പാലക്കാട്: സിപിഐഎം നേതാവ് പി കെ ശശിക്ക് പിന്തുണയുമായി വീണ്ടും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്ത്. തനിക്ക് ബോധ്യമുള്ള കാര്യങ്ങൾ ആണ് ഇന്നലെ പറഞ്ഞതെന്നും തന്നെ സംബന്ധിച്ച് ഏറെ മനുഷ്യസ്നേഹിയായ ഒരാളാണ് പികെ ശശിയെന്നും ഗണേഷ് കുമാർ ആവർത്തിച്ചു. പ്രതിപക്ഷ സ്ഥാനത്തിരിക്കുന്ന ആളെ കുറിച്ചാണെങ്കിൽ പോലും നല്ലത് പറയാൻ മടിയില്ലാത്ത ആളാണ് താനെന്നും ഗണേഷ് കുമാർ പറഞ്ഞു.
പി കെ ശശിയെ പിന്തുണച്ച് ഗണേഷ് കുമാർ രംഗത്തെത്തിയിരുന്നു. പി കെ ശശിയെ പോലെ സത്യസന്ധനും സ്നേഹനിധിയുമായ മനുഷ്യനെ കണ്ടിട്ടില്ലെന്നായിരുന്നു ഗണേഷ് കുമാറിൻ്റെ വാക്കുകൾ. നുണകളിലൂടെ യൂണിവേഴ്സൽ കോളേജിനെയും പി കെ ശശിയെയും ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ, ഒരുപാട് വിദ്യാർത്ഥികളെയും അധ്യാപകരെയും അത് ബാധിക്കുന്നുണ്ടെന്ന് ഓർക്കണം. കള്ളന്മാരും പിടിച്ചുപറിക്കാരും ഒരുപാടുണ്ട്, അവരെ കുറിച്ച് പറയാനും വാക്കുകൾ കൊണ്ട് ആക്രമിക്കാനും ആരും തയ്യാറാവില്ല. പി കെ ശശിയെ പോലുള്ളവരുടെ പിന്നില്ലാണ് വാർത്തകളെന്നും ഗണേഷ് കുമാർ ആരോപിച്ചു.
പൊതുജനങ്ങൾ കഴുതയല്ലെന്ന് മാധ്യമങ്ങൾ ഓർക്കണം. പടച്ചുവിടുന്നതെല്ലാം ജനങ്ങൾ വിലയിരുത്തുന്നുണ്ട്. മറ്റുള്ളവരുടെ സ്വകാര്യതയ്ക്കും വിലയുണ്ടെന്ന് ഓർക്കണം. നമ്പി നാരായണൻ്റെ ജീവിതം മാധ്യമങ്ങൾക്ക് തിരിച്ചു നൽകാൻ കഴിയുമോ? ശുദ്രജീവികളെ തിരിച്ചറിയണം. അവരുടെ ശ്രമങ്ങൾക്ക് വില നൽകിയാൽ നഷ്ടം മണ്ണാർക്കാട്ടുകാർക്കാണ്. യൂണിവേഴ്സൽ കോളേജിനെയും പി കെ ശശിയേയും നശിപ്പിക്കാൻ ഇത്തരക്കാർക്ക് അവസരങ്ങൾ നൽകരുത്. ഫണ്ട് തിരിമറി നടത്തിയെന്ന് കണ്ടെത്തിയ യൂണിവേഴ്സൽ കോളേജിലെ പരിപാടിക്കിടെയായിരുന്നു പരാമർശം.
പി കെ ശശിക്കെതിരെ പാലക്കാട് ജില്ലാ കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ അച്ചടക്കനടപടിയെടുത്തില്ലെന്ന് ശശിയും നടപടിയെടുത്തതായി അറിയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രതികരിച്ചിരുന്നു. ശശിയെ പാര്ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില് നിന്നും നീക്കിയെന്നാണ് പുറത്തുവന്ന വിവരങ്ങൾ. ഒരു കമ്മ്യൂണിസ്റ്റ് നേതാവിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവാൻ പാടില്ലാത്ത സാമ്പത്തിക തിരിമറിയും സ്വജനപക്ഷ നിലപാടും പി കെ ശശി സ്വീകരിച്ചുവെന്നാണ് സിപിഐഎം പാലക്കാട് ജില്ലാ കമ്മറ്റിയിൽ ഉയർന്ന പ്രധാന വിമർശനം. പി കെ ശശിയുടെ പ്രവർത്തനം പാർട്ടിയോട് ചർച്ച ചെയ്യാതെയാണ്. മണ്ണാർക്കാട് യൂണിവേഴ്സൽ സഹകരണ കോളേജിനായി പണം പിരിച്ചത് പാർട്ടിയെ അറിയിച്ചില്ലെന്നും പാർട്ടി വിമർശിച്ചിരുന്നതായുമായിരുന്നു റിപ്പോർട്ട്.
'സത്യസന്ധൻ, സ്നേഹനിധി'; പി കെ ശശിയെ വാനോളം പുകഴ്ത്തി ഗണേഷ് കുമാർ