തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാരോപണത്തിൽ പ്രതിരോധം തീർത്ത സാംസ്കാരിക മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. സജി ചെറിയാൻ പവർ ഗ്രൂപ്പിന്റെ മിനിസ്റ്ററാണ്. സാംസ്ക്കാരിക ബാധ്യത ആണ്. പരാതി കിട്ടിയാലേ കേസ് എടുക്കൂ എന്ന് പറയാൻ സജി ചെറിയാന് എന്താണ് അവകാശം. മന്ത്രിമാർ പറയുന്നത് ഒരേ ക്യാപ്സൂളാണ്. പരാതി ഇല്ലാതെ തന്നെ കേസ് എടുക്കാം എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞിരുന്നു. ആരോപണം തെളിഞ്ഞാൽ നടപടിയെടുക്കുമെന്ന് പറയുന്നുണ്ട്. കേസെടുക്കാതെ എങ്ങനെയാണ് നടപടിയുണ്ടാവുക. ആരോപണം തെളിയണമെങ്കിൽ അന്വേഷണം നടക്കണ്ടേയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.
അതേസമയം ആരോപണവിധേയനായ സംവിധായകൻ രഞ്ജിത്ത് സംസ്ഥാന ചലചിത്ര മേധാവി സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രഞ്ജിത്തിന് പാർട്ടി കവചമുണ്ട്. എംവി ഗോവിന്ദന്റെ മകൻ ആണ് രഞ്ജിത്തിന്റെ അസിസ്റ്റന്റ്. രഞ്ജിതിനെ സംരക്ഷിക്കുന്നതിൽ എം വി ഗോവിന്ദന്റെ പങ്ക് പുറത്ത് വരണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
നേരത്തെ സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. അദ്ദേഹം നല്ല സിനിമാക്കാരനാണെന്ന സജി ചെറിയാന്റെ പരാമർശത്തോട് യോജിക്കുന്നു. ഒരു സ്നേഹിതനെന്ന നിലയിൽ അദ്ദേഹം രാജിവെക്കണമെന്നതാണ് അഭ്യർത്ഥന. സർക്കാർ വേട്ടക്കാർക്ക് വഴങ്ങിക്കൊടുത്തിരിക്കുകയാണ്. നിയമാനുസൃതമായ ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തിയ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഈ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും വി ഡി സതീശൻ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെക്കുകയും വേട്ടക്കാരെ ന്യായീകരിക്കുകയും കൃത്രിമം കാണിച്ച് പ്രസിദ്ധീകരിക്കുകയും ഇരയെ തള്ളിപ്പറയുകയും ചെയ്ത സജി ചെറിയാൻ ഈ സ്ഥാനം ഒഴിയുന്നതായിരിക്കും നല്ലത്. അദ്ദേഹം നിയമപ്രകാരമായ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടി. വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് പുറമെ റിപ്പോർട്ടിൽ തിരുത്തലുകൾ വരുത്തി പ്രസിദ്ധീകരിച്ച് കൃത്രിമം കാണിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു.
ആക്രമിക്കപ്പെട്ട യുവതി തന്നെ പരസ്യമായി വെളിപ്പെടുത്തിയ സംഭവമാണെന്നും പ്രാധാന്യം ഗൗരവത്തിലെടുത്ത് പരിശോധിക്കണമെന്നും കൃത്യമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് സിപിഐ നേതാവ് ആനി രാജ പ്രതികരിച്ചു. പരാതി എഴുതി നൽകിയെങ്കിൽ മാത്രമേ അന്വേഷിക്കൂ എന്ന് പറയുന്നതിൽ കാര്യമില്ല. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കുകയാണ് വേണ്ടത്. നിലവിലെ പരാതി കേരളത്തിൻ്റെ അഭിമാനത്തിൻ്റെ പ്രശ്നമാണെന്നും ആനി രാജ പറഞ്ഞു.
രഞ്ജിത്തിനെതിരായ ആരോപണത്തിലെ നിജസ്ഥിതി പരിശോധിക്കണമെന്ന് മന്ത്രി ആർ ബിന്ദു ആവശ്യപ്പെട്ടു. തീരുമാനം എടുക്കേണ്ടത് സാംസ്കാരിക വകുപ്പാണെന്നും മന്ത്രി പറഞ്ഞു. സർക്കാരിന് സ്ത്രീകളുടെ കാര്യത്തിലുള്ളത് പോസിറ്റീവ് നിലപാടാണുള്ളതെന്നും ആർ ബിന്ദു കൂട്ടിച്ചേർത്തു.
ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിൽ രഞ്ജിത്തിനെതിരെ നടപടിയെടുക്കാനാവില്ലെന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം. രഞ്ജിത്ത് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും. രഞ്ജിത് ഇന്ത്യ കണ്ട പ്രഗത്ഭനായ മികച്ച കലാകാരനാണ് അദ്ദേഹത്തിനെതിരെ ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പരസ്യമായി ഒരു വ്യക്തി ആരോപണം ഉന്നയിച്ചു, പരസ്യമായി ആരോപണവിധേയൻ അത് തള്ളി. പരാതി ലഭിച്ചാൽ അന്വേഷിക്കും. ഇപ്പോൾ പരാതി പറയുന്ന ഒരാളും എന്തുകൊണ്ടാണ് നേരത്തെ വിവരാവകാശ കമ്മീഷനിൽ പരാതി നൽകാതിരുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.