കോഴിക്കോട്: ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരായ നടി ശ്രീലേഖ മിത്രയുടെ ആരോപണത്തെ തുടര്ന്ന് വലിയ പ്രതിഷേധങ്ങള് ഉയരുമ്പോള് പരിഹാസവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്റാം. ഇടതുപക്ഷം ഹൃദയപക്ഷം സ്ത്രീപക്ഷം എന്ന ഇടത് മുദ്രാവാക്യം ഫേസ്ബുക്കില് കുറിച്ചാണ് വി ടി ബല്റാം സര്ക്കാരിനെ പരിഹസിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന് മുഷ്ടി ചുരുട്ടി നില്ക്കുന്ന ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. രഞ്ജിത്ത് സഖാവ് രാജിവെച്ചതിന് ശേഷം ഇടാമെന്ന് വെച്ച് ഇരുന്നതാണ് ഈ ഫോട്ടോയെന്നും എത്രയാന്നു വച്ചാ കാത്തിരിക്കുക, ഞാന് ഇപ്പോഴേ ഇട്ടു എന്നും ബല്റാം ഫേസ്ബുക്കില് കുറിച്ചു.
അതേസമയം ലൈംഗികാരോപണം നേരിടുന്ന രഞ്ജിത്തിനെ സംരക്ഷിക്കരുതെന്ന് ഇടതുമുന്നണി നേതൃത്വത്തോട് സിപിഐ ആവശ്യപ്പെട്ടു. ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും രഞ്ജിത്തിനെ മാറ്റണമെന്നും സിപിഐ ആവശ്യപ്പെട്ടു. മുന്നണി നേതൃത്വത്തെ സിപിഐ നേതൃത്വം അതൃപ്തി അറിയിച്ചു. രഞ്ജിത്തിനെ സംരക്ഷിക്കുന്നതിനോട് യോജിപ്പില്ലെന്നാണ് സിപിഐ വ്യക്തമാക്കുന്നത്.
രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തില് അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്നാണ് നടി പറഞ്ഞത്. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര വിവിധ മാധ്യമങ്ങളോട് പറഞ്ഞു.
'ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിലെ അഭിനയം കണ്ടാണ് രഞ്ജിത്ത് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ഓഡിഷന് എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകന് രഞ്ജിത്തുമായി കൊച്ചിയില് കൂടിക്കാഴ്ച നടത്തി. മലയാള സിനിമ വളരെ ഇഷ്ടമായിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന് പോകുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. വൈകീട്ട് അണിയറപ്രവര്ത്തകര്ക്കായി പാര്ട്ടിയുണ്ടായിരുന്നു. അവിടെ എത്തിയപ്പോള് നിരവധി ആളുകള് ഉണ്ടായിരുന്നു. നിര്മാതാവാണ് ക്ഷണിച്ചത്. ഇവിടെ വെച്ച് തന്റെ റൂമിലേക്ക് വരാന് രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് ഞാന് കരുതിയത്. റൂമിലെത്തിയതും അദ്ദേഹം കൈയില് തൊട്ടു, വളകള് പിടിച്ചു. അത് വളരെ പ്രയാസമുണ്ടാക്കി,' ശ്രീലേഖ പറഞ്ഞു.
അതേസമയം, സംവിധായകന് രഞ്ജിത്തിനെതിരെയുള്ള ആരോപണത്തില് നീതിപൂര്വം അന്വേഷണം നടത്തണമെന്ന് നടി ഉര്വശി റിപ്പോര്ട്ടറിനോട് പറഞ്ഞു. മുഖ്യമന്ത്രി ഉചിതമായ നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും അവര് കൂട്ടിച്ചേര്ത്തു. നടിയുടെ ആരോപണം സാക്ഷികളില്ലെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ല. തന്നോട് ആരും ഇതുവരെ മോശമായി പെരുമാറാത്തത് തന്നെ സംരക്ഷിക്കാന് കുടുംബമടക്കം ഉണ്ടായിരുന്നതുകൊണ്ടാണ്. അന്യഭാഷകളിലുള്ളവരോട് ഇവിടെ ഇങ്ങനെയല്ല എന്ന് പറയേണ്ടിവരികയാണെന്നും അവര് പറഞ്ഞു.
രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ സ്ത്രീപക്ഷ പ്രവര്ത്തകര് രംഗത്തെത്തി. 23 പേര് ഒപ്പുവെച്ച പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. പൊതു സമൂഹത്തോടും മാധ്യമ സമൂഹത്തോടും അധികാരഗര്വ്വോടും ധാര്ഷ്ട്യത്തോടുമുള്ള രഞ്ജിത്തിന്റെ ഇടപെടലുകള് കുപ്രസിദ്ധമാണെന്നും തൊഴില് ചെയ്യാന് വന്ന സ്ത്രീയോട് അവരുടെ അന്തസിനേയും അഭിമാനത്തേയും ക്ഷതമേല്പിച്ചുകൊണ്ട് നടത്തിയ അതിക്രമമാണ് വൈകിയെങ്കിലും പുറത്തായതെന്നും പ്രസ്താവനയില് പറയുന്നു.