കൊച്ചി: കൊച്ചിയില് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്സര് സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, അഗസ്റ്റിന് ജോര്ജ്ജ് മാസിഹ് എന്നിവര് ഉള്പ്പെട്ട ബെഞ്ചാണ് ഹര്ജി പരിഗണിക്കുന്നത്. ജാമ്യാപേക്ഷയില് എതിര്പ്പറിയിച്ച് ക്രൈംബ്രാഞ്ച് മറുപടി സത്യവാങ്മൂലം നല്കും. തുടര്ച്ചയായി ജാമ്യാപേക്ഷ നല്കിയതിന് പള്സര് സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ ഈടാക്കുന്നതിന് സുപ്രീം കോടതിയുടെ സ്റ്റേയുണ്ട്.
ഏഴര വര്ഷമായി ജയിലിലാണെന്നും ജാമ്യം നല്കണമെന്നുമായിരുന്നു പള്സര് സുനിക്ക് വേണ്ടി ഹാജരായ മുതിര്ന്ന അഭിഭാഷകന് സുപ്രീം കോടതിയെ അറിയിച്ചത്. 2017 ഫെബ്രുവരി 17നാണ് കൊച്ചിയില് വാഹനത്തില്വെച്ച് യുവനടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. സംഭവത്തില് നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റര് ചെയ്ത കേസില് 2017 ഫെബ്രുവരി 23 മുതല് പള്സര് സുനി റിമാന്ഡിലാണ്.
കേസിലെ മെമ്മറി കാര്ഡ് പരിശോധിച്ച സംഭവത്തിൽ പ്രിന്സിപ്പല് സെഷന്സ് ജഡ്ജിയുടെ വസ്തുതാ അന്വേഷണ റിപ്പോര്ട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സബോര്ഡിനേറ്റ് ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാര് ജനറലിനായിരുന്നു ഹൈക്കോടതി നിര്ദ്ദേശം നല്കിയത്. രജിസ്ട്രിയുടെ കൈവശം ലഭ്യമല്ലെങ്കില് റിപ്പോര്ട്ട് സെഷന്സ് കോടതിയില് നിന്ന് വിളിച്ചുവരുത്താനാണ് ഹൈക്കോടതി നിര്ദ്ദേശം നല്കിയത്.
മുണ്ടക്കൈ ഉരുള്പൊട്ടല്: സ്വമേധയാ സ്വീകരിച്ച ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും