തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി ബിജെപിയുടെ മുതിർന്ന നേതാവ് വി മുരളീധരൻ. ഇരകളെ രക്ഷിക്കാൻ എന്ന പേരിൽ വേട്ടക്കാരെ രക്ഷിക്കുന്ന സമീപനമാണെന്ന് സർക്കാർ സ്വീകരിക്കുന്നതെന്ന് വി മുരളീധരൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പല ഭാഗങ്ങളും മറച്ചുവച്ചു. സർക്കാർ ആരെയാണ് സംരക്ഷിക്കുന്നതെന്നും മുരളീധരൻ ചോദിച്ചു.
സർക്കാരിൻമേലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു. സർക്കാർ നടത്തിയത് സത്യപ്രതിജ്ഞാലംഘനമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന്റെ ഒളിച്ചുകളി വ്യക്തമാണ്. സർക്കാരിന് ഭരണത്തിൽ തുടരാനുള്ള ധാർമിക അവകാശം നഷ്ടപ്പെട്ടു. ഇപ്പോൾ നടത്തുന്നത് മണ്ടൻ പ്രസ്താവനകളാണെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. അമ്മ അംഗങ്ങൾ ഇത്ര നിഷ്കളങ്കർ ആണോ. അഭിനയതൊഴിലാളികൾ എന്ന് സ്വയം വിളിക്കുന്നവർക്ക് അവരുടെ തൊഴിലിടത്തിലെ കാര്യങ്ങൾ അറിയില്ലെന്ന് പറയുന്നു. അത് മുഖവിലയ്ക്ക് എടുക്കാൻ എങ്ങനെ കഴിയും. സർക്കാരിന്റെ ഭാഗമായ ചിലരുണ്ട്. അങ്ങനെ ഉള്ളവരെ കുറിച്ച് റിപ്പോർട്ടിൽ പരാമർശം ഉണ്ടാകാം. അത് പുറത്ത് വരുമോ എന്ന ഭയം സർക്കാരിന് ഉണ്ടാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
'നീ കതകിലൊന്നും മുട്ടിയേക്കല്ലേ...'; ഹേമ കമ്മിറ്റി റിപ്പോര്ട്ടിനെ പരിഹസിച്ച് കൃഷ്ണ കുമാര്ഹേമ കമ്മിറ്റി റിപ്പോര്ട്ടിനെ പരിഹസിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര് നേരത്തെ രംഗത്ത് എത്തിയിരുന്നു. ഭാര്യ സിന്ധു കൃഷ്ണയുടെ യൂട്യൂബ് ചാനലില് വന്ന വ്ലോഗിലാണ് കൃഷ്ണ കുമാര് റിപ്പോര്ട്ടിനെ കളിയാക്കികൊണ്ട് സംസാരിക്കുന്നത്.
'നീ ഓരോന്നൊന്നും പറയല്ലേ, ഓരോ കമ്മീഷനൊക്കെ വന്നുകൊണ്ടിരിക്കുന്ന കാലമാ. ഞാനവിടെ ഇരിക്കുമ്പോള് നീ വാതിലിലൊന്നും മുട്ടിയേക്കല്ലേ,' എന്നാണ് വീട്ടിലെ ചില കാര്യങ്ങളെ കുറിച്ച് സംസാരിച്ചതിന് പിന്നാലെ കൃഷ്ണകുമാര് പൊട്ടിച്ചിരിച്ചുകൊണ്ട് പറയുന്നത്. സിന്ധു കൃഷ്ണകുമാറും സമാനമായി പ്രതികരണമാണ് വീഡിയോയില് നടത്തുന്നത്. കൃഷ്ണകുമാര് പറഞ്ഞതിനോടും വി മുരളീധരൻ പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പരിഹസിച്ചുകൊണ്ടുള്ള കൃഷ്ണകുമാറിന്റെ വീഡിയോ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും, ബിജെപിയുടെ നിലപാട് സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ടെന്നും വി മുരളീധരൻ പറഞ്ഞു.
മലയാള സിനിമയില് സ്ത്രീകള് നേരിടുന്ന വിവേചനങ്ങള് സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്ട്ട് 2019 ഡിസംബര് 31നായിരുന്നു സര്ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്കിയ റിപ്പോര്ട്ടില് 295 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്ട്ട് പുറത്തുവിടാന് സര്ക്കാര് തയ്യാറായിരുന്നില്ല. ഒടുവില് വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്ട്ട് പുറത്തുവിടാന് സര്ക്കാര് തീരുമാനിച്ചത്.
ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവന്നതിന് പിന്നാലെ റിപ്പോര്ട്ടിലെ ആരോപണങ്ങളില് നടപടി എടുക്കണമെന്ന് വ്യാപക ആവശ്യം ഉയര്ന്നിരുന്നു. തുടര്ന്ന് പരാതിയുമായി വന്നാല് കേസ് എടുക്കുമെന്ന് സര്ക്കാര് വ്യക്തമാക്കിയിരുന്നു. എന്നാല് ഹേമ കമ്മിറ്റി റിപ്പോര്ട്ടില് കേസ് എടുക്കാന് പരാതി ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വിഷയത്തില് നേരിട്ട് അന്വേഷണം സാധ്യമാണോയെന്ന് സര്ക്കാരിനോട് ഹൈക്കോടതി ആരായുകയും ചെയ്തിരുന്നു.