തിരുവനന്തപുരം: ഫെഫ്ക ഘടക സംഘടനകള്ക്ക് അയച്ച കത്തിൽ ഡബ്ല്യുസിസി സ്ഥാപക അംഗം ബീന പോളിനെതിരെ രൂക്ഷ വിമർശനം. ബീന പോൾ ഫെഫ്കയിൽ അംഗമായി തുടരുകയും പ്രതിമാസ പെൻഷൻ കൈപ്പറ്റുകയും ചെയ്യുന്നുണ്ട്. ആരോഗ്യ സുരക്ഷാ പദ്ധതിയിലും അവർ അംഗമാണ്. എന്നിട്ടും എതിർക്കപ്പെടേണ്ട സംഘടനയായി ഫെഫ്കയെ കണക്കാക്കുന്നത് ഇരട്ടത്താപ്പാണെന്നും ഫെഫ്കയുടെ കത്തിൽ കുറിക്കുന്നു. ആദരണീയരായ അംഗങ്ങളിൽ നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിക്കാൻ ആവില്ലല്ലോ എന്നും കത്തിൽ പറയുന്നു.
അതേസമയം ഹേമകമ്മിറ്റി റിപ്പോർട്ട് സിനിമ മേഖലയിൽ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ ബീന പോൾ പറഞ്ഞു. കേരളത്തെ മാത്രമല്ല ഇന്ത്യയെ തന്നെ ഹേമ കമ്മിഷൻ റിപ്പോർട്ട് കാര്യമായി ബാധിച്ചിട്ടുണ്ട്. സിനിമ മേഖലയിലുള്ളവരെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്, സ്ത്രീകളെ സ്ത്രീകൾക്കെതിരെയാക്കാനാണ് ചിലർ ശ്രമിക്കുന്നത്. നടിമാർ ഉയർച്ചയിലെത്തിയത് കോംപ്രമൈസിന് തയ്യാറായതു കൊണ്ടാണെന്നാണ് ചിലരുടെ കണ്ടെത്തൽ. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ഇത്. സെൻസേഷണലാക്കാനുള്ള ശ്രമമാണെന്നും ബീന പോൾ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നീണ്ട മൗനം പിൻവലിക്കാനൊരുങ്ങുകയാണ് ഒടുവിൽ ഫെഫ്ക. ഫെഫ്കയുടെ ഘടക യൂണിയനുകൾ റിപ്പോർട്ട് വിശകലനം ചെയ്യും. സ്ത്രീ സുരക്ഷ സംബന്ധിച്ച പ്രശ്നങ്ങൾക്കും ഫെഫ്കയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും ഊന്നൽ നൽകിയാകും റിപ്പോർട്ട് വിശകലനം ചെയ്യുക. ഇത് സംബന്ധിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ഘടക യൂണിയനുകൾക്ക് കത്തയച്ചു. ലൈംഗികാതിക്രമത്തെ കുറിച്ചും ചൂഷണത്തെക്കുറിച്ചും വനിതാ സഹപ്രവർത്തകർ നടത്തിയ തുറന്നുപറച്ചിലുകൾ ഞെട്ടിക്കുന്നതാണെന്നും ഫെഫ്ക കൂട്ടിച്ചേർത്തു. വിശകലന റിപ്പോർട്ട് ചർച്ച ചെയ്യാൻ ഓഗസ്റ്റ് 31, സെപ്റ്റംബർ 1, 2 തീയതികളിൽ ഫെഫ്ക യോഗം ചേരും.
ലിംഗ നീതിയും സ്ത്രീസുരക്ഷയും ഉറപ്പാക്കാൻ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കുന്ന കാലത്തിൽ നിന്ന് സാഹചര്യം ഏറെ മാറിയിട്ടുണ്ടെങ്കിലും നിരന്തരമായ തിരുത്തലുകൾ ആവശ്യമാണെന്നും കത്തിൽ പറയുന്നു. അതിജീവിതമാർ ധീരതയോടെ മുന്നോട്ടുവന്ന് നിയമ നടപടിയുടെ ഭാഗമാകണമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്ന ലൈംഗിക അക്രമങ്ങളിൽ ഉൾപ്പെട്ടവർ, അവരെത്ര ഉന്നതർ ആയാലും നിയമ നടപടികളിലൂടെ കടന്നുപോവുകയും ശിക്ഷിക്കപ്പെടുകയും വേണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഡബ്ല്യൂസിസി അംഗങ്ങൾ ആയതുകൊണ്ട് മാത്രം സിനിമയിൽ നിന്ന് മാറ്റിനിർത്തപ്പെടുന്നുണ്ടെങ്കിൽ അത് ഗുരുതരമായ പ്രശ്നമാണ്. അതിൽ കൃത്യമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. 2018 - 24 കാലത്ത് ഡബ്ല്യൂസിസി അംഗങ്ങൾ അഭിനയിച്ച ചിത്രങ്ങളുടെ എണ്ണം തിട്ടപ്പെടുത്തണം. ഡബ്ല്യൂസിസിയോട് ഫെഫ്കക്ക് സങ്കുചിതവും ശത്രുതാപരവുമായ സമീപനം ഇല്ലെന്നും കത്തിൽ പറയുന്നു.
'പോക്സോ ചുമത്തണം'; സിദ്ദിഖിനെതിരെ പൊലീസിൽ പരാതി