തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതി ലഭിച്ചാൽ അന്വേഷണം നടത്താമെന്ന സംസ്ഥാന സർക്കാർ നിലപാടിനെ പിന്തുണച്ച് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഹേമ കമ്മിറ്റി ഒരു ജുഡിഷ്യൽ കമ്മിഷനല്ല. അതിനാൽ പരാതി ലഭിക്കാതെ സർക്കാരിന് കേസ് എടുക്കാൻ കഴിയില്ല. നിലവിൽ വിഷയം കോടതിയുടെ പരിഗണനയിലാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
ഹേമ കമ്മിറ്റി മാതൃകാപരമായ നീക്കമാണ്. തൊഴിലിടത്തെ സ്ത്രീ സുരക്ഷയ്ക്കാണ് സർക്കാർ കമ്മിറ്റി രൂപീകരിച്ചത്. ഏതെങ്കിലും ഒരു സ്ത്രീ പരാതിയുമായി മുന്നോട്ട് വന്നാൽ വിഷയത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് പ്രതിരോധം തീർത്ത് നേരത്തെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയിരുന്നു. ആക്ഷേപത്തിൽ കേസെടുക്കാനാകില്ല. പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. കേവലം ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാവില്ല. രഞ്ജിത്ത് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും. രഞ്ജിത് ഇന്ത്യ കണ്ട് പ്രഗത്ഭനായ മികച്ച കലാകാരനാണ് അദ്ദേഹത്തിനെതിരെ ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പരസ്യമായി ഒരു വ്യക്തി ആരോപണം ഉന്നയിച്ചു, പരസ്യമായി ആരോപണവിധേയൻ അത് തള്ളി. പരാതി ലഭിച്ചാൽ അന്വേഷിക്കും. ഇപ്പോൾ പരാതി പറയുന്ന ഒരാളും എന്തുകൊണ്ടാണ് നേരത്തെ വിവരാവകാശ കമ്മീഷനിൽ പരാതി നൽകാതിരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രഞ്ജിത്തിനെതിരായ ആരോപണത്തിലെ നിജസ്ഥിതി പരിശോധിക്കണമെന്ന് മന്ത്രി ആർ ബിന്ദു ആവശ്യപ്പെട്ടു. തീരുമാനം എടുക്കേണ്ടത് സാംസ്കാരിക വകുപ്പാണെന്നും മന്ത്രി പറഞ്ഞു. സർക്കാരിന് സ്ത്രീകളുടെ കാര്യത്തിലുള്ളത് പോസിറ്റീവ് നിലപാടാണുള്ളതെന്നും ആർ ബിന്ദു കൂട്ടിച്ചേർത്തു.
സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. അദ്ദേഹം നല്ല സിനിമാക്കാരനാണെന്ന സജി ചെറിയാന്റെ പരാമർശത്തോട് യോജിക്കുന്നു. ഒരു സ്നേഹിതനെന്ന നിലയിൽ അദ്ദേഹം രാജിവെക്കണമെന്നതാണ് അഭ്യർത്ഥന. സർക്കാർ വേട്ടക്കാർക്ക് വഴങ്ങിക്കൊടുത്തിരിക്കുകയാണ്. നിയമാനുസൃതമായ ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തിയ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഈ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും വി ഡി സതീശൻ പറഞ്ഞു.
ആക്രമിക്കപ്പെട്ട യുവതി തന്നെ പരസ്യമായി വെളിപ്പെടുത്തിയ സംഭവമാണെന്നും പ്രാധാന്യം ഗൗരവത്തിലെടുത്ത് പരിശോധിക്കണമെന്നും കൃത്യമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് സിപിഐ നേതാവ് ആനി രാജ പ്രതികരിച്ചു. പരാതി എഴുതി നൽകിയെങ്കിൽ മാത്രമേ അന്വേഷിക്കൂ എന്ന് പറയുന്നതിൽ കാര്യമില്ല. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കുകയാണ് വേണ്ടത്. നിലവിലെ പരാതി കേരളത്തിൻ്റെ അഭിമാനത്തിൻ്റെ പ്രശ്നമാണെന്നും ആനി രാജ പറഞ്ഞു.
ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ ശുപാർശകൾ അതീവ പ്രധാന്യം നൽകി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. പരാതി ലഭിച്ചാൽ കേസെടുക്കുമെന്നാണ് ഇടതുപക്ഷ സർക്കാരിന്റെ നിലപാട്.