തിരുവനന്തപുരം: എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സിദ്ദിഖ് രാജിവെച്ചത് യുവനടിയുടെ ലൈംഗികാരോപണത്തിന് പിന്നാലെയെന്ന് വൈസ് പ്രസിഡന്റ് ജയൻ ചേർത്തല റിപ്പോർട്ടറിനോട് പറഞ്ഞു. പവർ ഗ്രൂപ്പ് എന്നതെല്ലാം മാധ്യമങ്ങളിൽ നിന്നും പഠിക്കുകയാണ്. വിഷയത്തിൽ വ്യക്തമായ അറിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം യുവനടിയുടെ ആരോപണത്തിൽ നടപടിയെടുക്കണ്ടേ എന്ന ചോദ്യത്തിന് ജയൻ മറുപടി നൽകിയില്ല.
അൽപസമയത്തിന് മുൻപാണ് എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സിദ്ദിഖ് രാജിവെച്ചത്. ഇന്ന് എഎംഎംഎ അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേരുന്നുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സ്വമേധയ രാജിവെക്കുകയാണെന്നാണ് സിദ്ദിഖ് അറിയിച്ചു. രാജിക്കത്ത് എഎംഎംഎ പ്രസിഡൻ്റ് മോഹൻലാലിന് കൈമാറി കൈമാറി. 'എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ താങ്കളുടെ ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തിൽ “അമ്മ” യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാൻ സ്വമേധയാ രാജി വെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ', എന്നാണ് രാജിക്കത്തിലെ പരാമർശം.
പ്ലസ് ടു പഠിക്കുന്ന സമയത്താണ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയതെന്നും 2019ൽ തന്നെ ഇക്കാര്യം പൊതു സമൂഹത്തിൽ തുറന്നുപറഞ്ഞിട്ടുണ്ടെന്നും നടി രേവതി സമ്പത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയിൽ നിന്നും മാറ്റി നിർത്തപ്പെട്ടെന്നും അവർ കൂട്ടിച്ചേർത്തു. സിദ്ദിഖ് ഇപ്പോൾ പറയുന്നതെല്ലാം കള്ളമാണെന്നും താനടക്കമുള്ള എല്ലാ അതിജീവിതമാരോടും ചെയ്തിരിക്കുന്നത് ബലാത്സംഗമാണെന്നും അവർ പറഞ്ഞു. സ്വയം കണ്ണാടി നോക്കിയാൽ അദ്ദേഹത്തിന് ക്രിമിനലിനെ കാണാമെന്നും രേവതി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനും തുടർന്നുള്ള പ്രതികരണത്തിനും പിന്നാലെ എഎംഎംഎയ്ക്കും സിദ്ദിഖിനുമെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് സംവിധായകൻ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര രംഗത്തെത്തിയത്. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറയുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര വിവിധ മാധ്യമങ്ങളോട് പറഞ്ഞു.
വിഷയത്തിൽ രഞ്ജിത്തിന്റെ രാജി ഇന്നുണ്ടായേക്കും. ആരോപണ വിധേയനെ അക്കാദമി അധ്യക്ഷസ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് പ്രതിച്ഛായയെ ബാധിക്കും എന്ന് തിരിച്ചറിയുന്ന സർക്കാർ രാജിയാവശ്യപ്പെടാനാണ് സാധ്യത. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിന് ബുദ്ധിമുട്ടുണ്ടാക്കി തുടരുന്നത് ഗുണകരമല്ലെന്ന് രഞ്ജിത്തിനെയും ബോധ്യപ്പെടുത്തിക്കൊണ്ടാവും രാജി ആവശ്യപ്പെടുക.