വലിയൊരു അവസരമാണ് ഇപ്പോള് വന്നുചേര്ന്നിരിക്കുന്നത്. വയനാട് ദുരന്തം വന്നപ്പോഴാണ് മുല്ലപ്പെരിയാര് വിഷയം വലിയ ക്യാമ്പൈയിനായി ഉയര്ന്ന് വന്നത്. ഇപ്പോള് തുംഗഭദ്ര ഡാമിൻ്റെ ഷട്ടർ തകര്ന്നു. തമിഴ്നാടിനെയും കേരളത്തെയും ഒരു മേശക്ക് ചുറ്റും ഇരുത്താന് പറ്റുന്ന ഒരു സാഹചര്യമുരുത്തിരിഞ്ഞ് വന്നിട്ടിണ്ട്. അതുകൊണ്ട് പോസിറ്റീവായ ഒരു തീരുമാനം വിഷയത്തില് ഉണ്ടാവണമെന്നാണ് ആഗ്രഹം' ഷാജി വ്യക്തമാക്കി.