കൊച്ചി: സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ഡിജിപിക്കും സാംസ്കാരിക മന്ത്രിക്കും പരാതി നൽകി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വൈശാൽ കല്ലാട്ട്. രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും കേസെടുക്കണമെന്നും ആവശ്യപെട്ടാണ് പരാതി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ, രഞ്ജിത്ത് അപമര്യാദയായി പെരുമാറിയതായി ആരോപിച്ച് ബംഗാളി നടി ശ്രീലേഖ മിത്ര രംഗത്തെത്തിയിരുന്നു. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത്ത് വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്പർശിച്ചതായും മുടിയിൽ തലോടിയതായും ശ്രീലേഖ മിത്ര കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
രഞ്ജിത്ത് രാജിവെക്കണമെന്നും സംവിധായകനെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷത്തിന് പുറമെ സിപിഐ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. രഞ്ജിത്തിനെതിരായ ആരോപണം അന്വേഷിക്കണമെന്ന് സിപിഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടു. യുവതിയുടെ വെളിപ്പെടുത്തലിന്റെ പ്രാധാന്യം ഗൗരവത്തിലെടുത്ത് പരിശോധിക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു.
എന്നാൽ ‘പാലേരി മാണിക്യ’ത്തിൽ അഭിനയിക്കാനല്ല ഓഡിഷനുവേണ്ടിയാണ് ശ്രീലേഖയെ വിളിച്ചുവരുത്തിയതെന്നും അവരുടെ പ്രകടനം തൃപ്തികരമായി തോന്നാത്തത് കൊണ്ട് തന്നെ തിരിച്ചയച്ചുവെന്നും മറ്റ് ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും രഞ്ജിത്ത് പ്രതികരിച്ചിരുന്നു. എന്നാൽ രഞ്ജിത്തിന്റെ പ്രതികരണം വന്നെങ്കിലും രഞ്ജിത്തിനെതിരെ നടപടിയെടുക്കണമെന്നും കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമാവശ്യപ്പെട്ട് ചലച്ചിത്ര മേഖലയിൽ നിന്നുള്ളവർ തന്നെ രംഗത്തെത്തി. രഞ്ജിത്ത് പ്രഗത്ഭനായ കലാകാരനെന്നും ആരോപണത്തിനപ്പുറം പരാതിയുണ്ടെങ്കില് മാത്രം നടപടിയെന്നുമായിരുന്നു സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ നിലപാട്. ഇതിനെതിരെയും വ്യാപക പ്രതിഷേധം സിനിമക്കകത്തും പുറത്തും നിന്നുണ്ടായിരുന്നു.
'റൂമിലേക്ക് വിളിച്ചുവരുത്തി, കഴുത്തിലും മുടിയിലും തലോടി'; സംവിധായകൻ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണം