കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തൊക്കെ ചെയ്യണമെന്ന് ഹൈക്കോടതി തീരുമാനിക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. കോടതി നിർദേശിച്ച പ്രകാരമായിരിക്കും തുടർനടപടിയെന്നും പി സതീദേവി പറഞ്ഞു. റിപ്പോർട്ട് പൂർണമായും പുറത്തു വിടാത്തതിനെ കുറിച്ച് അറിയില്ലെന്നും സതീദേവി പ്രതികരിച്ചു. പുറത്തുവിടാൻ ഹൈക്കോടതി നിർദേശിച്ച ഭാഗങ്ങളിൽ നിന്ന് 11 ഖണ്ഡികകള് പൂഴ്ത്തി വെച്ചത് റിപ്പോർട്ടറാണ് പുറത്തുകൊണ്ടുവന്നത്. തുടർന്ന് വിശദീകരണം തേടി റിപ്പോർട്ടർ പരാതി നൽകുകയും ചെയ്തു.
വിവരാവകാശ കമ്മീഷണറെ നോക്കുകുത്തിയാക്കിയാണ് സർക്കാരിന്റെ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെട്ടിമാറ്റൽ. റിപ്പോർട്ടിലെ തരാമെന്ന് പറഞ്ഞ ഭാഗം മുഴുവൻ തന്നില്ല. ഉത്തരവിൽ പറഞ്ഞതിലും അഞ്ച് പേജ് കുറച്ചാണ് റിപ്പോർട്ട് നൽകിയത്. നിർണായക വിവരം ഉൾപ്പെടുന്ന ഭാഗമാണ് വെട്ടിമാറ്റിയത്. റിപ്പോർട്ടിൻ്റെ വെട്ടിമാറ്റിയ ഭാഗം കൂടി ലഭ്യമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടും.
അഞ്ച് പേജുകളിലെ 11 ഖണ്ഡികകളാണ് മുന്നറിയിപ്പില്ലാതെ സർക്കാർ ഒഴിവാക്കിയത്. 49 മുതൽ 53 വരെ പേജുകൾ അധികമായി ഒഴിവാക്കിയതായാണ് റിപ്പോർട്ടറിന്റെ കണ്ടെത്തൽ. 97 മുതൽ 107 വരെയുള്ള 11 ഖണ്ഡികകളാണ് നീക്കിയത്. ഈ പേജുകൾ ഒഴിവാക്കുമെന്ന് അപേക്ഷകരെ അറിയിച്ചിരുന്നില്ല.
ഏറ്റവും ക്രൂരമായ ലൈംഗികാതിക്രമ വിവരങ്ങൾ ഉൾപ്പെട്ട ഭാഗങ്ങളാണ് ഒഴിവാക്കിയത്. വിവരാവകാശ കമ്മീഷണർ ഡോ എ അബ്ദുൾ ഹക്കീം 21 ഖണ്ഡികകൾ ഒഴിവാക്കാനാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ സർക്കാർ ആകെ 129 ഖണ്ഡികകളാണ് വെട്ടിമാറ്റിയത്. വിവരാവകാശ കമ്മീഷണർ പുറത്തുവിടാൻ ആവശ്യപ്പെട്ട വിവരങ്ങളും വെട്ടിമാറ്റിയിട്ടുണ്ട്. ഗുരുതര വീഴ്ചയാണ് സർക്കാരിൽ നിന്ന് ഉണ്ടായിരിക്കുന്നത്.
വിവരാവകാശ കമ്മീഷണർ പുറത്തു വിടരുതെന്ന് നിർദ്ദേശിച്ച ഭാഗങ്ങൾ സർക്കാർ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. 48ാം പേജിലെ 96ാം ഖണ്ഡിക പുറത്തുവിടരുതെന്ന് കമ്മീഷണർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ ഭാഗം പുറത്തുവിട്ട റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ പേജിൽ സ്വകാര്യതയിലേക്ക് വിരൽ ചൂണ്ടുന്ന വിവരങ്ങളില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കടുംവെട്ട്; പേജുകൾ പൂഴ്ത്തിയതിൽ റിപ്പോർട്ടർ പരാതി നൽകും