പലരും ആത്മഹത്യയുടെ വക്കിലാണ്, സിനിമ മേഖലയിലെ കുറേ പേർ മൃഗങ്ങൾ: കൃഷ്ണകുമാർ

ഹേമ കമ്മിറ്റി റിപ്പോര്ട്ടിനെ പരിഹസിച്ചുള്ള കൃഷ്ണകുമാറിന്റെ പരാമർശം വലിയ വിവാദമായിരുന്നു

dot image

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് പലരുടെയും ആഴത്തിലുള്ള സത്യസന്ധമായ അനുഭവങ്ങളെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. സിനിമാ മേഖല കുത്തഴിഞ്ഞ് കിടക്കുകയാണ്. കൊടുക്കൽ വാങ്ങൽ എല്ലാ കാലത്തും ഇവിടെ ഉണ്ട്. വേട്ടക്കാരിൽ പുരുഷന്മാർ മാത്രമല്ല ഉള്ളത്. സിനിമ മേഖലയിലെ കുറേ പേർ മൃഗങ്ങളാണെന്നും കൃഷ്ണകുമാർ റിപ്പോർട്ടറിനോട് പറഞ്ഞു.

സർക്കാർ ആരെയാണ് സംരക്ഷിക്കുന്നത്. ആരെങ്കിലും ആക്രമിക്കപ്പെട്ടാൽ അവരുടെ മതവും രാഷ്ട്രീയം ഒക്കെ നോക്കിയാണ് പ്രതികരിക്കുന്നത്. റിപ്പോർട്ടിൽ സർക്കാർ അടിയന്തരമായി നടപടിയെടുക്കണം. റിപ്പോർട്ട് വലിയ ബോധവത്കരണം കൊടുത്തിട്ടുണ്ട്. ശിക്ഷാ നടപടികൾ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

കുത്തഴിഞ്ഞ് കിടക്കുന്ന സിനിമാ മേഖലയിൽ പുഴുക്കുത്തുകളുടെ എണ്ണം കൂടി വരികയാണ്. സിനിമയിൽ പണ്ട് മുതലേ ലോബിയുണ്ടായിരുന്നു. സിനിമയിൽ സക്സസ് ആകാത്തതുകൊണ്ട് ഒരു ലോബിയിലും ഞാൻ ഇല്ലായിരുന്നു. ഒരു പെൺകുട്ടിക്ക് ദുരനുഭവം ഉണ്ടായാൽ പരാതി പറയാൻ ഇടമില്ല. പലരും ആത്മഹത്യയുടെ വക്കിലാണ്. എഎംഎംഎക്ക് പരിമിതികളുണ്ട്. അതൊരു കൂട്ടായ്മ മാത്രമാണ്. തെറ്റുകളെ നിയന്ത്രിക്കണം. ഭയം ഉണ്ടായാലെ ഇത് സാധ്യമാകൂ. പുറത്തുവരുന്ന റിപ്പോർട്ടുകളിൽ ഒന്നും നടപടികൾ ഉണ്ടാകുന്നില്ല. ഇത്രയും വിശദമായി പറഞ്ഞ റിപ്പോർട്ടിൽ എല്ലാവരും ഒന്നിച്ച് നിന്ന് നടപടിയെടുക്കണം. കൊടുക്കൽ വാങ്ങൽ എല്ലാ കാലത്തും സിനിമയിലുണ്ട് ഉണ്ട്. കൃത്യമായ നടപടിയെടുത്തില്ലെങ്കിൽ ഇത് തുടരും, സിനിമയിലെ ലഹരിക്കേസുകൾ എന്തായി, അതിൻ്റെ അന്വേഷണം എങ്ങുമെത്തിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം സീരിയൽ സെറ്റിൽ വെച്ച് യുവതിക്ക് വേണ്ടി സംസാരിച്ചതിനാൽ തനിക്ക് അവസരം നഷ്ടമായെന്നും കൃഷ്ണകുമാർ റിപ്പോർട്ടറിനോട് പറഞ്ഞു. പ്രതിഫലം നൽകാൻ പെൺകുട്ടിയോട് റൂമിൽ ചെല്ലാൻ ആവശ്യപ്പെട്ടത് ഇടപെട്ടു, തടഞ്ഞു. പ്രതിഫലം വാങ്ങി നൽകുകയും ചെയ്തു. ഇത്തരം വിഷയങ്ങളിൽ സർക്കാർ ആരെയാണ് സംരക്ഷിക്കുന്നത്. അതിശക്തമായ നടപടിയെടുക്കാൻ കെൽപ്പുള്ള സർക്കാരാണുള്ളത്. സർക്കാരിലുള്ള വിശ്വാസം കളയാതിരിക്കുകയാണ് പ്രധാനം. സിനിമാ രംഗത്തെക്കുറിച്ചുള്ള പൊതുജനത്തിൻ്റെ സംശയം മാറ്റിക്കൊടുക്കാനുള്ള സുവർണാവസരമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാള സിനിമാ മേഖലയില് സ്ത്രീകള് നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങളെയും അതിക്രമങ്ങളെയും കുറിച്ച് അന്വേഷിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്ട്ടിനെ പരിഹസിച്ചുള്ള കൃഷ്ണകുമാറിന്റെ പരാമർശം വലിയ വിവാദമായിരുന്നു. ഭാര്യ സിന്ധു കൃഷ്ണയുടെ യൂട്യൂബ് ചാനലില് വന്ന വ്ലോഗിലാണ് കൃഷ്ണ കുമാര് റിപ്പോര്ട്ടിനെ കളിയാക്കികൊണ്ട് സംസാരിക്കുന്നത്. 'നീ ഓരോന്നൊന്നും പറയല്ലേ, ഓരോ കമ്മീഷനൊക്കെ വന്നുകൊണ്ടിരിക്കുന്ന കാലമാ. ഞാനവിടെ ഇരിക്കുമ്പോള് നീ വാതിലിലൊന്നും മുട്ടിയേക്കല്ലേ,' എന്നാണ് വീട്ടിലെ ചില കാര്യങ്ങളെ കുറിച്ച് സംസാരിച്ചതിന് പിന്നാലെ കൃഷ്ണകുമാര് പൊട്ടിച്ചിരിച്ചുകൊണ്ട് പറയുന്നത്. സിന്ധു കൃഷ്ണകുമാറും സമാനമായി പ്രതികരണമാണ് വീഡിയോയില് നടത്തുന്നത്. റിപ്പോര്ട്ടിന്റെ ഗൗരവസ്വഭാവത്തെ തീര്ത്തും അവഗണിച്ചു കൊണ്ടാണ് അദ്ദേഹത്തിൻ്റെ സംസാരമെന്നും അഭിപ്രായങ്ങളുണ്ട്.

മകളുടെ വിവാഹത്തിന്റെ പശ്ചാത്തലത്തില് സ്ത്രീകള് സ്വയം ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഇതേ വീഡിയോയില് കൃഷ്ണകുമാര് സംസാരിക്കുന്നുണ്ട്. ഇന്ത്യയില് നിരവധി സ്ത്രീ നേതാക്കളുണ്ടെന്നും അടുത്ത നൂറ്റാണ്ട് സ്ത്രീകളുടേതാകുമെന്നെല്ലാം പറഞ്ഞതിന് പിന്നാലെയാണ് കൃഷ്ണകുമാർ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പരിഹസിക്കുന്ന നിലയിൽ സംസാരിച്ചിരിക്കുന്നത്. കൃഷ്ണകുമാറിൻ്റെ രാഷ്ട്രീയ നിലപാടിനെ ചൂണ്ടിക്കാണിച്ച് രൂക്ഷമായ പരാമർശങ്ങളും കമൻ്റുകളായി വരുന്നുണ്ട്.

മലയാള സിനിമയില് സ്ത്രീകള് നേരിടുന്ന വിവേചനങ്ങള് സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്ട്ട് 2019 ഡിസംബര് 31നായിരുന്നു സര്ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്കിയ റിപ്പോര്ട്ടില് 295 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്ട്ട് പുറത്തുവിടാന് സര്ക്കാര് തയ്യാറായിരുന്നില്ല. ഒടുവില് വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്ട്ട് പുറത്തുവിടാന് സര്ക്കാര് തീരുമാനിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവന്നതിന് പിന്നാലെ റിപ്പോര്ട്ടിലെ ആരോപണങ്ങളില് നടപടി എടുക്കണമെന്ന് വ്യാപക ആവശ്യം ഉയര്ന്നിരുന്നു. തുടര്ന്ന് പരാതിയുമായി വന്നാല് കേസ് എടുക്കുമെന്ന് സര്ക്കാര് വ്യക്തമാക്കിയിരുന്നു.

എന്നാല് ഹേമ കമ്മിറ്റി റിപ്പോര്ട്ടില് കേസ് എടുക്കാന് പരാതി ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വിഷയത്തില് നേരിട്ട് അന്വേഷണം സാധ്യമാണോയെന്ന് സര്ക്കാരിനോട് ഹൈക്കോടതി ആരായുകയും ചെയ്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us