'ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വമേധയാ കേസെടുക്കാം'; മുഖ്യമന്ത്രിയെ തിരുത്തി കെ എൻ ബാലഗോപാൽ

സ്വമേധയാ കേസെടുക്കണോ പരാതി ലഭിച്ചിട്ട് കേസെടുക്കണോ എന്നത് സാങ്കേതികത്വം മാത്രമാണെന്ന് കെ എൻ ബാലഗോപാൽ

dot image

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വമേധയാ കേസെടുക്കാമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പരാതി നൽകാതെ കേസെടുക്കാനാകില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ തിരുത്തിയാണ് ബാലഗോപാലിന്റെ പ്രതികരണം. സ്വമേധയാ കേസെടുക്കണോ പരാതി ലഭിച്ചിട്ട് കേസെടുക്കണോ എന്നത് സാങ്കേതികത്വം മാത്രമാണ്. സ്വമേധയാ കേസ് എടുക്കുന്നതിന് നിയമ തടസമില്ല. പരിഷ്കരിച്ച നിയമങ്ങൾ നിലവിലുണ്ടന്നും പരാതി ലഭിച്ചിട്ടോ അല്ലാതെയോ കേസെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

രഹസ്യമായി സൂക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന രേഖയാണ് പൊലീസിന് ലഭിച്ചതെന്നായിരുന്നു റിപ്പോർട്ടിൽ കേസെടുക്കുന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം. കേസ് എടുത്ത് അന്വേഷണം നടത്തണം എന്ന് ശുപാർശ ചെയ്തിട്ടില്ല, മൊഴി നൽകിയവരുടെ സ്വകാര്യത സംരക്ഷിക്കണമെന്നും പറഞ്ഞിട്ടുണ്ട്. കമ്മിറ്റിക്ക് മൊഴി നൽകിയ ഏത് സ്ത്രീ പരാതിയുമായി വന്നാലും ഉചിതമായ നടപടി ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

മൊഴി പ്രസിദ്ധീകരിക്കണം എന്ന കോടതി തീരുമാനം വന്നാല് മാത്രമേ കേസ് എടുക്കാന് കഴിയുവെന്നും നിലവിലെ റിപ്പോര്ട്ട് പ്രകാരം കേസ് എടുക്കുന്നതിന് നിയമ തടസ്സമുണ്ടെന്നും മുൻ മന്ത്രി എ കെ ബാലനും പ്രതികരിച്ചിരുന്നു. മൊഴി തന്നവരുടെ സ്വകാര്യത ഉറപ്പ് വരുത്തണമെന്നത് ഹേമ കമ്മിറ്റിയുടെ ആവശ്യമായിരുന്നെന്നും കിട്ടിയ മൊഴികള് പ്രകാരം നിയമനടപടി വേണമെന്ന് ഹേമ കമ്മിറ്റിക്ക് ആവശ്യപ്പെടാമെന്നും എ കെ ബാലന് പറഞ്ഞിരുന്നു.

മലയാള സിനിമയില് സ്ത്രീകള് നേരിടുന്ന വിവേചനങ്ങള് സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്ട്ട് 2019 ഡിസംബര് 31നായിരുന്നു സര്ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്കിയ റിപ്പോര്ട്ടില് 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്ട്ട് പുറത്തുവിടാന് സര്ക്കാര് തയ്യാറായിരുന്നില്ല. ഒടുവില് വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്ട്ട് പുറത്തുവിടാന് സര്ക്കാര് തീരുമാനിച്ചത്. ഇന്ന് പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമാ ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള പല കാര്യങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

2017 ജൂലൈയിലാണ് സിനിമയിലെ സ്ത്രീ വിവേചനങ്ങള് സംബന്ധിച്ച് പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്ക്കാര് ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്ഡ്) അധ്യക്ഷയായി മുന് ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സര്ക്കാര് രൂപീകരിച്ചത്. ചലച്ചിത്രമേഖലയില് സ്ത്രീകള് നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള് നിര്ദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവര്ത്തനങ്ങള് പരിശോധിക്കാന് ഇത്തരത്തിലുള്ള ഒരു കമ്മീഷന് രൂപീകരിക്കുന്നത് ഇന്ത്യയില് ആദ്യമായായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us