കൊച്ചി: ഹൈക്കോടതിയും വിവരാവകാശ കമ്മീഷനും പുറത്ത് വിടാൻ പറഞ്ഞിട്ടും പതിനൊന്ന് ഖണ്ഡികളോളം ഒളിപ്പിച്ചു വെച്ച സർക്കാർ നടപടി തുറന്ന് കാട്ടിയ റിപ്പോർട്ടർ വാർത്തയിൽ പ്രതികരിച്ച് സംവിധായകൻ ആഷിഖ് അബു. വാർത്ത ഞെട്ടിക്കുന്നതാണെന്നും അങ്ങേയറ്റം നിരാശയുണ്ടാക്കുന്നതാണെന്നും ആഷിഖ് അബു പറഞ്ഞു. സിനിമാ മേഖലയിൽ നടക്കുന്ന അതിക്രമങ്ങളെ 'കാസ്റ്റിങ് കൗച്ച്' എന്ന് ചുരുക്കി കാണരുതെന്നും അതെല്ലാം ക്രൂരമായ ബലാൽസംഗങ്ങളാണെന്നും ആഷിഖ് അബു പറഞ്ഞു. റിപ്പോർട്ട് പുറത്ത് വന്നിട്ടും അത് നടപ്പിലാക്കാൻ സ്റ്റേറ്റ് പരാജയപ്പെടുന്നത് കാണുമ്പോൾ പൗരനെന്ന നിലയിൽ നാണക്കേട് തോന്നുന്നതെന്നും ആഷിഖ് അബു പറഞ്ഞു.
പ്രധാന ഉള്ളടക്കങ്ങൾ സ്വകാര്യതയുടെ കാരണം പറഞ്ഞ് ഒളിപ്പിച്ചുവെച്ച സർക്കാർ കൂടുതല് വിവരങ്ങൾ ഒളിപ്പിച്ചത് ചതിയാണെന്ന് മാലാ പാർവതി റിപ്പോർട്ടറിനോട് പറഞ്ഞു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഈ ചതി സർക്കാരിൽ നിന്നും പ്രതീക്ഷിച്ചില്ല. റിപ്പോർട്ട് വന്നാൽ സർക്കാർ നടപടിയെടുക്കുമെന്നാണ് കരുതിയതെന്നും മാല പാർവതി പറഞ്ഞു. നേരത്തെ പുറത്ത് വിടാൻ ഹൈക്കോടതി നിർദേശിച്ച ഭാഗങ്ങളിൽ നിന്ന് കൂടുതല് ഭാഗങ്ങള് പൂഴ്ത്തി വെച്ചത് റിപ്പോർട്ടറാണ് പുറത്തുകൊണ്ടുവന്നത്. വിവരാവകാശ കമ്മീഷണറെ നോക്കുകുത്തിയാക്കിയാണ് സർക്കാരിന്റെ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെട്ടിമാറ്റൽ.
അഞ്ച് പേജുകളിലെ 11 ഖണ്ഡികകളാണ് മുന്നറിയിപ്പില്ലാതെ സർക്കാർ ഒഴിവാക്കിയത്. 49 മുതൽ 53 വരെ പേജുകൾ അധികമായി ഒഴിവാക്കിയതായാണ് റിപ്പോർട്ടറിന്റെ കണ്ടെത്തൽ. 97 മുതൽ 107 വരെയുള്ള 11 ഖണ്ഡികകളാണ് നീക്കിയത്. ഈ പേജുകൾ ഒഴിവാക്കുമെന്ന് അപേക്ഷകരെ അറിയിച്ചിരുന്നില്ല.
ഏറ്റവും ക്രൂരമായ ലൈംഗികാതിക്രമ വിവരങ്ങൾ ഉൾപ്പെട്ട ഭാഗങ്ങളാണ് ഒഴിവാക്കിയത്. വിവരാവകാശ കമ്മീഷണർ ഡോ. എ അബ്ദുൾ ഹക്കീം 21 ഖണ്ഡികകൾ ഒഴിവാക്കാനാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ സർക്കാർ ആകെ 129 ഖണ്ഡികകളാണ് വെട്ടിമാറ്റിയത്. വിവരാവകാശ കമ്മീഷണർ പുറത്തുവിടാൻ ആവശ്യപ്പെട്ട വിവരങ്ങളും വെട്ടിമാറ്റിയിട്ടുണ്ട്. ഗുരുതര വീഴ്ചയാണ് സർക്കാരിൽ നിന്ന് ഉണ്ടായിരിക്കുന്നത്.
വിവരാവകാശ കമ്മീഷണർ പുറത്തു വിടരുതെന്ന് നിർദ്ദേശിച്ച ഭാഗങ്ങൾ സർക്കാർ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. 48ാം പേജിലെ 96ാം ഖണ്ഡിക പുറത്തുവിടരുതെന്ന് കമ്മീഷണർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ ഭാഗം പുറത്തുവിട്ട റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ പേജിൽ സ്വകാര്യതയിലേക്ക് വിരൽ ചൂണ്ടുന്ന വിവരങ്ങളില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കടുംവെട്ട്; സർക്കാർ ഈ ചതി ചെയ്യുമെന്ന് കരുതിയില്ലെന്ന് മാല പാർവതി