ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തൽ നടത്തുന്നവർക്ക് പിന്തുണയുമായി മന്ത്രി വീണാ ജോർജ്. പരാതി മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ കൃത്യമായ നിലപാടുമായി മുന്നോട്ടു പോകും. തെറ്റ് ചെയ്തിട്ടുള്ള ഒരാളെയും സർക്കാർ സംരക്ഷിക്കില്ല. മുഖ്യമന്ത്രി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. രഞ്ജിത്തിനെതിരായി പരാതി ഉന്നയിച്ച നടി പരാതിയുമായി മുന്നോട്ടു പോവുകയാണെങ്കിൽ എല്ലാ പിന്തുണയും സർക്കാർ നൽകും. തെറ്റ് ചെയ്ത ഒരാളെയും സർക്കാർ സംരക്ഷിക്കില്ല എന്നുള്ളത് അസന്ദിഗ്ധമായ കാര്യമാണെന്നും വീണാ ജോർജ്ജ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാർ തന്നെയാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. റിപ്പോർട്ടിലെ കാര്യങ്ങൾ പഠനവിധേയമാക്കണമെന്ന് തീരുമാനിച്ചിരുന്നു. റിപ്പോർട്ടിൻമേൽ കൂടുതൽ നടപടികൾ ആവശ്യമുണ്ടെങ്കിൽ അത് സ്വീകരിച്ച് തന്നെ സർക്കാർ മുന്നോട്ടു പോകും. പരാതി നൽകാൻ ആഗ്രഹിക്കുന്നവർക്ക് പൂർണ്ണപിന്തുണ സർക്കാർ നൽകും ഒരു സംശയവും വേണ്ടെന്നും തെറ്റ് ആര് ചെയ്താലും അവർ സംരക്ഷിക്കപ്പെടില്ലെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
സംവിധായകൻ രഞ്ജിത്തിനെതിരായ ആരോപണത്തിലെ നിജസ്ഥിതി പരിശോധിക്കണമെന്ന് മന്ത്രി ആർ ബിന്ദുവും ആവശ്യപ്പെട്ടിരുന്നു. തീരുമാനം എടുക്കേണ്ടത് സാംസ്കാരിക വകുപ്പാണെന്നും മന്ത്രി പറഞ്ഞു. ലൈംഗികാരോപണം നേരിടുന്ന രഞ്ജിത്തിന് പ്രതിരോധം തീർത്ത് സജി ചെറിയാൻ രംഗത്തെത്തിയതിന് പിന്നാലെയാണ് സാംസ്കാരിക വകുപ്പ് മന്ത്രിയെ തിരുത്തി ആർ ബിന്ദുവിന്റെ പ്രതികരണം.സിനിമാ മേഖല കാലങ്ങളായി അധമമായ അധികാരം നിലനിൽക്കുന്ന മേഖലയാണ്. സർക്കാരിന് സ്ത്രീകളുടെ കാര്യത്തിലുള്ളത് പോസിറ്റീവ് നിലപാടാണ്. നടിമാർക്ക് ആദ്യകാലം മുതൽ നേരിടേണ്ടി വരുന്നത് ദുരനുഭവങ്ങളാണെന്നും മന്ത്രി പറഞ്ഞു.