തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തു വിടാത്തത് ആരെയോ സംരക്ഷിക്കാന് വേണ്ടിയാണെന്ന് ആര്എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്. സര്ക്കാരിന് ആരെയോ സംരക്ഷിക്കാനുണ്ട്. സര്ക്കാര് എന്തൊക്കെയോ ഭയക്കുന്നു. സര്ക്കാര് നിലപാടില് ആകെ ദുരൂഹതയുണ്ടെന്നും ഷിബു ബേബി ജോണ് പറഞ്ഞു. പരാതി നല്കിയാലേ കേസ് എടുക്കൂ എന്ന മുഖ്യമന്ത്രിയുടെ നിലപാട് ബാലിശമാണ്. കെ ബി ഗണേഷ് കുമാറും മുകേഷും സുരേഷ് ഗോപിയും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവന്നതില് എഎംഎംഎ സംഘടന പ്രതികരിച്ചിരുന്നു. റിപ്പോര്ട്ട് സ്വാഗതം ചെയ്യുന്നുവെന്ന് സംഘടന ജനറല് സെക്രട്ടറി സിദ്ദിഖ് വാര്ത്താസമ്മേളനത്തില് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്ട്ട് സ്വാഗതാര്ഹമാണ്. റിപ്പോര്ട്ടില് പറഞ്ഞിട്ടുള്ള കാര്യങ്ങളും ശുപാര്ശയും സ്വാഗതം ചെയ്യുന്നു. ശുപാര്ശകള് നടപ്പില് വരുത്തണം. ഹേമകമ്മിറ്റി റിപ്പോര്ട്ടിലെ ശുപാര്ശകളുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന് രണ്ട് വര്ഷം മുമ്പ് ചര്ച്ചക്ക് ക്ഷണിച്ചിരുന്നു. അന്ന് നിര്ദേശങ്ങള് ചോദിച്ചു. നിര്ദേശങ്ങള് അറിയിച്ചു. റിപ്പോര്ട്ട് പുറത്തുവന്നപ്പോഴും സ്വാഗതം ചെയ്യുകയാണ് എഎംഎംഎ ചെയ്തത്. ഹര്ജിക്ക് പോയില്ല. എല്ലാവരും മനസ്സിലാക്കേണ്ട കാര്യം റിപ്പോര്ട്ട് അമ്മക്കെതിരായ റിപ്പോര്ട്ടല്ല.
സംഘടനയുടെ പ്രതികരണം വൈകിയെന്ന പരാതി ഉയര്ന്നതായി മനസ്സിലാക്കുന്നുവെന്നും അമ്മയുടെ ഷോ കാരണമാണ് പ്രതികരണം വൈകിയതെന്നും സിദ്ദിഖ് പറഞ്ഞു. സിനിമാ മേഖലയിലെ അംഗങ്ങള് എന്നു പറഞ്ഞാല് കൂടുതലും ഞങ്ങളുടെ അംഗങ്ങളാണ്. അതിനാല് അംഗങ്ങളുടെ സുരക്ഷ ഞങ്ങളുടെയും ആവശ്യമാണ്. മാധ്യമങ്ങള് സംഘടനയെ പ്രതിസ്ഥാനത്ത് നിര്ത്തി പ്രതികരിക്കുന്നതില് വിഷമമുണ്ട്. കുറ്റകൃത്യങ്ങള് നടന്നിട്ടുണ്ടെങ്കില് അത് എവിടെ വെച്ചാണ് ആര്ക്കാണ് അത്തരത്തില് അനുഭവമുണ്ടായിട്ടുള്ളത് എന്ന് അന്വേഷിച്ച് പൊലീസ് കേസ് എടുക്കുകയാണ് വേണ്ടത്. പ്രതിസ്ഥാനത്ത് നില്ക്കുന്നവരെ സംരക്ഷിക്കാന് എഎംഎംഎ ശ്രമിച്ചിട്ടില്ല. മലയാള സിനിമാമേഖലയില് എല്ലാവരും മോശമാണ് എന്ന് പറയുന്നതില് വിഷമമുണ്ട്. പല മേഖലകളിലും ഇത്തരം പ്രശ്നങ്ങള് ഉണ്ട്. ജനങ്ങള് ഒരുപാട് ഇഷ്ടപ്പെടുന്നവരെ അടച്ചാക്ഷേപിക്കുന്നത് വിഷമമുണ്ടാക്കുന്നു. സിനിമാമേഖലയില് ഒരു പവര്ഗ്രൂപ്പ് ഉള്ളതായി അറിയില്ല.
പത്ത് വര്ഷം മുമ്പ് എല്ലാ സംഘടനയില് നിന്നും രണ്ട് അംഗങ്ങളെ തിരഞ്ഞെടുത്ത് ഒരു ഹൈ പവര് കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. ആ കമ്മിറ്റിയിലും ഭാരവാഹികള് മാറി മാറി വന്നിരുന്നു. ആ ഹൈ പവര് കമ്മിറ്റി ഇപ്പോള് നിലവിലില്ല. ഒരു ഗ്രൂപ്പിന് സിനിമയിലെ പല കാര്യങ്ങളെയും അങ്ങനെ തീരുമാനിക്കാന് കഴിയില്ല. മാഫിയ എന്നൊക്കെ പറയുന്നത് മാഫിയയുടെ അര്ത്ഥമറിയാത്തതുകൊണ്ടാണ്. സംഘടയ്ക്ക് ലഭിച്ചിട്ടുള്ളത് ഒരു പരാതി മാത്രമാണ്. 2006ല് നടന്ന സംഭവത്തെപ്പറ്റി 2018ല് പരാതിപ്പെട്ടിരുന്നു എന്ന് ഒരു കുട്ടി ഇപ്പോള് മെയില് അയച്ചിട്ടുണ്ട്. ആ കമ്മിറ്റിയില് അന്ന് ഉണ്ടായിരുന്നെങ്കിലും 2018ല് എന്റെ ശ്രദ്ധയില് ആ പരാതി വന്നില്ല. പരാതി ശ്രദ്ധിക്കാതിരുന്നത് തെറ്റാണെന്ന് കരുതുന്നുവെന്നും സിദ്ദീഖ് പറഞ്ഞു. ഐസിസി വെക്കേണ്ടത് ഒരു തൊഴില് ഉടമയാണ്. അതില് സമ്മര്ദ്ദം ചെലുത്താന് അമ്മ സംഘടനക്കാവില്ല. അമ്മക്കുള്ളില് ഐസിസി ഇല്ല. അമ്മക്കുള്ളില് എന്തെങ്കിലും പ്രശ്നങ്ങള് ഉണ്ടെങ്കില് അല്ലേ അത്തരമൊരു കമ്മിറ്റിയുടെ ആവശ്യമുള്ളൂവെന്നും സിദ്ദീഖ് ചോദിച്ചു. വേട്ടക്കാരുടെ പേര് പുറത്ത് വിടാന് അമ്മ എന്ത് കോടതിയെ സമീപിക്കുന്നില്ല എന്ന് ചോദിച്ചപ്പോള് ഇനിയും സമയമുണ്ടല്ലോ എന്നായിരുന്നു സിദ്ദീഖിന്റെ മറുപടി.
അമ്മയുടെ അംഗങ്ങള് പറഞ്ഞിട്ടുള്ള പരാതിയില് പരിഹാരം കാണാന് ഏതറ്റംവരെയും പോകും. പരാതി പറഞ്ഞതിന്റെ പേരിലൊന്നും ആരെയും മാറ്റിനിര്ത്താന് സിനിമാമേഖലയില് സാധിക്കില്ല. റിപ്പോര്ട്ടിലുള്ള പല കാര്യങ്ങളും ഇതുവരെ അറിവില്ലാത്ത കാര്യങ്ങളാണ്. തിലകന്റെ മകള് തുറന്നുപറഞ്ഞ കാര്യങ്ങളെ ബഹുമാനപൂര്വ്വം കാണുന്നു. ആ കുട്ടി മനോഹരമായി കാര്യങ്ങളെ ഡീല് ചെയ്തു. സര്ക്കാര് നടത്താനുദ്ദേശിക്കുന്ന കോണ്ക്ലേവിനെക്കുറിച്ച് വ്യക്തമായി അറിയില്ല. അടിസ്ഥാന സൗകര്യങ്ങള് സിനിമാ സെറ്റില് ഏര്പ്പെടുത്തുന്നതില് ഒരുപാട് മാറ്റങ്ങള് വന്നിട്ടുണ്ട്. നടപടികള് സര്ക്കാര് കൊണ്ടുവരട്ടെ. റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് മാറ്റങ്ങള് കൊണ്ടുവരേണ്ടത് അമ്മയല്ല. സര്ക്കാരാണ്. മമ്മൂട്ടിയും മോഹന്ലാലും മൂന്നോ നാലോ തവണ കമ്മിറ്റിക്ക് മുമ്പിലെത്തി. അവരോട് പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടുതല് ചോദിച്ചത് എന്നാണ് പറഞ്ഞത്. മുമ്പ് മീറ്റിംഗ് നടക്കുമ്പോള് റിപ്പോര്ട്ടിലെ ഉള്ളടക്കം സര്ക്കാര് പറഞ്ഞിരുന്നില്ലെന്നും സിദ്ദിഖ് കൂട്ടിച്ചേര്ത്തു.